രചന : ഗിരീഷ് പാണി ✍
ആരോ ഉറക്കെ നിലവിളിച്ചു
“കള്ളൻ ……. കള്ളൻ “
നാട്ടിലുള്ളവരെല്ലാം ഉണർന്നു
ലൈറ്റുകൾ തെളിഞ്ഞു
“എവിടെ ……എവിടെ … ” വീടുതുറന്ന് മുറ്റത്തേക്കിറങ്ങിയവർ പരസ്പരം ചോദിച്ചു.
അപ്പോഴാരോ പറഞ്ഞു ” മ്മ്ടെ ലീലേടെ വീട്ടിന്നാ വിളിയൊച്ച കേട്ടേ “
” ആഹാ അവിടെയോ ..” കേട്ടപാതി കേൾക്കാത്ത പാതി നാട്ടിലെ പുരുഷാരം മുഴുവൻ ലീലേടെ വീട്ടിലേക്ക്.
ലീല ഒരു സുന്ദരിയാണ്.നാലഞ്ച് വർഷം മുൻപാ അവരിവിടെ താമസത്തിന് വന്നത്.
ഒരു ആൺകുട്ടിയുണ്ട് , നാലോ അഞ്ചോ വയസ്സാണ് പ്രായം. ഇത്തവണയാ അവനെ ഒന്നാം ക്ലാസ്സിൽ ചേർത്തത്. പക്ഷേ ലീലയുടെ പ്രായം മുപ്പത്തഞ്ചാണോ നാല്പതാണോ എന്ന കാര്യത്തിൽ എല്ലാർക്കും ഒരു കൺഫ്യൂഷനുണ്ട്. യഥാർത്ഥ പ്രായം അവർക്ക് മാത്രമേ അറിയു .
ലീല വീടിൻ്റെ വാതിൽക്കൽ ഇറങ്ങി നിന്ന് ” മോനേ ൻ്റെ മോനെ സ്കൂളിലേക്കൊന്നാക്കാമോ ” ന്ന് ചുമ്മാ പറഞ്ഞാൽ ബൈക്കുമായി വരുന്ന ആങ്ങളമാരുടെ ബഹളമാ…😊
ലീലേടെ ഇഷ്ടം പിടിച്ചുപറ്റാനുള്ള തത്രപ്പാടിലാ പുരുഷാരം മുഴുവൻ , ലീലയാണേൽ പിടി തരികയുമില്ല .
നാട്ടിലുള്ള കൊച്ചു പെൺപിള്ളാർ മുതൽ അമ്മച്ചിമാർക്ക് വരെ ലീലയോട് അസൂയ ഇല്ലാതില്ല.
ലീലക്ക് ഫാൻസ് അസോസിയേഷൻ വരെ ആ നാട്ടിലുണ്ട്. നാട്ടിലെ പെട്ടിക്കട മുതൽ വല്യ തുണിക്കടവരെ ഉദ്ഘാടനം ചെയ്യുന്നത് ലീലയാണ്. അതിനൊക്കെ ഒറ്റ കാരണമേ ഉള്ളു ലീലയുടെ സൗന്ദര്യം. പലതും വെച്ചു കെട്ടി ശരീര വടിവ് കൂട്ടുന്നതാണ് എന്ന് ഒളിഞ്ഞും തെളിഞ്ഞും അസൂയാലുക്കൾ പറയുമെങ്കിങ്കിലും ലീല അതൊന്നും കാര്യമാക്കാറില്ല.
പല ഭർത്താക്കൻമാരും ഭാര്യമാരോട് ” നീയാ ലീലയെ കണ്ട് പഠിക്കണം , ലീലയെ പോലെ ഒരുങ്ങി നടക്കണം , സംസാരിക്കണം , ചിരിക്കണം എന്നൊക്കെ പറയാൻ തുടങ്ങിയപ്പോൾ ആ ഗ്രാമത്തിലെ സ്ത്രീ ജനങ്ങൾ ഏതാണ്ട് ബോംബിൻ്റെ “ഇപ്പ പൊട്ടും” മാനസീകാവസ്ഥയിലേക്ക് എത്തിപ്പെട്ടു.
