രചന : രാധിക പ്രവീൺ മേനോൻ ✍️
നിങ്ങളുടെ ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?
കുടുംബകോടതിയിൽ വിവാഹമോചന കേസിന്റെ വിചാരണ വേളയിൽ ജഡ്ജിയുടെ ചോദ്യം കേട്ട് അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു..
ഇല്ല
നിങ്ങളുടെ ഭർത്താവിന് മറ്റു സ്ത്രീകളുമായിട്ട് എന്തെങ്കിലും ബന്ധം ഉള്ളതായി നിങ്ങൾക്ക് അറിയാമോ?
അറിയില്ല.
നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ആവശ്യങ്ങൾ ഒന്നും നടത്തി തരുന്നില്ലേ..
അവൾ ഒന്നും മിണ്ടിയില്ല. ആ മുറിയിൽ വളരെ കുറച്ചു പേരെ ഉള്ളെങ്കിലും അവളുടെ നിശബ്ദത എല്ലാവരിലും ആകാംക്ഷ ഉണർത്തി.
നിങ്ങൾ എന്താണ് മിണ്ടാത്തത്. ഈ പറയുന്ന കുറ്റങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തിനാണ് വിവാഹമോചനം വേണം എന്ന് നിങ്ങൾ ആവശ്യപെടുന്നത്.
‘നോക്കൂ കുട്ടി’, അവളുടെ നിശബ്ദതയെ ഒരു അനുകൂല സാഹചര്യം ആക്കി ഇത്തിരി പ്രായം ചെന്ന അദ്ദേഹം തുടർന്നു.
വിവാഹം ഒരു ഉടമ്പടി അല്ലെ… ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും ഒക്കെ വെയ്ക്കണം. നമ്മുടെ ഇഷ്ടം മാത്രം നോക്കരുത്. പരസ്പരം വിശ്വാസം ഉണ്ടെങ്കിൽ പിന്നെ ഒരു വേർപിരിയൽ എന്തിന്
നിങ്ങളുടെ ഭർത്താവ് നിങ്ങളെ കുറിച്ച് മോശമായിട്ട് ഒന്നും പറഞ്ഞില്ല. നിങ്ങളും ഞാൻ ചോദിച്ചതിന് പറഞ്ഞ മറുപടി നോക്കിയാൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തോന്നുന്നു. അപ്പോൾ പിന്നെ എന്തിനാ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
അവൾ മുഖമുയർത്തി, ആ മുഖം എന്തോ തീരുമാനിച്ചുറച്ചപോലെ
സർ
അവൾ പതിയെ വിളിച്ചു. എല്ലാ മുഖങ്ങളും അവളുടെ നേരെ ഉറ്റുനോക്കി. എന്താണ് അവൾക്ക് പറയാൻ ഉള്ളത് എന്ന് അറിയാൻ ഒരു ആകാംഷ.
സർ, ഒരു വിവാഹിത ആയ സ്ത്രീ എന്താവും അവളുടെ ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്നത്.
മദ്യപിച്ചു വീട്ടിൽ എത്തി ഉപദ്രവിക്കാത്ത ഭർത്താക്കന്മാർ എല്ലാം പാവം ആണോ. മറ്റു സ്ത്രീകളുമായി ബന്ധം ഇല്ലാത്തവർ എല്ലാം മാന്യമാർ ആണോ.
സർ, ഒരു മദ്യപാനിയുടെ ഉപദ്രവം ഏൽക്കുമ്പോൾ ശരീരം ആണ് കൂടുതൽ വേദനിക്കുക. അത് പതിയെ മാറും. മറ്റു സ്ത്രീകളെ ആശ്രയിക്കുമ്പോൾ അത് ഒരു ഭാര്യയുടെ പരാജയം ആയി വേണമെങ്കിൽ വിധിയെഴുതുന്ന ലോകം.
പക്ഷേ ഇതൊന്നുമല്ല സർ, ഒരു ഭാര്യ ആഗ്രഹിക്കുക.
ജഡ്ജി അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി.
ഒരു പെണ്ണിന് ഇരുട്ടിലെ ബലിഷ്ഠമായ കരങ്ങളെക്കാൾ ഇഷ്ടം വെളിച്ചത്തിൽ ചേർത്ത് പിടിക്കുന്ന ദുർബലമെങ്കിലും സ്നേഹം കൊണ്ട് തലോടുന്ന കരങ്ങൾ ആണ്
വന്നു കേറിയ പെണ്ണിന്റെ നേരെ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ, സൗന്ദര്യം കുറഞ്ഞതിന്റ പേരിൽ, നിറത്തിന്റെ പേരിൽ ഒക്കെഅച്ഛനമ്മമാർ കുറ്റപ്പെടുത്തുമ്പോൾ, ഒരു തെറ്റും ചെയ്യാതെ പഴികേൾക്കേണ്ടി വരുമ്പോൾ നട്ടെല്ലുള്ള ഭർത്താക്കന്മാർ ഭാര്യയെ ചേർത്ത് പിടിക്കണം.
കുറഞ്ഞ പക്ഷം അവരുടെ മുൻപിൽ അല്ലാത്തപ്പോഴെങ്കിലും.. സാരമില്ല, പോട്ടേ നിനക്ക് ഞാൻ ഇല്ലേ എന്നൊന്ന് പറയാൻ കഴിയുന്ന ഭർത്താക്കന്മാർ ഉണ്ടായാൽ ഇവിടെ ഉത്രജമാരും വിസ്മയമാരും ആവർത്തിക്കപ്പെടില്ല. മൂർഖന്റെ വിഷത്തേക്കാൾ ഉള്ളിൽ വിഷം ഉള്ളവർക്ക് ഒരു പെണ്ണിന്റെ മനസ് കാണാൻ എങ്ങനെ കഴിയും സർ.
