രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍
ഒരിക്കലെന്നോ, യെന്നിലുണ്ടായിരുന്നാ
ഞാനതിലേ നടന്നുപോയിരുന്നൊരാ
മാനസമെന്നിൽ നിറഞ്ഞുകവിഞ്ഞതാം
നീലഹരിതപ്പടവും സുഗന്ധവും
ഞാനറിയാതേ കാടുകയറുന്നേരം
എന്നെവിട്ടെങ്ങോ എങ്ങിനെയെങ്ങോ പോയി
ഇന്നിതാഞാ,നൊരുപകൽക്കിനാവിലു
പായലുപൂത്ത പടവിൽക്കയറവേ
വലംചുറ്റിയ പഴയപരിസരം
ഹൃദയംനീരാടിയ ക്ഷേത്രക്കുളവും
അന്നെൻ്റെ ലോകത്തിലുണ്ടായിരുന്നവർ
ഇന്നെൻ്റെ ഹൃദയത്തിൽ പായലുപോലെ
നിങ്ങളും നിങ്ങടെ ലോകങ്ങളും പോയി
ഞാനെൻ്റെലോകങ്ങൾ മാറിമാറിപ്പോകെ
ഒന്നും മനപ്പൂർവ്വമായിരുന്നതല്ല
മാറിമറിയുന്നെൻമാനസമേ സാക്ഷി
ഹൃദയപടവിലെ പായലു മാറ്റി
ഹരിതലോകത്തിലേക്കാണ്ടിറങ്ങുവാൻ
ഹൃദയകോവിലിലെ,യെന്മഹാമായേ
പായൽക്കുളത്തിൽ മുങ്ങിനീർന്നിട്ടിന്നു ഞാൻ
അവിടുത്തെ മുന്നിൽ കൂപ്പു,ന്നഞ്ജലികൾ
പരതിക്കൊണ്ടൊരു മാൻമിഴിയാളിനേം
സ്വപ്നങ്ങൾ കൊണ്ടു നിരന്തരമെന്മനം
നിറമാല ചാർത്തുവാൻ വന്നിതാ വീണ്ടും!
