രചന : ഷാജ്ല ✍
കാലം എന്നും നിശ്ചലമായിരുന്നു.!!! മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം, ആവർത്തനങ്ങൾ മാത്രം ബാക്കി.!!!
പണ്ഡിതനെന്നോ, പാമരനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ നോക്കാതെ സർവ്വതും നശിപ്പിച്ച പ്രളയം.!!!
ദയ പകുത്ത് നൽകിയിട്ടില്ലാത്ത ഒരു തെരുവ് ഗുണ്ടയെപ്പോലെ അർത്തലച്ചു വന്നമഴ. ചിറ്റാരിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങി. അമ്മിണിക്കുട്ടി കൊടുത്ത കട്ടൻകാപ്പിയും ഉതിക്കുടിച്ച് കൃഷ്ണൻകുട്ടിച്ചേട്ടൻ മഴയും, പുഴയും നോക്കി ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു. കൃഷ്ണൻകുട്ടിച്ചേട്ടന് വയസ്സ് എൺപതിന് മേലെ. അമ്മിണിയെ കെട്ടിക്കൊണ്ടുവന്നിട്ട് അറുപത് കൊല്ലം. ഒരു മകനുണ്ടായിരുന്നു, കൊല്ലങ്ങൾക്ക് മുന്ന് മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ ചിറ്റാരിപ്പുഴയിൽ വള്ളം മുങ്ങി മരിച്ച നാലുപേരിൽ മകനും മരണപ്പെട്ടു. പാറക്കാട്ട് തറവാട്ടിലെ കാര്യസ്ഥനായിരുന്നു. അവരുടെ ദാനമായിരുന്നു പുഴയോരത്തെ പത്ത് സെന്റ് സ്ഥലവും ഈ വീടും. തലമുറ മാറ്റം കാര്യസ്ഥപ്പണി ഇല്ലാതാക്കി.
ദൈവത്തിന്റെ കുബേര, കുചേല ജാതകത്തിൽ മനുഷ്യരെ നിർമിക്കുന്ന പ്രക്രിയയിൽ കുചേല ജാതകവുമായി പിറന്നവരാണ് കൃഷ്ണൻകുട്ടിച്ചേട്ടനും, അമ്മിണിക്കുട്ടിയും. ഗർഭപാത്രത്തിൽ പ്രവേശിച്ചത് മുതൽ വിധി അവരുടെയും വിധിയായി മാറി. ജീവിതം ഒരു നൂൽപ്പാലത്തിലൂടെ ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ടവർ. വാർധക്യ പെൻഷനും പത്ത് സെന്റിലെ തെങ്ങിൽനിന്ന് കിട്ടുന്നതും കൊണ്ട് പൊത്തിലെ പാമ്പിനെപ്പോലെ ജീവിക്കുന്നു. രണ്ട് കിടപ്പ് മുറികളും, അടുക്കളയും, ഇടനാഴിയും, ഉമ്മറക്കോലായയും ഉള്ള തട്ടുള്ള ഒരു ഓടുവീട്. പുരാവസ്തു പോലെ വീടിനും വാർധക്യം പിടിപെട്ടു. പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ, വർഷങ്ങളായി കുമ്മായം പൂശിയിട്ട്. അവകാശികൾ ഇല്ലാതാകുന്നതിനെ പരിപാലിക്കേണ്ടെന്ന് കൃഷ്ണൻ കുട്ടിച്ചേട്ടനും കരുതിക്കാണും. ഒറ്റപ്പെടലിന്റെ വേദയോർക്കുമ്പോൾ, “ഒരുമിച്ചു മരിക്കാൻ വിധിയുണ്ടാവണേ എന്ന് എപ്പഴും പ്രാർത്ഥിച്ചിരുന്നു”.
