രചന : റഹീം പുഴയോരത്ത് ✍️
കടിഞ്ഞാണില്ലാത്ത
അശ്വമാണെന്ന് ഹൃദയം
ഇടതടവില്ലാതെ
വിളിച്ചു പറയുന്നു.
മറവിയുടെ ദുഃശകുനങ്ങൾ
ഹൃദയത്തെ ഉന്മാദ മാക്കുന്നു
ഇന്ദ്രിയങ്ങളുറങ്ങാതിരിക്കാനെന്നും
നാളെയുടെ ചിന്തകളെ
ഹൃദയത്തിലേക്ക്
കുത്തിനിറയ്ക്കുന്നു.
ജാതിയോടും മതത്തോടും
ഹൃദയത്തിനെപ്പോഴും
വെറുപ്പാണ്
സ്ഥായിയായി നിൽക്കുന്ന ഇഷ്ടങ്ങൾക്ക്
അയിത്തമില്ലാതിരിക്കാൻ.
ഇന്നലെ ആ മേശക്കുമുകളിൽ
ഉറച്ചു പോയ ഹൃദയം
കണ്ടു
സർജിക്കൽ ബ്ലേഡ് പോലും ആഴ്ന്നിറങ്ങാൻ
അനുസരിക്കുന്നില്ല
ഒരു പിടയ്ക്കൽ മാത്രം
അനസ്തേഷ്യയെ
അവഗണിച്ചായിരിക്കും..
ഹൃദയം ഒരു വാക്ക് പറഞ്ഞു
അവസാനത്തെ വാക്കായിരുന്നു
വെട്ടിക്കീറി തുന്നി ചേർക്കുമ്പോൾ
അവിടം ഉറച്ചു നിൽക്കുന്ന ഇഷ്ടങ്ങളെ
പുറത്തെടുത്തുവെക്കുക
വീണ്ടുമൊരു വേരറ്റുപ്പോവാത്ത
ഹൃദയത്തോട്
തുന്നി ചേർക്കണം..