രചന : അൽഫോൻസ മാർഗറ്റ് ✍️
അത്തം പത്താം നാൾ ഓണമല്ലോ
ആർപ്പുവിളികളും കുരവയുമായ്
മാവേലിമന്നനെ ആനയിക്കും
മലയാള നാടിൻ തിരുവോണമല്ലോ …
ഓർമ്മയിലിന്നും പൂക്കളം തീർക്കുന്നു
ബാല്യം കുളിർപ്പിച്ചോരോണനാളും
ഓരോ തൊടിയിലും പൂക്കൾതേടി
കയറിയിറങ്ങി നടന്നകാലം…
പച്ചിലക്കുമ്പിളിൽ കൊച്ചരി പൂവുകൾ
നുളളിപ്പറിച്ചു നിറച്ചകാലം …
ചേമ്പിലക്കുമ്പിളിൽ തുമ്പപ്പൂവും
താമരക്കുമ്പിളിൽ കാക്കപ്പൂവും
ചങ്ങാതിമാരൊത്തുപാട്ടുംപാടി
പൂക്കൂട നിറയെ പറിച്ചുകൂട്ടി …
തോട്ടിലെ ആമ്പൽപ്പൂ പറിക്കാൻ
തേവൻ കിടാത്തനെ കൂടെ കൂട്ടി….
പൊന്നോണത്തപ്പനു തറയും തീർത്ത്
കുരുത്തോലത്തോരണം നീളെയിട്ട്
മത്സരിച്ചുള്ളൊരാ പൂക്കളച്ചന്തവും
കൂട്ടുകാരൊത്തുള്ളൊരാർപ്പുവിളിയും
ഓർമ്മയിലിന്നും വാടാതിരിക്കുന്നു
നാട്ടുപൂക്കൾ നിറഞ്ഞ പൂവട്ടിയും
പൂക്കളച്ചന്തവും പൂവിളിയും
തിരുവോണനാളുമെൻ കൂട്ടുകാരും
നാനാതരം പൂക്കൾ വാടാതെ സൂക്ഷിച്ചു
പിറ്റേന്നു പൂക്കളം തീർത്ത കാലം
ആ നല്ല ബാല്യമിന്നെങ്ങോ കടന്നുപോയ്
ആ നല്ലൊരോണക്കാലവും പോയ്
🏵️🌺🌹💐🪻🌸
