രചന : ബിനു. ആർ✍️
പൂവിളിയുയരുന്നു, പൂവേ പൊലിപൊലി!
പൂന്തിങ്കൾ മാനത്തുദിച്ചപ്പോൾ
അത്തം വന്നു നിറഞ്ഞപ്പോൾ
കുഞ്ഞുമനസിലെല്ലാം വന്നണഞ്ഞു
പൂവേ പൊലിപൊലിയെന്നമന്ത്രം!
അത്തംപത്തിനു പോന്നോണം
ചിങ്ങപക്ഷികൾ കുരവയിട്ടനേരം
മുറ്റത്തൊക്കെയും ഓണത്തുമ്പികൾ
തന്നാനമാടിക്കളിച്ചനേരം
കുഞ്ഞുമനസ്സിൽ തിരയിളക്കം തുടങ്ങി
ഓണം വന്നെത്തി,കോടി തരും
ഓണത്തപ്പനെകുടിയിരുത്തണം
മാവേലിമന്നനെവരവേൽക്കാൻ!
മുറ്റംനിറയെ നിരന്നു തുടങ്ങി
മുക്കുറ്റിപ്പൂവുകൾ,കൃഷ്ണക്രാന്തിയും
തുമ്പക്കുടങ്ങൾ നിറഞ്ഞുതുടങ്ങി
തൊടിയിലാകെയും
ചെത്തിയും ചേമന്തിയും മന്ദാരവും
കുലയിട്ടാർത്തുചിരിച്ചു
കുഞ്ഞുമനസ്സിൻ തൊങ്ങലുകൾ തേടി!