രചന : ബിന്ദു വിജയൻ, കടവല്ലൂർ. ✍
ഭക്ഷണം പങ്കിട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒറ്റജോഡി ചെരിപ്പ് പങ്കിട്ട കഥ എനിക്ക് മാത്രമേ പറയാനുണ്ടാവുകയുള്ളൂ എന്നാണ് തോന്നുന്നത്.
പ്രീ ഡിഗ്രി പരീക്ഷയെഴുതി, റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് ഞാനും എന്റെ പ്രിയ കൂട്ടുകാരിയും കൂടി ടൈപ്റൈറ്റിംഗ് പഠിക്കാൻ ചേർന്നു. എന്റെ ജൂനിയർ ആയിരുന്നെങ്കിലും ഒരേ സ്കൂളിലും ഒരേ കോളേജിലുമാണ് ഞങ്ങൾ പഠിച്ചിരുന്നത്.പഠിക്കാൻ പോകുമ്പോഴും, കളിക്കാനും, കുളത്തിൽ നീന്താനും.. എല്ലാം ഞങ്ങൾ ഒപ്പമായിരുന്നു . ചെറിയൊരു ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവളെ പലകാര്യങ്ങളിലും ഒരുപാട് ഇഷ്ടത്തോടെ തന്നെ ഞാൻ ഹെല്പ് ചെയ്തിരുന്നു.. .വെള്ളം കോരി കൊടുക്കും, കുളത്തിലേയ്ക്ക് പോയാൽ ഡ്രസ്സുകൾ അലക്കാൻ സഹായിക്കും.. ബസിൽ ഒപ്പം പോകുമ്പോൾ ബാഗും മറ്റും പിടിച്ചു കയറാൻ സഹായിക്കും അങ്ങിനെ കുറെ കാര്യങ്ങൾ..
അങ്ങിനെ ടൈപ്റൈറ്റിംങ്ങിനും ഞങ്ങൾ ഒപ്പം, കല്ലുമ്പുറത്തുള്ള ഇൻസ്റ്റിട്യൂട്ടിൽ ചേർന്നു.കൊരട്ടിക്കരയിൽ നിന്നും നടന്നാണ് പോയിരുന്നത്. ബസിനു പോകാമായിരുന്നു എങ്കിലും, രണ്ടു സ്റ്റോപ്പ് അപ്പുറമല്ലേ എന്നുപറഞ്ഞു ഞങ്ങൾ, എത്ര പറഞ്ഞാലും തീരാത്ത വർത്തമാനങ്ങളും, കളിയും ചിരിയുമായി നടന്നാണ് പോയിരുന്നത്.
എരിവെയിലുള്ള മാർച്ചുമാസത്തിലെ ഒരു ദിവസം, ഉച്ചയ്ക്ക് 12മണിയ്ക്ക് പതിവുപോലെ ഞങ്ങൾ ടൈപ് റൈറ്റിംഗിനായി ഇറങ്ങി. കാക്കയ്ക്ക് ഇരിയ്ക്കാൻ പോലും തണലില്ലാത്ത ഹൈവേ റോഡിന്റെ അരികിലൂടെയാണ് ഞങ്ങളുടെ യാത്ര. കുറച്ച് ദൂരം നടന്നപ്പോൾ കൂട്ടുകാരിയുടെ വലതു കാലിലെ ചെരുപ്പ് പൊട്ടി, കാലിൽ ധരിക്കാൻ പറ്റാത്ത വിധത്തിലായി.കാല് നിലത്തു വെക്കാൻ പറ്റാത്ത ചൂടിൽ,ഇനിയെന്ത് ചെയ്യും എന്ന് അവൾ വിഷമിച്ചു നിന്നപ്പോൾ പെട്ടെന്ന് ഞാനതിനു പ്രതിവിധി കണ്ടെത്തി..
അവൾക്ക് ഞാൻ എന്റെ വലതു കാലിലെ ചെരിപ്പ് ഊരിക്കൊടുത്തു. എന്നിട്ട് ഞാൻ കുറച്ച് ദൂരം ഒറ്റചെരിപ്പിട്ട് ഓടി.. കാലിന്റെ പൊള്ളൽ മാറ്റാൻ, കുറച്ച് പുല്ലുകൾ നിൽക്കുന്നിത്ത് പോയി നിന്നു, . അവൾ നടന്നു അടുത്തെത്തിയപ്പോൾ വീണ്ടും ഞാൻ ഓടി പുല്ലിൽ നിന്നു. അങ്ങിനെ ഇൻസ്റ്റിട്യൂട്ടിൽ എത്താറായപ്പോൾ അവളുടെ പൊട്ടാത്ത ചെരിപ്പ് റോഡരികിലുള്ള ചെടിയുടെ മറവിൽ ഊരി വെച്ചുകൊള്ളാൻ പറഞ്ഞു എന്റെ ഇടതു കാലിൽ കിടക്കുന്ന ചെരിപ്പും ഞാൻ അവൾക്ക് ധരിക്കാൻ കൊടുത്തു.
തിരിച്ചു വരുമ്പോഴും വഴിയിൽ നിന്നും ഊരിവെച്ച ചെരിപ്പ് എടുത്ത് ഞങ്ങൾ മുൻപ് ചെയ്തത് പോലെ തന്നെ ആവർത്തിച്ചു വീട്ടിലെത്തി. എന്നോട് ചെരിപ്പ് ഇട്ടോളാൻ അവൾ പറഞ്ഞു എങ്കിലും.. അവൾ വയ്യാത്ത കുട്ടിയല്ലേ എന്നോർത്ത് ഞാൻ സമ്മതിച്ചില്ല.
ഒറ്റചെരിപ്പിട്ട് അന്ന് ഞാൻ ഓടിയ ഓട്ടവും, രണ്ടു കാലിലും രണ്ടു തരം ചെരിപ്പിട്ട് അവൾ നടന്ന നടത്തവും പിന്നീട് ഞങ്ങൾ പങ്കിട്ടു ചിരിക്കുമായിരുന്നു. എങ്കിലും എന്റെ ഈ പ്രിയസഖി ഇന്ന് ഈ ലോകത്ത് ഇല്ലാ എന്നോർക്കുമ്പോൾ ഇടനെഞ്ചിൽ ഒരു നീറ്റലാണ്!