നാട്ടിൽ അവളെ ചൊല്ലി നടക്കുന്ന കോലാഹലങ്ങളൊന്നും ലീലയൊട്ട് അറിയുന്നുമുണ്ടായിരുന്നില്ല.
ലീലയെ തകർക്കാൻ അവരോട് അടുത്തു കൂടി അവരുടെ ഭൂതകാലം ചികയാൻ നിന്നവർക്കൊന്നും ആവശ്യമായ ” തീറ്റ യൊട്ടു ” കിട്ടില്ലാതാനും .
ഈ ഹേമാ കമ്മീഷൻ റിപ്പോർട്ടിനെ പറ്റി അമ്മ പ്രസിഡൻ്റ് മോഹൻലാലിനോട് ചോദിച്ച അവസ്ഥ ” ഉത്തരം പറഞ്ഞോ പറഞ്ഞു, പറഞ്ഞില്ലേ പറഞ്ഞില്ല 😀 അന്തിചർച്ച നടത്താൻ പറ്റിയ ഒരു കണ്ടൻ്റ് ലോ ലങ്ങേരുടെ വായീന്ന് കിട്ടില്ലെന്ന് പറഞ്ഞ പോലായി.
ലീലേന്ന് പറഞ്ഞാൽ “പാവങ്ങൾക്കിത്രേം സൗന്ദര്യം നൽകല്ലേ ഈശ്വരാ ” ന്ന് ദിവസവും കണ്ണാടി നോക്കി പറയുന്ന പാവം.
അവരുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി വഴക്കിടാൻ സാധിക്കാതെയാണ് പല അയൽക്കാരും ജീവിക്കുന്നതും.
അങ്ങനെയിരിക്കെയാണ് ഏതാണ്ട് അർദ്ധരാത്രിയായപ്പോൾ “കള്ളൻ , കള്ളൻ ” എന്ന നിലവിളിയൊച്ച കേട്ടത് .
അങ്ങോട്ടോടിയ ആണുങ്ങൾക്ക് പിന്നാലെ കണ്ടൻ്റ് കിട്ടിയ യൂട്യൂബർമാരെ പോലെ നാട്ടിലെ സ്ത്രീജനങ്ങളും ഓടി.
പിന്നെയാണ് എല്ലാവരും വാർത്ത സ്ഥിരീകരിച്ചത്. ലീലയല്ല , അടുത്ത വീട്ടിലെ റോസമ്മയാണ് ഒച്ചവെച്ചത് .
കാര്യം തിരക്കിയപ്പോഴല്ലേ റോസമ്മ പറയുന്നേ ” ഈ ലീലേടെ വീട്ടിലേക്ക് രാത്രി പന്ത്രണ്ട് മണിയായപ്പോ ഒരാള് കേറിപ്പോണ ഞാൻ കണ്ടു “
പാതിരാത്രി നീയെന്തിനാ റോസമ്മേ പുറത്തിറങ്ങിയേന്ന് സുഭദ്ര ചോദിച്ചപ്പോ ;
ശബ്ദം താഴ്ത്തി റോസമ്മ പറഞ്ഞു.
” അതെൻ്റെ സുഭദ്രേച്ചിയേ , ഒരു തേങ്ങാ വീഴുന്ന ശബ്ദം കേട്ട് ഇറങ്ങി നോക്കിയതാ , അപ്പോഴല്ലേ ആ കാഴ്ച കണ്ടേ “
ഇത് കേട്ട് അടുത്തു നിന്ന വർക്കിച്ചായൻ കള്ളിച്ചിരിയോടെ ചോദിച്ചു ;
” റോസമ്മോ ഈയിടെയായി ഒരു പാട് തേങ്ങാ വീഴുന്നുണ്ടല്ലോ “
” എന്നാ പറയാനാ വർക്കിച്ചാ വീഴുന്നതെല്ലാം പേട്ടു തേങ്ങയല്ലേ ” റോസമ്മ വർക്കിച്ചായനെ നുള്ളിക്കൊണ്ട് മറുപടി പറഞ്ഞു.
