പഠിപ്പിസ്റ്റുകൾക്ക്
പിൻബെഞ്ചുകാരെ പുച്ഛമാണ്.
അദ്ധ്യാപകരുടെ ലാളനയിലും
പരിഗണയിലും
അവർ ചീർത്തു.
ഉത്തരമില്ലാത്തവരുടെ കൂടെ
വൈകിവന്ന് വരാന്തയിൽ
നിൽക്കുന്നവരുടെ കൂടെ
ഞാനെന്നുമുണ്ട്.
യുവജനോത്സവമാകട്ടെ,
പഠിപ്പിസ്റ്റുകൾക്കുള്ളത്
നാടകത്തിലും ഒപ്പനയിലും
കരുതിവെച്ചിട്ടുണ്ട്.
,കുരുത്തംകെട്ടവർ ഞങ്ങൾ
ദേശഭക്തി ഗാനം സംഘം ചേർന്ന് പാടും.
പഠിപ്പിസ്റ്റുകളെ കവിതയെഴുതാൻ
നിർബന്ധിക്കുന്ന ടീച്ചന്മാരെ കാണാം
അവർ കണ്ണട തുടച്ച്
ചിരിച്ചൊഴിയും
ഏഴിലൊരാളാവാൻ
കൊതിച്ചു നിൽക്കുന്നവരെ
റിഹേഴ്സൽ കാണാൻവരെ കൂട്ടില്ല.
ചെടികൾക്ക് നനക്കാൻ
പട്ടി കിണറ്റിൽ വീണാൽ
പൊട്ടിയ ഓട് മാറ്റാൻ
കുമ്മായത്തിൽ ട്രാക്ക് വരക്കാൻ
കുട്ടികളെ കയറ്റാത്ത ബസ് തടയാൻ
പിൻബെഞ്ചുകാർ തന്നെ വേണം
റീയൂണിയന്
പഠിപ്പിസ്റ്റുകൾ ഇത് വരെ എത്തിച്ചേർന്നിട്ടില്ല
പിൻബെഞ്ചുകാർ
തോരണം തൂക്കുന്ന
ഭക്ഷണമൊരുക്കുന്ന തിരക്കിലാണ്.

അഹ്‌മദ് മുഈനുദ്ദീൻ.

By ivayana