രചന : മേരിക്കുഞ്ഞ് ✍️
മണി ആറ് മുപ്പത്
ടിവിയിൽ ഇഷ്ട പരമ്പര
പണിയൊതുക്കി
അച്ഛമ്മ
അങ്കലാപ്പോടെ
കാത്തിരുന്നു.
ഇന്നലെ
കഥയിലെ മരുമകൾ
പാഴ് വസ്തുക്കൾ നിറച്ച
ചാക്കു കെട്ട്
ആളൊഴിഞ്ഞ
നേരം നോക്കി
കളയാനെടുത്തുവച്ച
നേരത്ത്
പടുവൃദ്ധൻ
മുത്തച്ഛനേയും
കാറിൽ കയറ്റി
മുന്നിലിരുത്തിയിരുന്നു.
കാറു പോകയാ –
ണിരുട്ടിലൂടെ
അതിവേഗം ;
അച്ഛമ്മയുടെ
ഹൃദയമിടിപ്പിനൊപ്പം.
…….പരസ്യം……
ഹൃദയ താളം മുറുകി.
കാറു പോകയാണതിവേഗം.
പിന്നെയും ടിവിയിൽ
പരസ്യം….
അച്ഛമ്മക്കു സഹികെട്ടു
കാറതാ വീട്ടിൽ
തിരിച്ചെത്തി
പോർച്ചിൽ
ബ്രേയ്ക്കിട്ടു നിർത്തി.
……..പരസ്യം ……
അച്ഛമ്മ കൂപ്പുകൈ
മാറിൽ ചേർത്തു
പ്രാർത്ഥിച്ചു.
ചാക്കു കെട്ടിനൊപ്പം
പാവമാ വൃദ്ധനേയും
അവൾ ഇരുട്ടിലിറക്കി
വച്ചോ…ആവോ!
അരുതാത്തതൊന്നും
കാണരുതേ ദൈവമേ …
ഡോർ തുറന്നു മരുമകൾ
ഇപ്പുറത്തെത്തി
…..കഷ്ടം ….
ഇതെന്താ ഇങ്ങനെ
പരസ്യം തന്നെ പരസ്യം
മരുമകൾ പറയുന്നു
… മുത്തച്ഛാ…വരൂ …
നമ്മൾ വീടെത്തി.
ഉറക്കപ്പിച്ചിൽ വൃദ്ധൻ
എവിടെയെന്നു
തിട്ടം വരുത്തവേ
അച്ഛമ്മക്കണ്ണുകൾ
ആശ്വാസക്കണ്ണീരണിഞ്ഞു.
നന്മകളിപ്പൊഴുമുണ്ട് ഭൂമിയിൽ
