ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ !

സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. പരാതി കിട്ടിയിട്ടുണ്ടത്രേ…
‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…’
ആ പോലീസുകാരൻ വ്യക്തമാക്കി. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം. ദുരുദ്ദേശ്യത്തോടെയുള്ള മെസ്സേജുകൾ ഒരു സ്ത്രീക്ക് അയച്ചിരിക്കുന്നു.
‘ആരാ അത്…?’
”നിങ്ങള് സ്റ്റേഷനിലേക്ക് വരൂ…”

സ്റ്റേഷനിലേക്ക് എത്തുന്നത് വരെ ആരായിരിക്കും അങ്ങനെയൊരു പരാതി കൊടുത്തതെന്നേ ചിന്തിച്ചുള്ളൂ… എല്ലാ സ്ത്രീകളേയും അമ്മയായും, പെങ്ങളായും, ദൈവമായും കാണുന്ന വളരേ മാന്യനായിട്ടുള്ള ആളൊന്നും അല്ല ഞാൻ. പക്ഷെ, അപമാര്യാദയായി പെരുമാറാറില്ല. പെരുമാറിയിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള കാരണം അവർ ഉണ്ടാക്കിയിട്ടുണ്ടാകും. എത്ര ആലോചിച്ചിട്ടും പരാതിക്ക് ആധാരമായ വിഷയത്തെയോ, ആളെയോ കണ്ടെത്താൻ സാധിച്ചില്ല.

‘സാറെ, വരാൻ പറഞ്ഞിരുന്നു…’
”ദാ.. അവിടെ ചോദിക്ക്…”
സ്റ്റേഷന്റെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കുന്ന പോലീസുകാരന്റെ മറുപടിയാണ്. അയാൾ ചൂണ്ടിയ ഇടത്തേക്ക് പോയി ഞാൻ ആവർത്തിച്ചു.
‘എന്താ പേര്…’
പേര് പറഞ്ഞു. ഫോണിൽ സംസാരിച്ച ശബ്ദം തന്നെയാണ് മുന്നിലെന്ന് തോന്നി.
‘അവരെ അറിയോ…?’
ശ്രദ്ധിച്ചപ്പോൾ, മഞ്ഞ സാരി ഉടുത്ത് ഒരു സ്ത്രീ ഇരിക്കുന്നു. എവിടെയോ കണ്ടത് പോലെ. ശരിയാണ്. മിക്കപ്പോഴും ഫേസ്ബുക്കിൽ കാണുന്ന മുഖം. അതെ. കമലാക്ഷി തന്നെ.. അവളുടെ മനോഹരമായ എത്രയോ ചിത്രങ്ങളിൽ ഞാൻ ഹൃദയം സമ്മാനിച്ചിട്ടുണ്ട്. അതും പല നിറങ്ങളിൽ. പക്ഷേ, അപമര്യാദയായി പെരുമാറാൻ പരസ്പരം സംസാരിച്ചതിന്റെ യാതൊരു ഓർമ്മയുമില്ല.

‘ഒരു പരിചയവും ഇല്ലാത്ത പെണ്ണുങ്ങൾക്ക് ഹൃദയം കൊടുക്കുന്നതാണെടൊ നിന്റെ പണി…?’
”പെണ്ണുങ്ങൾക്ക് മാത്രമല്ല, ആണുങ്ങൾക്കും കൊടുക്കാറുണ്ട്. പോസ്റ്റിലും, സ്റ്റോറിയിലും, നോട്സിലുമെല്ലാം കൊടുക്കാറുണ്ട്. അതിനല്ലേ സാറെ അങ്ങനെയൊക്കെയുള്ള ഫീച്ചേഴ്സ്…”
‘ആഹാ, നീ കൊള്ളാലോ…? ഇങ്ങട് മാറി നിന്നേ… പരിചയമില്ലാത്ത ആൾക്കാർക്ക് ഹൃദയം കൊടുത്താലുള്ള വകുപ്പ് എന്താണെന്ന് അറിയോ…? അന്യന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നത് കുറ്റമാണെമാണ് അറിയില്ലേ…’
ശരിയാണ്. തന്റെ സ്വകാര്യത കാത്ത് സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഞാൻ എന്തൊരു മണ്ടനാണ്. അത്ര പോലും ആലോചിക്കാനുള്ള വിവരം ഇല്ലാതായി പോയി. ഇനിയിപ്പോൾ പറഞ്ഞിട്ടെന്ത്‌ കാര്യം കേസായില്ലേ…
‘എഫ് ഐ ആർ ഇട്ടിട്ടില്ല. മാപ്പ് പറഞ്ഞ് ഊരാനുള്ള വഴി നോക്ക്…’

