ഉത്രാടമുദിച്ചുണ്ണികൾ
ഉച്ചത്തിലാർത്തുവിളിച്ചു
ഉദയദിവാകരശോണിമയാൽ
ഉലകം ഉത്രാടശോഭനിറച്ചു
ഉത്തരമില്ലാത്തൊരാചോദ്യംപേറി
ഉത്രാടപ്പാച്ചിലിലമ്മയുഴറുവതല്ലോ
ഉലയിൽ വെന്തൊരുലോഹം പോൽ
ഉണ്മയാമമ്മയും പൊള്ളിപ്പഴുത്തു
ഉച്ചിപൊള്ളി വിയർത്തൊരച്ഛൻ്റെയദ്ധ്വാനം
ഉയിരാമുണ്ണികൾ തൻമനംനിറയ്ക്കേണം
ഉള്ളതുകൊണ്ടൊരോണമൊരുക്കേണം
ഉത്രാടമസ്തമിക്കുകിൽപ്പിറക്കും തിരുവോണം
ഉത്തമരാംസൗഹൃദങ്ങൾ തിരുവോണത്തിൽ
ഉടയാത്തുടയാടകളണിഞ്ഞെത്തീടവേ
ഉള്ളതിൽ കേമമാം തിരുവോണക്കോടി
ഉണ്ണികൾക്കണിയുവാൻക്കരുതിടേണം
ഉമ്മറത്തിണ്ണയിലമ്മതൻചിരി
ഉത്രാടവിളക്കുപോലെ
ഉത്രാടപ്പൂക്കളത്തിൽ
ഉത്രാടനിലാവുതെളിഞ്ഞു.

ബി സുരേഷ്

By ivayana