രചന : ബിനു. ആർ. ✍️
കുശുമ്പുകുന്നായ്മകൾ കാട്ടിൽക്കയറുംനേരം
കുറുമ്പന്മാരെല്ലാം കുറിക്കുചൊല്ലിനാട്ടിലെത്തി.
കുട്ടവഞ്ചിയിലലസരായ് ഊരുചുറ്റിയവർ
കൂടുംകുടുക്കയുമായ് കാട്ടിൽ പറിച്ചുനട്ടു.
സ്വൈര്യവിഹാരം നടത്തിയവർ മൃദുകാടർ
സ്വൈര്യതയില്ലാതെകാട്ടിൽ കലമ്പലിലായ്
സ്ഥയ്ര്യം കിട്ടാതുഴറിയവർ നാൽക്കാലികൾ
സ്വസ്ഥംതേടി കാടിറങ്ങി നാട്ടിലെത്തിപ്പോയ്.
നാടുംകാടും കാടുംനാടുമായ് ഇരുകാലി-
ക്കലമ്പലുകൾ ഹരിതംനിറയും ഇരുളിലെത്തി
ഇരുളിൻപകലുകൾ നേരറിയെ പകച്ചുപോയ്
പരമാർത്ഥമറിയാജന്തുജാലം ചിതറിപ്പോയ്.
കാടുകയറിയവർ വമ്പർ കാടുകൾ നാടാക്കവേ,
കാടിറങ്ങിയവർ നാട്ടിൽ കാടിന്മഹിമതേടി
കാട്ടാറിൻ ശബ്ദകോലാഹലങ്ങൾ തേടി,
മർത്യന്റെ വായ്ത്താരികേട്ടു മനംപിരണ്ടു.