ഇത് കേട്ട് വർക്കിച്ചായൻ ഊറി ചിരിച്ചു കൊണ്ട് ” ഉം …. ഉം ” എന്ന് മറുപടി പറഞ്ഞു.
നാട്ടിലെ പഞ്ചായത്ത് മെമ്പറായ ശ്യാമളയാണ് ലീലേടെ കതകിൽ ആദ്യം മുട്ടിയത്.
” ലീലേച്ചി……. ലീലേച്ചി ……. കതക് തുറക്ക് “
ശ്യാമള പല തവണ മുട്ടി വിളിച്ചു. ഒരനക്കവുമില്ല.
” എല്ലാരും മാറിക്കേ ഞാൻ വിളിക്കാം “
അമ്പമ്പോ മറിയ കുട്ടിയേടത്തി , നാട്ടിലെ തൻ്റേടിയായ സ്ത്രീ , ഭർത്താവിനെ ഉൾപ്പെടെ നാട്ടിലെ ഏതൊരാണിനേയും വിറപ്പിക്കാൻ കെല്പുള്ളവർ. പത്തെഴുപത് വയസ്സായി പക്ഷേ അവർക്കിന്നും ഒരാണിനൊത്ത ആരോഗ്യവും തൻ്റേടവുമുണ്ട്.
എല്ലാരും പേടികലർന്ന ബഹുമാനത്തോടെ മാറിക്കൊടുത്തു.
മറികുട്ടിയേടത്തി മുന്നോട്ട് വരുമ്പോഴും ആണുങ്ങളുടെ ആകെ പ്രാർത്ഥന
” ദൈവമേ ഈ വീട്ടിൽ കേറിയത് ലീലേടത്തീടെ ജാരനാവല്ലേ “ന്നായിരുന്നു.
ആത്മാർത്ഥമായ സന്തോഷത്തോടെ പെണ്ണുങ്ങള് മുഴുവൻ പ്രാർത്ഥിച്ചത് ” ദൈവമേ അവളുടെ ജാരനാവണേ” ന്നുമാണ് .
രണ്ട് കൂട്ടരുടേം പ്രാർത്ഥന കേട്ട് ദൈവം പോലും കൺഫ്യൂഷനടിച്ച് നിൽക്കുമ്പോഴാണ് മറിയേടത്തീടെ വിളി
” ലീലേ ……. എടി ലീലേ കതക് തൊറ “
യഥാർത്ഥത്തത്തിൽ മറിയേടത്തീടെ വിളിയിൽ ആ നാടുമുഴുവൻ പ്രകമ്പനം കൊണ്ടു.
പെട്ടന്ന് ലീല കതക് തുറന്നു. സാധാരണ പോലെയായിരുന്നില്ല. മുടിയൊക്കെ അഴിച്ചിട്ട് , സാരിയൊക്കെ വലിച്ച് കെട്ടി എന്തിനും പോന്ന ഒരു തൻ്റേടിയെപ്പോലെ.
അന്നുവരെ ആ ഗ്രാമം കണ്ട ലീലേച്ചിയായിരുന്നില്ല…. യഥാർത്ഥത്തിൽ മറിയ കുട്ടിയേടത്തി പോലും വിറച്ച് പോയി , അവർ വിറച്ചാൽ പിന്നെ ആ നാട് വിറക്കാതിരിക്കുമോ ?
എല്ലാവരേയും ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയിട്ട് ലീല പറഞ്ഞു
“നിങ്ങളുടെ സംശയം ശരിയാണ് എനിക്ക് ജാരനുണ്ട് “
ഞെട്ടി എല്ലാ ആണുങ്ങളും ഒന്നടങ്കം ഞെട്ടി .
പെണ്ണുങ്ങൾ ഊറിച്ചിരിച്ചു.
” അത് മനസ്സിലായെടീ ലീലേ , അത് പിടിക്കാൻ തന്നെയാ ഞങ്ങളീ പെണ്ണുങ്ങൾ മൊത്തം വന്നത് മറിയേടത്തി തിരിച്ചടിച്ചു.
