പുറകെ വന്നവരാരാണ്
മുന്നെ പോയവരാരാണ്
ഒന്നോരണ്ടോ തലമുറ പോയാൽ
മറക്കും നാമാ നാമങ്ങൾ
കയ്യ് പിടിച്ച് നടത്തിയവർ
കണ്ണിൽ വെളിച്ചം തൂകിയവർ
കഥകൾ പറഞ്ഞും വ്യഥകൾ മറന്നും
രുചികൾ പകർന്നു നൽകിയവർ
ഒന്നോ രണ്ടോ തലമുറ പോയാൽ
മറക്കും നാമാ നാമങ്ങൾ.
തോളത്തേറ്റി നടന്നവര്
കാണും കളികൾ രസിച്ചവര്
തോരാമഴയത്തോടി ഇറങ്ങി
തോരണമായി മാറിയവർ
കവിളിൽ മുത്തം തന്നവര്
കരയരുതെന്നു പറഞ്ഞവര്
കാണാമറയത്തെന്നും നിൻ്റെ
കാവലാണെന്നോതിയവർ
ഒരുവിളി ദൂരത്തെന്നും നിൻ്റെ
ചാരത്തുണ്ടെന്നോതിയവർ
സ്വപ്നം കണ്ട് ഭയന്ന നേരം
നെഞ്ചിൽ ചേർത്തണച്ചവര്.
ഒന്നോ രണ്ടോ തലമുറ പോയാൽ
മറക്കും നാമാ നാമങ്ങൾ.
തന്നവരെ നാം മറന്നിടുമോ
തരാത്തവരെ നാം ഓർത്തിടുമോ
തഴുകി തഴുകി പോയൊരു കാറ്റിൽ
കാലം തന്നെ മറന്നിടുമോ
അപരിചിതരായവർ ആരാണ്
അരികെ വന്നവരാരാണ്
അടയാളങ്ങൾ കാട്ടി തന്നും
അൻപു പകർന്നവരാരാണ്.
കല്ലിൽ കൊത്തിയ ലിഖിതങ്ങൾ
കാണാൻ ആരുണ്ടിവിടങ്ങൾ
കാണാകാഴ്ചകൾക്കപ്പുറമവിടെ
കാണും നാം വൻ സൗധങ്ങൾ
പുറകെ വന്നവരാരാണ്
മുന്നെ പോയവരാരാണ്
ഒന്നോ രണ്ടോ തലമുറ പോയാൽ
മറക്കും നാമാ നാമങ്ങൾ.

ഷാനവാസ് അമ്പാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *