ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ !

അമ്പലത്തിന്റെ പടവുകളിറങ്ങുമ്പോൾ വരദ കണ്ടു. യക്ഷിയമ്പലത്തിലെ ചുറ്റുവിളക്കുകൾ തെളിഞ്ഞു കത്തുന്നു .
” ദേ മീനു അതാ അമ്മ പറഞ്ഞു തന്ന കഥകളിലെ യക്ഷിയമ്പലം.. “
യക്ഷിയമ്പലത്തിനു ചുറ്റും നിറയെ ചെടികൾ പൂത്തുനിന്നിരുന്നു… പാലമരത്തിലെ പൂക്കളുടെ മണം മൂക്കിലേക്ക് അടിച്ചുകയറുന്നു
” ഇപ്പോൾ സന്ധ്യ ആയതല്ലേയുള്ളു.. എന്നിട്ടും യക്ഷീന്ന് കേൾക്കുമ്പോൾ പേടിയാവുന്നു അപ്പോൾ രാത്രി എന്തായിരിക്കും സ്ഥിതി? “
മീനു ഭീതിയോടെ പറഞ്ഞു.

” പേടിക്കാനൊന്നുമില്ല.. മനസ്സിൽ നന്മയുള്ളവരെ അമ്മ ഉപദ്രവിക്കില്ല…മാത്രമല്ല ആപത്തിൽ പെട്ടാൽ രക്ഷിക്കുകയും ചെയ്യും..
ഏതോ ഓർമ്മകൾ അമ്മയുടെ മനസ്സിലേക്ക് വന്നുവെന്ന് മീനുവിന് മനസ്സിലായി… അതെന്താണെന്നും അവൾക്ക് പെട്ടെന്ന് പിടികിട്ടി.
അന്നൊരു ഉത്സവരാത്രിയായിരുന്നു…
കുപ്പിവളകൾ വരദയുടെ പ്രിയപ്പെട്ടതായിരുന്നു.. കൂട്ടുകാരികളോടൊത്തു വളക്കച്ചവടക്കാരന്റെ അടുത്ത് നിൽക്കുമ്പോഴാണ് സരയു വന്നു പറഞ്ഞത് നന്ദേട്ടൻ വിളിക്കുന്നു ണ്ടെന്ന്…
യക്ഷിയമ്പലത്തിനോട് ചേർന്നുള്ള ഇലഞ്ഞിയുടെ ചുവട്ടിലാണ് നന്ദേട്ടനും താനും കണ്ടുമുട്ടുന്നത്… ഇളംകാറ്റടിക്കുന്ന സന്ധ്യാനേരങ്ങളിൽ ഇലഞ്ഞിയുടെ വേരിൽ രണ്ടാളും ചേർന്നിരിക്കും…

കിനാവുകൾ പങ്കുവെയ്ക്കും… കൈകൾ കോർത്തുപിടിച്ചിരിക്കും. മിഴികളിലേക്ക് നോക്കിയിരിക്കും… എല്ലാത്തിനും സാക്ഷിയായ യക്ഷിയമ്മ തങ്ങൾക്ക് കൂട്ടുണ്ടായിരിക്കുമെന്ന് രണ്ടാൾക്കും ഉറച്ച വിശ്വാസം ഉണ്ടായിരുന്നു .
ഒരു കാലത്ത് യക്ഷിയമ്മയും പ്രണയകഥയിലെ നായികയായിരുന്നു..
കാദംബരി എന്നായിരുന്നു അവരുടെ പേര് ഗർഭിണിയായ അവരെയും പ്രണയ നായകനെയും ക്രൂരമായി കൊന്നു കളഞ്ഞു കാരണവന്മാർ.. പ്രതികാരദാഹിയായ യക്ഷിയായിത്തീർന്ന കാദംബരി ആ തറവാടിന്റെ അടിത്തറ വരെ ഇളക്കി കളഞ്ഞു…
രക്‌തദാഹിയായി അലഞ്ഞു നടന്ന കാദംബരിയെ മിത്രൻ നമ്പൂതിരിപ്പാട് മാന്ത്രിക കർമ്മങ്ങളിലൂടെ തളച്ചു… ദുരാത്മാവിനെ ഹോമങ്ങൾ ചെയ്തു ശാന്ത സ്വരൂപിണിയായി ശിവക്ഷേത്രത്തിനു സമീപം ഒരു കോവിൽ പണിതു കുടിയിരുത്തി…