ലീല അപ്പോൾ ചെറുചിരിയോടെ പറഞ്ഞു :
“പക്ഷേ ഒരു ജാരനല്ല ഒന്നിലധികം പേർ.എൻ്റെ വീട്ടിൽ കയറി പരിശോധിച്ചാൽ നിങ്ങൾക്കൊരാളെയും കിട്ടുകയുമില്ല”
” ആദ്യം ഞങ്ങൾ പരിശോധിക്കട്ടെ നീ മാറ് “
മറിയേടത്തി ലീലയുടെ കയ്യിൽ പിടിച്ചു.
ലീലയുടെ ഭാവം മാറി
“ദേ തള്ളേ ഇതെൻ്റെ വീടാണ് , വീട്ടിൽ കയറിയിട്ട് ആരെയും കിട്ടിയില്ലേൽ കേറുന്നവർ പിന്നെ പുറത്തിറങ്ങില്ല “
ലീലയുടെ മിന്നുന്ന പ്രകടനം കണ്ട് മറിയേടത്തി ഒന്ന് പകച്ചു. ലീല തുടർന്നു
“ഞാൻ പറഞ്ഞല്ലോ ജാരൻമാരുണ്ട്, പക്ഷേ അതിലൊരാളും ഈ വീടിനകത്തില്ല , അവർ നിങ്ങളുടെ ഇടയിലുണ്ട്. ഞാൻ ആരുടേയും പേര് പറയില്ല . കാരണം നാളെ ഈ നാട്ടിലെ മഞ്ഞ പത്രത്തേക്കാൾ തരം താണ ചാനലുകളിൽ മുഴുവൻ അവരുടേയും എൻ്റേയും കഥകളാവും , അവരുടേയും കുടുംബം തകരും . എന്നെയത് ബാധിക്കില്ല. ഞാൻ മുങ്ങും. പക്ഷേ നിങ്ങളിൽ ഒരാളുടെയോ ഒന്നിലധികം പേരുടേയോ കുടുംബം തകരും …… അത് ചിലപ്പോ ഈ റോസമ്മയുടെ കുടുംബമാകാം, സുഭദ്രേച്ചിയുടേതാവാം, പഞ്ചായത്ത് മെമ്പർ തങ്കമ്മയുടേതാവാം എന്തിന് ഈ മറിയ കുട്ടിയേടത്തിയുടേത് പോലുമാവാം ……. ഇനി നിങ്ങൾ തീരുമാനിക്ക് ഞാൻ പേര് പറയണോ ?
തീഷ്ണമായ ലീലയുടെ പ്രസംഗം കേട്ട് അവിടെ കൂടി നിന്ന സ്ത്രീകൾ ഒന്നടങ്കം പരസ്പരം നോക്കി .
അന്നാദ്യമായി പഞ്ചായത്ത് മെമ്പർ ഒരു തീരുമാനം പറഞ്ഞു:
” ലീലേച്ചി നമുക്ക് പ്രിയപ്പെട്ടവളായി തുടരട്ടെ , ഇന്ന് നടന്ന സംഭവം പുറം ലോകമറിയരുത്, അറിഞ്ഞാൽ നമ്മൾ സ്ത്രീകളുടെ കഴിവ് കേടായി വ്യാഖ്യാനിക്കപ്പെട്ടേക്കാം , അതിനനുവദിച്ച് കൂടാ, എന്നാൽ ലീലയുടെ യഥാർത്ഥ ജാരനെ കണ്ട് പിടിക്കുന്ന ദിവസം , കണ്ട് പിടിക്കപ്പെടുന്നയാൾ നമ്മുടെയാരുടേയും ഭർത്താക്കൻമാരല്ല എന്ന് സ്ഥിരീകരിക്കപ്പെട്ടാൽ അന്ന് അയാളുമായി ലീലേച്ചിയുടെ കല്യാണം “
” സമ്മതം ”….. എല്ലാവരും ഒന്നടങ്കം പറഞ്ഞു.
അപ്പോൾ ലീലയും പറഞ്ഞു.. ” സമ്മതം പക്ഷേ , ഇന്നത്തെ സംഭവത്തിൻ്റെ പേരിൽ ഒരു ഭർത്താവും പീഢിപ്പിക്കപ്പെടാനോ , എന്നെ ഈ നാട്ടിൽ ഒറ്റപ്പെടുത്താനോ പാടില്ല!” “
“സമ്മതം ! സമ്മതം ” അതിനും ഒത്തൊരുമിച്ചുള്ള മറുപടി.