എന്റെ ഭർത്താവ് ഒരു മദ്യപാനി അല്ല, മറ്റ് ബന്ധങ്ങൾ വിവാഹത്തിന് ശേഷം ഉള്ളതായി എനിക്ക് അറിയുകയും ഇല്ല. പക്ഷേ എന്റെ ഭർത്താവിന് ഞാൻ ആരാണ് എന്ന് അദ്ദേഹത്തിന് നിശ്ചയമില്ല.
ഭാര്യ എന്നാൽ ഇരുട്ടിൽ മാത്രം സ്നേഹിക്കപ്പെടേണ്ട ഒരു വ്യക്തി. അത് കഴിഞ്ഞാൽ അടുക്കള എന്ന ലോകത്തിൽ ഒതുങ്ങേണ്ടവൾ. അമ്മയ്ക്ക് കുത്താൻ ഒരു കളിപ്പാട്ടം.
സർ എനിക്ക് ആവശ്യം കൂടെകിടക്കുമ്പോൾ മാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ അല്ല. അത് കഴിഞ്ഞു ഇടയ്ക്ക് എങ്കിലും ഒന്ന് പുഞ്ചിരിക്കാൻ, നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോന്നു ഒന്ന് ചോദിക്കാൻ, അമ്മയുടെ കുത്തുവാക്കുകൾ കേൾക്കുമ്പോൾ അരികെ വന്നു പോട്ടേ നിനക്ക് ഞാൻ ഇല്ലേ എന്നൊന്ന് പറയാൻ ഒരാൾ.
വിവാഹം ഒരു ഉടമ്പടി തന്നെ ആണ് സർ.. അത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഉള്ളത് മാത്രം അല്ല. രണ്ടു കുടുംബങ്ങൾ, രണ്ടു രീതികൾ ഇവയെല്ലാം ആ ഉടമ്പടിയിൽ ഉണ്ട്.
ഒരു പെണ്ണ് അവളെ വളർത്തി വലുതാക്കി, അവസാനം ഉള്ളത് വിറ്റ് പെറുക്കി സ്ത്രീധനം കൊടുക്കാൻ കടവും വരുത്തി, എങ്കിലും തന്റെ കുഞ്ഞു നന്നായി ജീവിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ ഇട്ട് മറ്റൊരു കുടുംബത്തിലേയ്ക്ക് വരുമ്പോൾ, ആണിന്റെ കുടുംബവും ഒന്നോർക്കണം.
ഇനി അവർ മറ്റൊരു കുടുംബം ആണെന്ന്. അവർക്ക് ഒന്ന് മിണ്ടാനും അടുത്തിരിക്കാനും പാതിരാത്രി വരെ കാത്തിരിക്കണ്ട. അവർ സന്തോഷമായി ജീവിക്കട്ടെ എന്ന്.
ഭർത്താവിന്റെ അപ്പനും അമ്മയും, അവർക്ക് ആശ്രയിക്കാൻ അവരുടെ ആൺമക്കൾ അല്ലാതെ ആരാണ്,? എനിക്ക് അതറിയാം.
പക്ഷേ മാതാപിതാക്കൾക്ക് ഒപ്പം സ്ഥാനം നൽകിയില്ലെങ്കിലും, വന്നുകേറിയവൾ എന്നല്ല, അവളും ഈ വീട്ടിലേതാണ് എന്ന് ചിന്തിക്കുമ്പോൾ ആ കുടുംബം ശാന്തമായി ഒഴുകും.
എനിക്ക് ജീവിക്കണം, ഒരു കുറ്റവാളിയെ പോലെ അല്ല. ഒരു പെണ്ണായി ജീവിക്കണം. സ്നേഹം എന്നത് എന്തെന്ന് ഇനിയെങ്കിലും തിരിച്ചറിയട്ടെ……..കരഞ്ഞു കരഞ്ഞു തളർന്നു. പിന്നെ ഓർത്തു എന്തിന്…. എന്തിനു ഞാൻ കരയണം….
ഞാൻ ഒരു പെണ്ണ് ആയി എന്നത് കൊണ്ട് അടിച്ചമർത്തപ്പെട്ടു ജീവിക്കാൻ വയ്യ സർ. ആവർത്തിക്കപ്പെടുന്ന ആത്മഹത്യകളിൽ ഒന്നാകാൻ വയ്യ. എനിക്ക് മരിക്കാൻ അല്ല ഇഷ്ടം.
പുരുഷൻ കൂടെയില്ലെങ്കിലും സ്ത്രീകൾക്ക് ജീവിക്കാൻ ആകും എന്ന് ദുർബലകളായവർക്ക് കാണിച്ചു കൊടുക്കാൻ എനിക്ക് ഡിവോഴ്സ് വേണം.
ജഡ്ജി പേന താഴെ വെച്ചു. കുനിഞ്ഞു തന്നെ ഇരിക്കുന്ന അവളുടെ ഭർത്താവിന്റെ മുഖത്തേയ്ക്ക് നോക്കി.
പിന്നെ പതിയെ തലയാട്ടി. അവളുടെ തീരുമാനം ശരിയെന്ന പോലെ…..
🌸