നിലാവൊഴിഞ്ഞപ്പോൾ കായലോരത്ത്‌ ഇരുൾ പരന്നു .
വള്ളികൾ പടർന്നു കയറിയ കൂറ്റൻ മരങ്ങൾ ഇരുളിൽ ഭൂതങ്ങളെപ്പോലെ ആർത്ത് അട്ടഹസിച്ചു .
മുറിയിലെ നിറം മങ്ങിയ വെളിച്ചത്തിനപ്പുറം അമ്മയുടെ നിഴൽ അടുത്തു വന്നുകൊണ്ടിരുന്നു .
” നേരം ഒരുപാട് രാത്രി ആയി .. നിനക്ക് ഉറങ്ങാറായില്ലേ ഉണ്ണ്യേ …? “
” അമ്മ കിടന്ന് ഉറങ്ങിക്കോളൂ .. അര മണിക്കൂർ കൂടി കഴിഞ്ഞേ ഞാൻ കിടക്കൂ .. ” അമ്മ കൊടുത്ത കട്ടൻ കാപ്പിയിലെ അവസാന തുള്ളിയും കുടിച്ച് അവൻ പറഞ്ഞു .
‘ നന്നായി പഠിച്ച് നാട്ടിൽ തന്നെ ജോലി വാങ്ങണം . നിന്റെ മൂത്ത പെങ്ങള് കല്യാണം കഴിഞ്ഞ് ജർമ്മനിക്ക് തിരിച്ചു .. അതിന്റെ ഇളയവനാണെങ്കിൽ യു കെ യിലേക്കും ..! ഞങ്ങൾക്കൊപ്പം നിയ്യിവിടെ ഉണ്ടാവണം … എന്നാണെന്റെ ആഗ്രഹം !
നടക്കുമോ ആവോ ..? ” മനനസ്സിലുള്ളത് പിറു പിറുത്ത് അമ്മ വേച്ചു വേച്ച് കിടപ്പു മുറിയിലേക്ക് നടന്നു .

നാട്ടിലാകെ പ്രായമായവർ മാത്രമുള്ള വീടുകളേ ഉള്ളു എന്ന പരമാർത്ഥം ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു .
സഹായിക്കാനോ സാന്ത്വനിപ്പിക്കാനോ ഒരാൾ പോലും ഇല്ലാത്ത ഏകാന്ത ജീവിതം ..!
ആരുമറിയാതെ ഒരു പെണ്ണ് ഉണ്ണിയുടെ ഹൃദയത്തിലുമുണ്ട് .
പേര് റിയ ..
അതാണ് ആ പെൺകുട്ടിയുടെ പേര് .
ചേച്ചിയുടെ വിവാഹ ദിവസം ഡൽഹിയിൽ വച്ച് പരിചയപ്പെട്ടതാണ് അവളെ ..!
സംസാരിക്കുന്നതിനൊപ്പം വിവാഹത്തിന്റെതായ ഉറപ്പുകളും കൈമാറിക്കൊണ്ടിരുന്നു .
റിയ ഇപ്പോൾ അമേരിക്ക യിലാണ് ..
ഇന്റെൺ ഷിപ്പിന് അപ്പിയർ ചെയ്യാതെ നേരെ യു എസ്സിന് എത്തിക്കോളാനാ റിയയുടെ നിർദ്ദേശം . ഓരോ മെസ്സേജിലും അവളത് ഓർമ്മിപ്പിക്കുന്നുണ്ട് .
പഠനവും എക്സാമും എല്ലാം ഈ മാസം കൊണ്ട് തീരും .
പ്രായം ചെന്ന അമ്മയുടെയും അച്ഛന്റെയും ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ തനിക്ക് ആകുന്നില്ലല്ലോ എന്നോർത്തപ്പോൾ ഉണ്ണിക്കുട്ടന്റെ ഉള്ളൊന്ന് പിടഞ്ഞു .
കടുത്ത നെഞ്ച് വേദനയ്ക്കൊപ്പം അച്ഛന്റെ വേർപാട് പെട്ടെന്നായിരുന്നു .
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിറ കണ്ണുകളോടെ വാതിൽക്കൽ നിന്ന അമ്മയോട് യാത്ര പറയുമ്പോൾ , ഇടനെഞ്ച് പിടഞ്ഞതും ആർത്തലച്ച് ഉള്ളിൽ കരഞ്ഞതും ആരും അറിഞ്ഞില്ല .

” ഇനി നീ വരുമ്പോൾ ഞാൻ ഉണ്ടാകുമോ എന്ന് അറിയില്ല മോനെ .. ” തന്റെ ഇരു കൈകളും കവർന്ന് അതിൽ മുത്തം ചേർത്ത് അവർ മൗനമായി വിങ്ങിപ്പൊട്ടി .
അമ്മയുടെ വാക്കുകളിലെ അഗ്നിയുടെ ചൂടേറ്റ് അവൻ വാടി .
ഒടുവിൽ യാത്ര പറഞ്ഞ് എയർപോർട്ടിലേക്ക് തിരിച്ചു .
അമേരിക്കയിൽ എത്തിയതിന്റെ ഏഴാം ദിവസമാണ് മൊബൈൽ ഫോണിൽ ആ വാർത്ത കേൾക്കാനായത് …!

” ഉണ്ണി പോയതോടെ ഭക്ഷണം പോലും തൊടാതെയായി . ചെറുതായിട്ട് വന്ന ഒരു പനി ന്യുമോണിയക്കു വഴി മാറി .. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയെങ്കിലുംഓക്സിജൻ എടുക്കാനായില്ല .. അമ്മ നമ്മെ വിട്ടു പിരിഞ്ഞു .. “
മെസ്സേജ് വായിച്ചു തീർന്നതും ഉണ്ണി പിന്നോക്കം മലർന്നു .
കലങ്ങിച്ചുവന്ന കണ്ണുകളോടെ നാട്ടിലേക്ക് തിരിക്കാനായി അവൻ എയർപോർട്ടിൽ ഇരിപ്പുറപ്പിച്ചു …!

അജി അത്തിമൺ

By ivayana