വിഷാദത്തിന്റെ കമ്പിളി മേഘം
ചുറ്റിലും പൊതിയുന്നു..
മൗനം മഞ്ഞു പോലെ
ഉറഞ്ഞിരിക്കുന്നു..
ഇടനെഞ്ചിൽ ഒരു വലിയ
ഭാരം പതിഞ്ഞിരിക്കുന്നു
കരയുവാൻ കഴിയാതെ
കണ്ണുകൾ മിഴിച്ചിരിക്കുന്നു
പൂക്കളുടെ നിറവും മണവും
മാഞ്ഞു പോയിരിക്കുന്നു.
ദിനങ്ങളെല്ലാം ഒരു പോലെയാകുന്നു..
മടുപ്പിന്റെ ചുഴികളിൽ
പ്രതീക്ഷകൾ പൊലിയുന്നു..
ഒരു ചൊടിയിൽ മൗനത്തിന്റെ ആഴവും
മറു ചൊടിയിൽ ശൂന്യതയുടെ
കനവും
ജീവിതം മരണത്തിന്റെ
നൂൽപ്പാലം കടക്കുന്നു..
വിഷാദം മന്ത്രിക്കുന്നു
“”ഇനി നമുക്ക് മതിയാക്കാം..!!”
പുരുഷാരം പറയുന്നു
‘”നിനക്കൊന്നുമില്ല..!””
വിഷാദത്തിന്റെ കട്ടിപ്പുതപ്പിൽ
അതിന്റെ തുന്നലുകൾക്കിടയിൽ
നേർത്ത ഒരു വിള്ളൽ കാണാനാകുന്നു
അതിൽ കൂടി അരിച്ചിറങ്ങുന്ന ഉച്ചസൂര്യൻ
അതിലൂടെ ഒരു നോട്ടം, ഒരു സ്വർഗ്ഗം
ഒരു നിമിഷത്തിന്റെ ഉണർവ്വ് പോലെ.
ഒരു ചെറിയ കനൽ പോലെ
ഈ തിരി നമുക്ക് കത്തിച്ച് നിർത്താം
കനലൂതിയൂതി അതിനെയൊരു സൂര്യനാക്കാം..!!

പി. സുനിൽ കുമാർ

By ivayana