ഇരുട്ടിയിട്ടും മഴ പെയ്തുകൊണ്ടേയിരുന്നു. കറന്റ് പോയിട്ട് രണ്ടുദിവസമായി. അമ്മിണിക്കുട്ടി ഉമ്മറത്ത് ചിമ്മിനി കത്തിച്ചു വെച്ചു. പറമ്പിലും വെള്ളം കയറിയിരിക്കുന്നു. ഒഴുക്കിന്റെ താളത്തിലുള്ള ശബ്ദം അമ്മിണിക്കുട്ടി കേട്ടു. വിളിച്ചാൽ വിളികേൾക്കുന്നിടത്തൊന്നും വീടുകൾ ഇല്ല. പുറത്തേക്ക് നോക്കുമ്പോൾ കട്ടപിടിച്ച ഇരുട്ട് മാത്രം.
അത്താഴം എടുത്തുവെച്ചു, അടുക്കളയിൽ മുട്ടിപ്പലകയിലിരുന്ന് രണ്ടുപേരും കഞ്ഞിയും, മുതിരപ്പുഴുക്കും കഴിച്ചു. കഴിച്ച പാത്രങ്ങളെല്ലാം കഴുകിവെച്ച് അടുക്കള വാതിലെല്ലാം ഭദ്രമായി പൂട്ടി. ഉമ്മറത്തെ ചിമ്മിനി വിളക്കെടുക്കുമ്പോൾ മുറ്റത്ത് വെള്ളം കയറിയത് നേരിയ വെളിച്ചത്തിൽ അമ്മിണിക്കുട്ടി കണ്ടു. വാതിലടച്ച് കിടപ്പുമുറിയിൽ വന്നപ്പോഴേക്കും കൃഷ്ണൻകുട്ടിച്ചേട്ടൻ കിടന്നിരുന്നു. കൃഷ്ണൻകുട്ടിച്ചേട്ടൻ കിടക്കുന്ന കട്ടിലിന് താഴെ പായവിരിച്ചു വിളക്കൂതി ജനൽപ്പടിയിൽ വെച്ച് അമ്മിണിക്കുട്ടിയും കിടന്നു. വാതിലെല്ലാം അടച്ചില്ലേ എന്ന കൃഷ്ണൻകുട്ടിച്ചേട്ടന്റെ ചോദ്യം പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിൽ ലയിച്ചു പോയി.
രാത്രിയിലെപ്പഴോ ശരീരം നനഞ്ഞപോലെ അമ്മിണിക്കുട്ടിക്ക് തോന്നി. പായയിൽ തപ്പി നോക്കി, പായ മുഴുവൻ നനഞ്ഞിരിക്കുന്നു. കട്ടിലിന്റെ ഓരത്ത് പിടിച്ച് അമ്മിണിക്കുട്ടി എണീറ്റു, ജനൽപ്പടിയിൽനിന്ന് ചിമ്മിണി വിളക്ക് തപ്പിയെടുത്തു. അടുപ്പിന്റെ വക്കത്ത് വെച്ചിരുന്ന തീപ്പെട്ടിയെടുക്കാനായി അടുക്കളയിലേക്ക് ഇരുട്ടിലൂടെ നടന്നു. തീപ്പെട്ടിയെടുത്ത് വിളക്ക് കത്തിച്ചു. അകത്തെല്ലായിടത്തും വെള്ളമുണ്ട്. പുറത്തെ വാതിൽപ്പാളികൾക്കിടയിലൂടെ വെള്ളം കനിഞ്ഞിറങ്ങിയിരുന്നു. ഒന്നും അറിയാതെ ഉറങ്ങിയിരുന്ന കൃഷ്ണൻകുട്ടിച്ചേട്ടനെ കുലുക്കി വിളിച്ചു. നിമിഷനേരം കൊണ്ട് വീടിനകത്ത് വെള്ളം കൂടാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ രണ്ടുപേരും പകച്ചുനിന്നു. കൃഷ്ണൻകുട്ടിച്ചേട്ടൻ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമം നടത്തി. പുറത്തുനിന്നുള്ള വെള്ളത്തിന്റെ തള്ളിച്ച കാരണം കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും വാതിൽ തുറന്നു.
ചപ്പും ചവറും, പ്ലാസ്റ്റിക് കവറുകളും, കുപ്പികളും അടക്കം പുറത്തു നിന്ന് വെള്ളം അകത്തേക്ക് തള്ളിക്കയറി വന്നു. കൃഷ്ണൻകുട്ടിച്ചേട്ടൻ വെള്ളത്തിന്റെ തള്ളിച്ചയിൽ പിന്നോട്ടൊന്നാഞ്ഞു. അമ്മിണിക്കുട്ടി ചിമ്മിനിവിളക്ക് മുറുകെ പിടിച്ച് ചുമരിനോട് ചേർന്ന്നിന്നു. അകത്ത് മുട്ടിനൊപ്പം വെള്ളമായി.
അതിവേഗത്തിൽ വെള്ളം ഉയർന്നു കൊണ്ടിരുന്നു. അരക്കൊപ്പം വെള്ളമായി, വീട്ടുസാധനങ്ങൾ വെള്ളത്തിനു മുകളിൽ ഒഴുകി നടക്കുന്നു. കിടപ്പുമുറിയിലെ അലമാരക്ക് മുകളിൽ വെച്ചിരുന്ന റേഷൻ കാർഡും, പെൻഷന്റെ പേപ്പറുകളടങ്ങിയ കവർ കൃഷ്ണൻകുട്ടിച്ചേട്ടൻ എടുത്ത് കയ്യിൽ പിടിച്ചു. വെള്ളം അതിവേഗം പൊങ്ങുന്നത് കണ്ട് അമ്മിണിക്കുട്ടിയുടെ കൈപിടിച്ച് കൃഷ്ണൻകുട്ടിച്ചേട്ടൻ തട്ടിൻപുറത്തേക്ക് കയറാൻ കിടപ്പ്മുറിക്കും, അടുക്കളക്കും ഇടയിലെ ഇടനാഴിയിലേക്ക് നടന്നു. ചിമ്മിനിവിളക്ക് ഉയർത്തിപ്പിടിച്ച് അമ്മിണിക്കുട്ടിയും. ഇടനാഴിയിൽ മൂലയിൽ ചാരിവെച്ച കോണിയിലേക്ക് കൃഷ്ണൻകുട്ടിച്ചേട്ടൻ ആദ്യം കയറി. എന്തോ മറന്നപോലെ അമ്മിണിക്കുട്ടി അടുക്കളയിലേക്ക് തിരിച്ചു നടന്നു. അടുക്കളയിലെ തിണ്ണയിൽ നിരത്തിവെച്ച ചെപ്പുകളിൽ ഒരെണ്ണം തുറന്ന് അതിൽനിന്നെന്തോ കൈവെള്ളയിലാക്കി മുറുകെപിടിച്ചു തിരിച്ച് കോണിക്കരികിലെത്തി.
എന്തിനാ പോയതെന്ന് കൃഷ്ണൻകുട്ടിച്ചേട്ടൻ ചോദിച്ചു :
അമ്മിണിക്കുട്ടി കൈവെള്ള നിവർത്തി കൃഷ്ണൻകുട്ടിച്ചേട്ടന്റെ നേരെ നീട്ടി. അരണ്ട ചിമ്മിനി വെളിച്ചത്തിൽ താൻ പണ്ട് കെട്ടിയ കൊളുത്ത് പൊട്ടിയ താലി കൈവെള്ളയിൽ കിടന്ന് തിളങ്ങുന്നുണ്ടായിരുന്നു. കൃഷ്ണൻകുട്ടിച്ചേട്ടൻ രണ്ട്പടി മുകളിലേക്ക് കയറി അമ്മിണിക്കുട്ടിയുടെ കയ്യിൽനിന്ന് ചിമ്മിനി വാങ്ങി തട്ടിൻപുറത്ത് വെച്ചു. അമ്മിണിക്കുട്ടിയുടെ കൈപിടിച്ചു പതുക്കെ മുകളിലേക്ക് കയറ്റി.