” ശരി …… എന്നാൽ എല്ലാവരും പിരിഞ്ഞു പോകു” മറിയ കുട്ടിയേടത്തിയുടെ കൽപ്പന കേട്ട് എല്ലാവരും അവരവരുടെ വീടുകളിലേക്ക് നടന്നു.
നടന്നു പോകുമ്പോൾ പല ഭാര്യമാരും ഭർത്താക്കൻമാരെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
ലീല നെടു നിശ്വാസത്തോടെ അകത്ത് കയറി വാതിലടച്ചു . എന്നിട്ട് പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ തുറന്നിട്ട് മുറിയിലേക്ക് നോക്കി വിളിച്ചു
“മോനേ ഇറങ്ങി വാ “
ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ മുറിയിൽ നിന്നും ഇറങ്ങി വന്നു.
” എന്താണമ്മേ ……എന്തിനാണ് എന്നെ പൂട്ടിയിട്ടത് , നാലഞ്ച് വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ വന്നിട്ട് ഇവിടെന്താണ് സംഭവിച്ചത് ” ആകുലതയോടെ അവൻ ചോദിച്ചു.
അപ്പോൾ ലീലേച്ചി പറഞ്ഞു ” മോനേ എനിക്ക് ഏതാണ്ട് ആ മറിയേടത്തീടെ പ്രായമുണ്ടെന്നോ , പത്ത് മുപ്പത് വയസ്സുള്ള മകനുണ്ടെന്നോ ഈ നാട്ടിൽ ആർക്കും അറിയില്ല. അറിഞ്ഞാൽ എൻ്റെ ഇമേജ് തകരും , ഉദ്ഘാടനങ്ങളിലൂടെ ലഭിക്കുന്ന പണം കിട്ടാതാവും ,ആരാധകർ വിഷമിക്കും ……പിന്നെ എനിക്കീ നാട്ടിൽ ജീവിക്കാനാവില്ല… നീ മനസ്സിലാക്ക് . അതുകൊണ്ട് നീ ഇപ്പോൾ ഇവിടെ നിന്നും പോകണം …..എത്രയും പെട്ടന്ന് “
” എനിക്കൊന്നും മനസ്സിലാവുന്നില്ല , എൻ്റ ഭാര്യ മരിച്ചു പോയത് കൊണ്ടല്ലേ എൻ്റെ മോനെ അമ്മയെ ഏല്പിച്ച് ഞാൻ വിദേശത്ത് പോയത്, എൻ്റെ മോൻ്റെ കൂടെ രണ്ട് ദിവസം നിൽക്കണ്ടേ എന്താണമ്മ പറയുന്നേ “
” നീ ഞാൻ പറയുന്നതനുസരിക്ക്. പിന്നെ, നിനക്കത്ര നിർബന്ധമാണേൽ ടൗണിൽ ഒരു വീടെടുക്ക് ഞാൻ മോനുമായി ഇടയ്ക്കിടെ വരാം ”
മനസ്സില്ലാ മനസ്സോടെ മകൻ ആരും കാണാതെ യാത്രയായി.
തുടർന്നുള്ള ദിവസങ്ങൾ ആ ഗ്രാമം മുൾമുനയിലൂടെയാണ് കടന്ന് പോയത് . ലീലയുടെ ജാരനെന്ന തീറ്റക്കായി ചാനലുകാർ കുറ്റിക്കാട്ടിലൊളിച്ചിരുന്നു… കിട്ടിയിയില്ല. പെണ്ണുങ്ങൾ വേഷം മാറി നടന്നു കിട്ടിയില്ല.. യൂട്യൂബർമാർ സ്നേഹം നടിച്ചെത്തി ഒന്നും കിട്ടില്ല.
എല്ലാ ആരോപണങ്ങൾക്കും മീതെ
ലീല ആ നാട്ടിലൂടെ തലയുയർത്തി നടന്നു…..
