രചന : തോമസ് കാവാലം.✍️
അത്രമേൽ സ്നേഹിച്ചു നിന്നെ ഞാനെങ്കിലും
ഇത്രമേൽ തന്നു നീ വേദന മാത്രമാം
അത്രമേൽ വിശ്വസിച്ചന്നു ഞാനെങ്കിലും
ഇത്രമേൽവഞ്ചന തന്നതെൻ വേദന
പരിഗണനകൾകൊണ്ടു പൊതിഞ്ഞു ഞാൻ
അവഗണനകൾതേടി മടുത്തു ഹ!
പങ്കുവെച്ചു ഞാനെന്നെയു, മെന്നാകിലും
ചങ്കുനൽകിയില്ലെന്നു നിൻ പരിഭവം.
നാളുകളെത്രയോ തന്നുപദ്ദേശങ്ങൾ
നാളിതുവരെയും തന്നില്ല കർണ്ണങ്ങൾ
കത്തിരുന്നു ഞാനെത്രയോ ദിനങ്ങളായ്
ഓർത്തതുമില്ല നീ വില നൽകീടുവാൻ.
സഹിച്ചു സഹിച്ചു സഹികെട്ടെങ്കിലും
സ്വൽപവും തന്നില്ല ദയ നീയെനിക്കായ്
പണിപ്പെട്ടശ്രാന്തമെങ്കിലുമെ ന്നും നീ
തുണനൽകിയില്ല വാക്കിനാൽ പോലുമേ.
വിട്ടുകൊടുത്തു ഞാൻ ഉള്ളതും ഉള്ളവും
കിട്ടിയില്ലൊട്ടും മുതലും പലിശയും
കണ്ടില്ലെന്നുനടിച്ച നിന്നപരാധം
കാണാമറയത്തായാ വർത്തിച്ചില്ലയോ?
കീഴ്പ്പെട്ട ജീവിതം കൊണ്ടു കഴിയിലും
താഴ്ത്തിക്കെട്ടി നീ ശുനകനെയെന്നപോൽ
താഴ്മയോടെന്നെ നീ താങ്ങിയില്ലെങ്കിലും
താഴെവീഴാതെഞാൻ കാത്തു നിൻ മാനസ്സം
എങ്കിലും മിത്രമേ!എങ്ങനെ നിന്നെ ഞാൻ
പങ്കിലമാനസ്സനെന്നു വിളിച്ചിടും!
വിശ്വസിച്ചീടുക മാത്രമാണുത്തമം
വിശ്വസാഹോദര്യമെന്നു വിളിച്ചിടാം.