തട്ടിൻപുറത്ത് നിവർന്നു നിൽക്കാൻ കഴിയില്ല. കൊല്ലങ്ങളായി അങ്ങോട്ട് കയറി നോക്കിയിട്ട്. പഴയതും, ഉപയോഗമില്ലാത്തതും ഉപേക്ഷിക്കാനുള്ള സ്ഥലമായത് മാറിയിരുന്നു. മാറാലയും, പൊടിയും വേണ്ടുവോളം നിറഞ്ഞിരുന്നു.
കൂനിക്കൂടി രണ്ടുപേരും പഴയ സാധനങ്ങൾ നിക്കിവെച്ച് ഇരിക്കാൻ സ്ഥലമുണ്ടാക്കി.
ചിമ്മിനി വിളക്ക് മണ്ണണ്ണവറ്റി മങ്ങിത്തുടങ്ങി. വെള്ളത്തിലൂടെയുള്ള നടത്തം ശരീരം തണുത്ത് രണ്ടാളും വിറക്കാൻ തുടങ്ങി. പുറത്ത് മഴ നിലച്ചു. കൃഷ്ണൻകുട്ടിച്ചേട്ടൻ ഒന്ന് നിവർന്ന് മേൽക്കൂരയിലെ രണ്ട് ഓട് ഇളക്കിമാറ്റി, പട്ടികക്കിടയിലൂടെ തല പുറത്തേക്കിട്ട് എണീറ്റ് നിന്നു. ഓടിളക്കിമാറ്റി കാറ്റകത്ത് കയറിയപ്പോൾ കെടാൻ വെമ്പിനിന്ന ചിമ്മിനിവിളക്കണഞ്ഞു. എങ്ങും കൂരിരുട്ട്. ഇരമ്പുന്ന കടൽപോലെ പുഴയിലെ ഒഴുക്കിന്റെ ആരവം മാത്രം. എത്ര ഉച്ചത്തിൽ വിളിച്ചാലും കേൾക്കാൻ അടുത്തെങ്ങും ആരുമില്ല. തണുപ്പിൽ പല്ലിടിക്കുന്ന ശബ്ദവും, അമ്മിണിക്കുട്ടിയുടെ തേങ്ങലും കേട്ടു. കുനിഞ്ഞിരുന്ന് കൃഷ്ണൻകുട്ടിച്ചേട്ടൻ അമ്മിണിയെ തന്നിലേക്ക് ചേർത്ത്പിടിച്ചു.
ഇരിക്കുന്നിടം നനയുന്നപോലെ കൃഷ്ണൻകുട്ടിച്ചേട്ടനും, അമ്മിണിക്കുട്ടിക്കും തോന്നി. കൈകൊണ്ട് പരതിനോക്കി. വെള്ളം അത്രയും പൊന്തിയിരിക്കുന്നു. ഇത്രയും വെള്ളം താങ്ങാനുള്ള ശേഷി വീടിനില്ല, എപ്പോ വേണമെങ്കിലും നിലംപൊത്താം. ഒന്ന് നിവർന്ന് നിന്ന് കുറച്ച് ഓടുകൾ കൂടി ഇളക്കിമാറ്റി. രണ്ടുപേരും പട്ടികക്കിടയിലൂടെ തല പുറത്തിട്ട് ചുറ്റുപാടും നോക്കി നിന്നു. കട്ടപിടിച്ച ഇരുട്ട് മാത്രം. ഒഴുക്കിൽ പെട്ട ആടുമാടുകളുടെ കരച്ചിൽ കേൾക്കാം. മനസ്സിൽ ഭയം ഇഴഞ്ഞു വന്ന് ശരീരത്തിൽ ചുറ്റുവാൻ തുടങ്ങി.