സ്നേഹമുള്ള പോലീസുകാരൻ. ഞാൻ ആ മഞ്ഞ സാരിയുടെ അടുത്തേക്ക് പോയി. ചിത്രത്തിൽ ഉള്ളതിനേക്കാളും സുന്ദരിയാണ് കമലാക്ഷി. നല്ല ഓർമ്മയുണ്ട്. കറുത്ത പാവാടയും ബ്ലൗസും ഇട്ട് മുട്ടോളം വെള്ളത്തിൽ തോട്ടിൽ ഇറങ്ങി നിൽക്കുന്ന ചിത്രത്തിൽ നിന്നാണ് അവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. അന്ന് ഞാനൊരു കറുത്ത ഹൃദയം പങ്കുവെച്ചു.

പിന്നീട് പലപ്പോഴും കമലാക്ഷി എന്റെ വിരൽത്തുമ്പിൽ തടഞ്ഞ് നിന്നിരുന്നു. അപ്പോഴൊക്കെ ഹൃദയങ്ങൾ കൊടുക്കാറുണ്ട്. ചിരിക്കുന്ന ആ സ്വർണ്ണമുഖവും സമ്മാനിക്കും. ഈമോജിയെന്ന് പരിഷ്കരിച്ച് വിളിച്ചാലും അതൊരു പുരാതന ചിത്രമൊഴിയാണ്. ഭാഷകൾ പോലും വ്യാപകമാകാത്ത കാലത്ത് മനുഷ്യരെ കോർത്ത് വെച്ച സുന്ദര ലിപിയാണ്…

കമലാക്ഷിയെ അവസാനമായി കണ്ടത് മിനിഞ്ഞാന്ന് ആണെന്ന് തോന്നുന്നു. അരഞ്ഞാണവും കാണിച്ച് വശ്യമായി പാറപ്പുറത്ത് കിടക്കുകയായിരുന്നു. അത്രയ്ക്കും ഇഷ്ടമായത് കൊണ്ട് എല്ലാ നിറങ്ങളിലുമുള്ള ഹൃദയങ്ങളും അയച്ചിരുന്നു. അതാണ് പ്രശ്നമായെതെന്ന് തോന്നുന്നു. ഒരു പെണ്ണിനും ഒന്നിൽ കൂടുതൽ ഹൃദയങ്ങൾ കൊടുക്കരുത്… കൊടുത്താലും, പല നിറങ്ങളിൽ അരുതേ, അരുത്….
‘കമലാക്ഷി മാഡം എന്നോട് ക്ഷമിക്കണം. ഇനി മേലാൽ ഞാൻ ഹൃദയം തരില്ല. ചിരിക്കുകയുമില്ല…’