വിളിച്ചാൽ വിളിപ്പുറത്തെത്തി അനുഗ്രഹങ്ങൾ ചൊരിഞ്ഞു കാദംബരിയമ്മ ആ നാടിനു കാവലായി…
അങ്ങനെയുള്ള യക്ഷിയമ്മ തങ്ങളുടെ സ്നേഹത്തെ സംരക്ഷിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു..
ഉത്സവം പ്രമാണിച്ചു അമ്പലത്തിൽ ഭയങ്കര തിരക്കുണ്ട്…
സന്ധ്യാ പൂജ കഴിഞ്ഞാൽ യക്ഷിയമ്പലം കൊട്ടി യടയ്ക്കും… പിന്നീടാരും ആ രാത്രിയിൽ അങ്ങോട്ടെയ്ക്ക് പോകാറേയില്ല.. പിറ്റേന്ന് രാവിലെ ശംഖു വിളിച്ചു യക്ഷിയമ്മയെ ഉണർത്തും… പിന്നീട് മൂന്നു തവണ വാതിലിൽ മുട്ടി വിളിച്ചു അനുവാദം ചോദിച്ചിട്ടേ പൂജയ്ക്ക് പൂജാരി കയറാറുള്ളു.

എല്ലാവരുടെയും കണ്ണ് വെട്ടിച്ചു വരദ യക്ഷിയമ്പലത്തിനടുത്തേക്ക് ചെന്നു.. പുറംതിരിഞ്ഞു നിന്ന ആളിനടുത്തേക്ക് അവൾ സന്തോഷത്തോടെ ഓടിച്ചെന്നു…
” നന്ദേട്ടാ… “
പുറം തിരിഞ്ഞു നിന്നയാൾ അവൾക്ക് അഭിമുഖമായി തിരിഞ്ഞു.
വരദ അരണ്ട വെളിച്ചത്തിലും ആ മുഖം തിരിച്ചറിഞ്ഞു. നരേന്ദ്രൻ..
നാട്ടിലെ തികഞ്ഞ അക്രമി… മദ്യപാനവും മദിരാക്ഷിയുമൊക്കെ അയാളുടെ വിനോദങ്ങളാണ്… സരയുവിനെ വശത്താക്കി തന്നെ നന്ദേട്ടന്റെ പേരും പറഞ്ഞു ഇവിടെ എത്തിക്കുകയായിരുന്നുവെന്ന് അവൾക്ക് മനസ്സിലായി.
തിരിഞ്ഞോടാൻ ശ്രമിച്ച വരദയെ അയാൾ കടന്നു പിടിച്ചു…
” വാടി ഇവിടെ. കുറെ നാളായി നിന്നെ ഞാൻ മോഹിക്കാൻ തുടങ്ങിയിട്ട് ഇന്നാണ് അതിന് സമയമൊത്തത്.. നിന്റെയാ നന്ദഗോപനെ മാത്രമേ നിനക്ക് കണ്ണിൽ പിടിക്കുവൊള്ളോ… ഞങ്ങളാരും ആണുങ്ങളല്ലേടി”?

പൈശാചികമായി ചിരിച്ചുകൊണ്ട് നരേന്ദ്രൻ വരദയെ മാറിലേക്ക് ചേർക്കാൻ ശ്രമിച്ചു. നിലവിളിക്കാൻ തുനിഞ്ഞ അവളുടെ വായ പൊത്തിപ്പിടിച്ചു അയാൾ…
അവൾ കുതറിക്കൊണ്ടേയിരുന്നു… അയാൾ അവളെ വലിച്ചിഴച്ചുകൊണ്ട് അമ്പലത്തിന്റെ പുറകുവശത്തേക്ക് നടന്നു…
ഉത്സവമേളങ്ങളുടെ ബഹളത്തിനിടയിൽ ആരും അവളുടെ നിലവിളി കേട്ടില്ല… പെട്ടെന്ന് യക്ഷിയമ്പലത്തിൽ ശ്രീകോവിലിനുള്ളിൽ എന്തൊക്കെയോ ബഹളം കേട്ടു…വിളക്കുകൾ മറിഞ്ഞു വീഴുന്നപോലെ ശബ്ദം കേട്ടു… എവിടെനിന്നെന്നറിയാതെ പെട്ടെന്നൊരു കാറ്റ് ചീറിയടിച്ചു… അമ്പലത്തിനു ചുറ്റും നിന്ന മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞു വീഴാൻ തുടങ്ങി…

