രചന : രാജു വിജയൻ ✍
(തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ)
നിനക്കു ചേർന്നൊരീ
കറുത്ത മണ്ണിനെ
പകുത്തെടുക്കുവാൻ
വരില്ലുറയ്ക്ക നീ..
തപിച്ച മാനസം
പുറത്തെടുക്കുവാൻ
തുനിയയില്ലിനി
തിരിക്കയാണു ഞാൻ..
അടർന്നു വീണൊരെൻ
ചകിത നാളുകൾ
നിനക്കെടുക്കുവാൻ
ത്യജിച്ചിടുന്നു ഞാൻ..
നിറഞ്ഞ കൺകളിൽ
നിശീഥമില്ലിനി
നനഞ്ഞ നാൾകൾ തൻ
തളർന്ന സൂരിയർ..
പറന്നു പോയൊരെൻ
പഴുത്ത ബാല്യവും
നിനക്കെടുക്കുവാൻ
പകുത്തിടുന്നു ഞാൻ..
കരഞ്ഞ ചങ്ങല-
ക്കുരുക്കിലന്തി തൻ
വ്യഥിത മാനസം
ഒഴിച്ചിടട്ടെ ഞാൻ…
നിറയെ ചക്കര-
പ്പഴങ്ങളാടിയ
തൊടിയിലില്ലിനി.. ഈ
തളർന്ന കാലുകൾ..
തടയരുതു നീ
കനവു പൂക്കുമെൻ
ഹൃദയ വാടി തൻ
നിലമെടുക്കുവാൻ…!
വഴികൾ കാക്കുമെൻ
നരച്ച യൗവനം
അടർത്തി മാറ്റിയീ
തെരുവു താണ്ടട്ടെ….