രചന : വൈഗ ക്രിസ്റ്റി ✍
ഹേയ് .
ഞാൻ പറയുന്നതൊന്നു കേൾക്കൂ…
അത്രയുറക്കെ നിലവിളിക്കാതിരിക്കൂ…
പ്രിയപ്പെട്ടവർ ആദ്യമായല്ല
യാത്ര പോകുന്നത് …
ശരി തന്നെ,
പോകുന്നത് ലോകത്തിൽ നിന്നാണ്
എങ്കിലെന്ത് ,
അതും പുതിയ സംഭവമൊന്നുമല്ലല്ലോ
ആ കുട്ടികളെ
ആരെങ്കിലുമൊന്ന് പിടിച്ചുമാറ്റൂ
ശരീരത്തെ
ഇങ്ങനെയിട്ടുലക്കാതെ
ഇത്രനാൾ അവരെ
ഊട്ടിയ ശേഷം മാത്രമുണ്ടവൾ
അവരുറങ്ങിയ ശേഷമുറങ്ങിയവൾ,
അവർക്ക് മുമ്പേയുണർന്നവൾ ,
അമ്മശരീരത്തിന് നൊന്തേക്കും…
പന്തലിന് പുറത്ത്
എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന
ഭർത്താവിനെ ,
ആരെങ്കിലും ബോഡിയുടെ
സമീപത്തേക്ക് കൊണ്ടു പോകൂ
ഇനിയെത്ര നേരം …!
അവനെ മാത്രമൂട്ടിയ ഉടൽ ,
അവൻ മാത്രം കേട്ട പിണക്കങ്ങൾ ,
കൊഞ്ചലുകൾ ,
കരുതലൊച്ചകൾ ,
പിൻവിളികൾ ,
എല്ലാമുണ്ടാകും
പൂട്ടിയ ചുണ്ടുകൾക്കുള്ളിൽ…
കാണാനെത്തിയ ആളുകൾ
ഇങ്ങനെ തിരക്കുകൂട്ടല്ലേ …
എല്ലാവർക്കും കാണാനവസരം തരും
അല്ലെങ്കിൽത്തന്നെ
ഇന്നലെ വരെ
നിങ്ങൾക്കിടയിലൂടെ
നിശ്ശബ്ദമായി നടന്നു പോയ
ശരീരം തന്നെയാണിത്
ജീവനില്ലാത്ത മുഖം
എങ്ങനെയാണ് കാഴ്ചക്ക് എന്നറിയാനുളള
നിഷ്കളങ്കവും അതേസമയം
കുടിലവുമായ ഒരു കൗതുകമുണ്ടല്ലേ?
നോക്കൂ
വ്യത്യാസം വലുതായൊന്നുമില്ല
കണ്ണുകൾ അടച്ചത്
അല്പം മുറുകിപ്പോയെന്നേയുള്ളൂ
അധരങ്ങളിൽ ,
നേരിയ കരിവാളിപ്പ് പടർന്നിരിക്കുന്നുവെന്നേയുള്ളൂ
ഹൃദയം
സ്വസ്ഥമായി ഉറങ്ങുന്നുവെന്നേയുള്ളൂ
അങ്ങനെയൊക്കെ
നേരിയ വ്യത്യാസങ്ങളേയുള്ളൂ
എന്ത് !
ശവമെടുക്കാറായെന്നോ!
ശരി …
എങ്കിലിനി യാത്രയില്ല