ഇരുട്ടിന്റെ കനം കുറഞ്ഞു വന്നു, ചുറ്റുപാടും നേരിയ നിഴൽപോലെ കാണാം. വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. അമ്മിണിക്കുട്ടി തളർന്നു ഓടിന്റെ മുകളിലേക്ക് ചാരി നിന്നു. ബോധം അമ്മിണിക്കുട്ടിയെ വിട്ട് ഒഴുകാൻ തുടങ്ങി. പുലരി ഉണ്ടായില്ലെങ്കിലും വെളിച്ചം അൽപ്പാല്പമായി വന്നു കൊണ്ടിരിക്കുന്നു. ചുറ്റുപാടും വെക്തമായി കാണാൻ തുടങ്ങി.
മുന്നിൽ മരണം വെള്ളത്തിന്റെ രൂപത്തിൽ വെട്ടിത്തിളങ്ങുന്ന പോലെ കൃഷ്ണൻകുട്ടിച്ചേട്ടന് തോന്നി. രക്ഷക്കായി ചുറ്റുപാടും നോക്കി. അമ്മിണിക്കുട്ടിയെ തട്ടിവിളിച്ചു, മിണ്ടുന്നില്ല. എത്രനേരം അങ്ങിനെ നിന്നെന്നറിയില്ല. വിശപ്പും, ക്ഷിണവും കൃഷ്ണൻകുട്ടിച്ചേട്ടന്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.
ചുറ്റുപാടും കരച്ചിലുകളും തേങ്ങലുകളും ആളുകളുടെ ഉച്ചത്തിലുള്ള സംസാരങ്ങളും. കിടന്നിടത്ത്നിന്ന് തല ഉയർത്തി കൃഷ്ണൻകുട്ടിച്ചേട്ടൻ ചുറ്റുപാടും നോക്കി. നിറയെ ആളുകൾ, പലരും കിടക്കുന്നു, ഇരിക്കുന്നു, ഭയം താളംകെട്ടിയ മുഖങ്ങൾ.
പെട്ടന്ന് കൃഷ്ണൻകുട്ടിച്ചേട്ടൻ കൈകുത്തി എണീറ്റിരുന്നു. അമ്മിണിക്കുട്ടി എവിടെ?
എണീറ്റിരിക്കുന്നത് കണ്ട് ഒരു ചെറുപ്പക്കാരൻ കൃഷ്ണൻകുട്ടിച്ചേട്ടന്റെ അടുത്തേക്ക് വന്നു.
പേടിക്കണ്ട, മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ രണ്ടാൾക്കും ബോധമുണ്ടായിരുന്നില്ല. ഭാര്യ അപ്പുറത്തെ ക്ലാസ്സ് മുറിയിൽ സ്ത്രീകളുടെ കൂട്ടത്തിലുണ്ട്. ബോധം വന്നിട്ട് കുറേനേരമായി, നല്ല ക്ഷിണമുണ്ട്. ഇടക്ക് ഇവിടെ വന്ന് നോക്കിയിരുന്നു. ചെറുപ്പക്കാരന്റെ സഹായത്തോടെ കൃഷ്ണൻകുട്ടിച്ചേട്ടൻ പതിയെ എണീറ്റു.
ചെറുവത്തൂർ എൽ പി സ്കൂളിന്റെ വരാന്തയിലൂടെ ചെറുപ്പക്കാരന്റെ കൈപിടിച്ച് ക്ലാസ്സ് മുറിയിലേക്ക് സാവധാനം നടന്നു.
സ്ത്രീകൾക്കിടയിൽ ചുമരും ചാരി സന്നദ്ധസംഘടന കൊടുത്ത പൊതിച്ചോറിന് മുന്നിൽ നിറകണ്ണുകളോടെ അമ്മിണിക്കുട്ടി ഇരിക്കുന്നു.
കൃഷ്ണൻകുട്ടിച്ചേട്ടനെ കണ്ടതും മുന്നിലിരുന്ന പൊതിച്ചോറിലേക്ക് കണ്ണുനീർ തോരാമഴ പോലെ പെയ്തിറങ്ങി. ഇടത് കൈവെള്ളയിൽ കൊളുത്ത് പൊട്ടിയ താലിമാല അപ്പഴും മുറുകെപ്പിടിച്ചിരുന്നു.!!!