നരേന്ദ്രന്റെ കഴുത്തിലൊരു പിടി വീണു… വേദന സഹിക്കാൻ വയ്യാതെ അയാൾ അമറി… വരദയുടെ മേലുള്ള അയാളുടെ പിടി അയഞ്ഞു..
അമ്പരപ്പോടെ വരദ കണ്ടു… കണ്ണിൽ തീജ്വാലകളുമായി ഒരു ഭീകരരൂപിയായ സ്ത്രീ.. അവളുടെ കയ്യിൽ പിടയുന്ന നരേന്ദ്രൻ…. ഒരു ഞെട്ടലോടെ വരദ തിരിച്ചറിഞ്ഞു… കാദംബരിയമ്മ.
ഞെട്ടറ്റ ഒരില പോലെ വരദ ബോധം മറഞ്ഞു താഴെവീണു…
പിന്നെ കണ്ണ് തുറന്നപ്പോൾ ചുറ്റിനും ഒരുപാട് ആളുകൾ ചകിതരായി നിൽക്കുന്നു. കാരണം… വരദയുടെ തൊട്ടപ്പുറത്തു കണ്ണും മിഴിച്ചു മരിച്ചുകിടക്കുന്ന നരേന്ദ്രൻ….
ആ വാർത്ത കാട്ടുതീ പോലെ പടർന്നു… ” വരദയെ ഉപദ്രവിക്കാൻ ശ്രമിച്ച നരേന്ദ്രനെ യക്ഷി വധിച്ചു… “
പിന്നീട് കുറെ നാളുകളെടുത്തു മനസ്സൊക്കെ ഒന്ന് നേരെയാവാൻ…
” നീയെന്താ കിനാവ് കാണുന്നോ പെണ്ണെ? “

മുന്നിൽ ചോദ്യവുമായി നന്ദേട്ടൻ…
” അമ്മ പഴയ കാര്യങ്ങളൊക്കെ ഓർത്തെടുക്കുകയായിരുന്നു അച്ഛാ.. “
” ഇവിടെ വരുമ്പോൾ പഴയ കാലത്തേക്ക് മടങ്ങാൻ വെറുതെ മോഹിക്കും… പക്ഷെ… “
നന്ദന്റെ വാക്കുകളിൽ നിരാശയും നൊമ്പരവും കലർന്നിരിക്കുന്നുവെന്ന് വരദ മനസ്സിലാക്കി…
അവർ മൂവരും ഒരുപോലെ യക്ഷിയമ്പലത്തിലേക്ക് നോക്കി കൈകൾ കൂപ്പി….
പാലമരത്തിന്റെ താഴ്ന്ന ചില്ലകളിൽ നിന്നും പൂവുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
പേരാലിന്റെ ചുവട്ടിൽ നേർച്ചയ്ക്കായി ഭക്തർ കൊരുത്തുകൊണ്ടിടുന്ന കറുത്ത കുപ്പിവളകൾ കിലുകിലെ കിലുങ്ങി…..

അപ്പോൾ വരദയുടെ മനസ്സിലും ഒരുരൂപം തെളിഞ്ഞു… ഭക്തർ ആപത്തിൽ പെടുമ്പോൾ വിളിപ്പുറത്തെത്തുന്ന കാദംബരിയമ്മയുടെ തേജസ്സുള്ള മുഖം….

By ivayana

Leave a Reply

Your email address will not be published. Required fields are marked *