ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ !

നാട്ടിലെ പ്രധാനകരടികളിക്കാരാണ് ശശിയണ്ണൻ, അപ്പുക്കുട്ടൻ, മണിയാശാൻ, ഓമനക്കുട്ടൻ തുടങ്ങിയവർ.
താനിന്നെ താനിന്നെ തന്നാന…. തനി താനിന്നെ… ഇങ്ങനെ തുടങ്ങുന്ന കരടിപ്പാട്ടിൽ ഗായകന്റെ ഭാവനാവിലാസവും ചേരുമ്പോൾ ചില്ലറ അടികലശൽ വരെ സംഭവിച്ചിട്ടുണ്ട്.
ആയിടയ്ക്ക് നടന്ന ഒരു പ്രണയം അങ്ങനെ പാട്ടായി. അത് പെണ്ണിന്റെ വീട്ടിൽ തന്നെ പാടിയാലോ!!?
“അഞ്ചാംലുംമൂട്ടിൽ സിനിമക്ക് പോയപ്പോൾ ആരാണ്ടോട് ചിരിച്ചു പോലും!”?
ആളെ പറഞ്ഞയച്ചെന്റെ ആറാംമാലി അടിച്ചൊടിച്ചേ…”!?ഓ താനിന്നെ…..!
കരടിപ്പാട്ടിൽ വടക്കൻ കരടി വരുന്ന രംഗമുണ്ട്.
“വാടാവടക്കൻ കരടി മനോഹര……ചാടി കളിയെടാ…..”
പാട്ട് പലകുറി പാടിയിട്ടും വടക്കൻ കരടിയെ കാണുന്നില്ല…..!!
ഒടുവിൽ കാര്യം തിരക്കിയപ്പോൾ…… വടക്കൻ കരടിവേഷം കെട്ടിയ ശശിയണ്ണൻ എരുത്തിലിൽ ഒളിച്ചിരിക്കയായിരുന്നു. തന്റെ ഭാഗം പാട്ട് വരുമ്പോൾ ചാടിവീഴാൻ…………. പക്ഷേ ഈർക്കിൽ ഉരിഞ്ഞ ഓല പശുവിന് പെരുത്ത ഇഷ്ടമായിരുന്നു. വടക്കൻ കരടിയെ പശുതിന്നുകയായിരുന്നു. ചിരിയുടെ പൂരം അവിടെ തുടങ്ങി. ഇന്നും ശശിയണ്ണനെ കാണുമ്പോൾ കരക്കാർ ഈണത്തിൽ താളത്തിൽ തഞ്ചത്തിൽ ഒന്നിച്ചു പാടും.
“വാടാ വടക്കൻ കരടി മനോഹരാ…..”
ശശിയണ്ണന്റെ നാട്ടുഭാഷ അവിടെ ആരംഭിക്കും.
പിന്നൊരു ഓണക്കാലം അന്ന് കരടിവേഷം കെട്ടിയത് ഓമനകുട്ടൻ. ഓമനക്കുട്ടന്റെ അമ്മ ജേഷ്ഠാനുജന്മാരെവിവാഹം കഴിച്ചതായിരുന്നു. പണ്ടൊക്കെ അങ്ങനെ പല വീടുകളിലും വിവാഹം നടന്നിരുന്നു.
പാട്ടുകാരന്റെഭാവന പൊരിഞ്ഞ അടിയിലാണ് അവസാനിച്ചത്.
എങ്ങനെ അടി നടക്കാതിരിക്കും? നിങ്ങള് തന്നെ ഒന്നാലോചിച്ചു നോക്കിയേ!”?
ആ വരികൾ ഇപ്രകാരമായിരുന്നു.
“പരമേശ്വരന്റെയും,നാരായണന്റെയുംഓമന പുത്രനാണീ ക്കരടി….. ഓ….. താനിന്നെ… താനിന്നെ…. തന്നാന….”
അന്ന് ഓമനക്കുട്ടന്റെ അടിയിൽ തെറിച്ചുപോയഅപ്പുക്കുട്ടന്റെ രണ്ട് അണപ്പല്ലുകൾകരടികളിയുടെചിരിപ്പിക്കുന്ന വേദനയായിഓർമ്മയായി.
അങ്ങനെ ചിരിയും ചിന്തയുംനിറഞ്ഞ ഓണക്കാലം. ഒളി മങ്ങാത്തഓർമ്മയായി ഈ ഓണക്കാലത്തും മായാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു………………………
പുറത്തു ഒരു കരടിപ്പാട്ടിന്റെആരവം കേൾക്കുന്നു……. .
പുതിയ അപ്പുക്കുട്ടന്റെ, ഓമനക്കുട്ടന്റെ വരവായിരിക്കാം.
നന്മ നിറഞ്ഞ ഓണാശംസകൾ 💞

രാജേഷ് ദീപകം

By ivayana

Leave a Reply

Your email address will not be published. Required fields are marked *