രചന : മറിയ ശബ്നം ✍️
നിശീഥിനിയുടെ
നിശ്ശബ്ദ തെരുവോരം
നിലാവിന്റെ
നീല മേലാടയണിയുന്നു
വസന്തോത്സവത്തിന്റെ നിഴൽകൂത്തിഴയുന്നു
കാറ്റൊരു
കവിത
മൂളുന്നു
കാട്ടുപൂവിന്റെ
കുത്തുന്ന ഗന്ധത്താൽ
ദലമർമ്മരങ്ങൾ
ശ്രുതി ചേർത്തു
ചൊല്ലുന്നു.
പതിയെ അടർന്നോ- രിലത്താളമൊഴുകുന്നു.
പരിഭവമില്ലാതെ
നിലത്തോട് ചേരുന്നു.
കളകൂജനങ്ങൾ തൻ
രതിമേളമുണരുന്നു.
ദേശാടനപ്പക്ഷി
വിരുന്നു കുറി തിരയുന്നു.
ഏകാന്തയാമത്തിൻ
ഇരിപ്പിടം തേടി
ആത്മാക്കളൊഴുകി
അലസമായെത്തുന്നു
പ്രകൃതി പ്രണയത്തിൻ
വിത്തുകൾ വിതറുന്നു.
മുളപൊട്ടി വളർന്നത്
പാതിയെ തേടുന്നു.
ഉന്മാദഘോഷത്തിൻ
കോടിയേറ്റമുയരുന്നു
മിഴി പാതി ചിമ്മിയ
കുസൃതികൾ നിറയുന്നു.
പകലോന്റെ മിഴികൾ
പിടഞ്ഞൊരു നേരത്തു
നക്ഷത്ര വിളക്കുകൾ
തിരി താഴ്ത്തി മങ്ങുന്നു.💕

