രചന : അനീഷ് കൈരളി.✍
ഓർമ്മതൻ മുറിവുകളിലെന്നും
കനൽപ്പൂക്കൾ –
നഷ്ടഗന്ധം നിറക്കുമ്പോൾ / സഖീ-
നിന്റെ പേരെഴുതിവയ്ക്കുമ്പോൾ,
മറവികളിണ ചേർത്തു –
നാം നെയ്ത പൊയ്മുഖം
ഈ മഴത്തുമ്പിലഴിയുന്നു.
ഓണമെന്നോർമ്മ പുഷ്പ്പങ്ങളാകുന്നു.
ഇരുൾപറ്റിയാടുമൊരുയാലിനോരത്ത് –
നിൻപാട്ട് കാതോർത്തിരുന്നു,
പിന്നിലായെത്തി പുണർന്ന/ കിനാവുകൾ
നിൻ നിഴൽ മുത്തിയാടുന്നു.
ഓണമിന്നോർമ്മപ്പൂക്കളാകുന്നു.
വേലികളില്ലാത്ത ഗ്രാമത്തിലെത്ര നാം –
പൂക്കളെ തേടി നടന്നു,
തുമ്പയും, തുളസിയും, മുക്കുറ്റിയും –
അന്നു സ്നേഹത്തിൻ പൂക്കളം തീർത്തു
എത്താത്ത പൂമരക്കൊമ്പത്തെ / പൂങ്കുല
എത്തിപ്പറിക്കുന്ന നേരം –
തൊട്ടാവാടിയായ് തൊട്ടതിനൊക്കെയും
പരിഭവം ചൊല്ലി നീ ഗ്രാമം.
ഓർമ്മകളിഴ ചേർത്തു
നാം നെയ്ത പുടവകൾ,
ഒരു കാറ്റിൽ തുമ്പിലുലയുമ്പോൾ,
വസന്തം നിൻ മേനി ചുംബിച്ചിടുന്നു.
പൂത്തിരുവാതിരയാടുന്ന നേരമാ –
ശലഭമിഴി തിരയുന്നതാരേ …
നിന്നിലിളകുന്ന കൊലിസിന്റെ/ താളമാണിപ്പോഴും
ഇടനെഞ്ചിൽ ഓണത്തിൻ താളം.
അമ്പലംചുറ്റി വരും വഴിയോരത്ത്
വിരൽ കുറികൾ കാക്കുന്നതാരേ …
വാടാമുല്ലപോൽ വാടാതിന്നോർമ്മകൾ –
ദശപുഷ്പ്പം ചാർത്തുന്നതാരേ ……
എങ്ങോ പറന്നു മറഞ്ഞൊരീ / പച്ചകൾ
എന്നോണവും ഗ്രാമവും പോലെ –
ഓർമ്മതൻ മുറിവുകളിലിന്നും/കനൽപ്പൂക്കൾ –
നഷ്ടഗന്ധം നിറക്കുന്നു.
.