“താൻ എന്നെ മാഡമൊന്നും വിളിക്കണ്ട. താനെന്താടോ കരുതിയത്… കാണുന്ന പെണ്ണുങ്ങളെല്ലാം ഇളക്കമുള്ളവരാണെന്നോ…”
‘പറഞ്ഞില്ലേ… തെറ്റ് പറ്റിപ്പോയി.. ക്ഷമിക്കൂ…’
കാമലാക്ഷി ക്ഷമിച്ചു. ചമ്മിയ മുഖത്തോടെയാണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത്. ആകെ നാണക്കേടായി. കേസായ കാര്യം കമലാക്ഷിയെങ്ങാനും പരസ്യമാക്കിയാൽ മാനം പോകും. കുഞ്ഞമ്മയുടെ നാത്തൂന്റെ മരുമോള് വരെ ലിസ്റ്റിൽ ഉണ്ട്. ആ ചിന്തയിലാണ് ഫ്രണ്ട് ലിസ്റ്റിന്റെ കാര്യം ഓർത്തത്. ശരിയാണല്ലോ… ആ ലിസ്റ്റിൽ പെട്ടത് കൊണ്ടല്ലേ കമലാക്ഷിയെ കാണേണ്ടി വരുന്നത്. ഇറങ്ങി പോകാനും, ബ്ലോക്ക്‌ ചെയ്യാനും മാർഗ്ഗം ഉള്ളപ്പോൾ എന്തിനാണ് എന്നെ നിലനിർത്തിയത്…

´മണ്ടാ… പറയേണ്ടത്, പറയേണ്ട നേരത്ത്, പറയേണ്ട ആൾക്കാരോട് പറയണം…’
സ്വയം തലക്കിട്ട് കൊട്ടിയിട്ടായിരുന്നു ആ ആത്മഗതം. ഇതെല്ലാം ഉൾപ്പെടുത്തി കമലാക്ഷിക്ക് മെസ്സേജ് അയച്ചാൽ അടുത്ത കേസ് അതായിരിക്കും. എന്തായാലും നടക്കേണ്ടതെല്ലാം നടന്നു. കുറച്ച് നേരം കടപ്പുറത്ത് ഇരുന്നിട്ട് പോകാം. ഉച്ചയാണ്. അവിടുത്തെ പഴുത്ത മണലിലൂടെ വെയില് കൊണ്ട് നടക്കുമ്പോൾ വെളിവ് വെക്കുമായിരിക്കും…

‘ഈ വെയിലത്ത് കടലിലേക്ക് പോകാൻ നിങ്ങൾക്ക് കിറുക്കാണോ ചേട്ടാ…!? ‘
കോളേജ് പിള്ളാരാണെന്ന് തോന്നുന്നു. കടലിലേക്ക് നടക്കാൻ തുടങ്ങിയ എന്നോട് വിശാലമായ മരത്തണലിൽ ഇരിക്കുന്നുണ്ടായിരുന്ന അവർ കളിയാക്കുന്നത് പോലെയാണ് അങ്ങനെ ചോദിച്ചത്. അതിൽ ഒരുത്തൻ പിറകേ നടന്ന് വീഡിയോയും എടുക്കുന്നുണ്ട്. ചോദിച്ചപ്പോൾ കടലിനെയാണ് പോലും പകർത്തുന്നത്. പ്രതികരിച്ചില്ല. തിരിഞ്ഞ് പോലും നോക്കിയില്ല. ആർത്ത് ഉലയാത്ത തിരകളുടെ തുമ്പുകളെയും നോക്കി തല ഉയർത്തി നടന്നു.

യഥാർത്ഥത്തിൽ ഇതൊക്കെ തന്നെയല്ലേ സോഷ്യൽ മീഡിയയിലും നടക്കുന്നത്. പൊതു ഇടമെന്ന് വന്നാൽ ഇഷ്ടമല്ലാത്തതും ആയതുമായ നിരവധി കാര്യങ്ങൾ മുന്നിൽ തെളിയും. വേണ്ടതിലേക്ക് മാത്രം മുഖം തിരിച്ച് നടക്കുക… അസ്വസ്ഥമാക്കുമെന്ന് തോന്നുന്ന ചിത്രങ്ങളിൽ നിന്ന് വ്യതിചലിക്കുക…
‘ഹേയ്, എന്തിനാ എന്നോട് ചിരിച്ചത്…?’
ഒരു കുടയുടെ തണലുമായി വന്ന രണ്ട് പെൺകുട്ടികളിൽ ഒരുവളോട് ഞാൻ ചോദിച്ചതാണ്. സത്യമായിട്ടും അവൾ ചിരിച്ചു. നോക്കി നോക്കി ഹൃദ്യമായി ചിരിച്ചു. പുഞ്ചിരി ഹൃദയത്തിന്റെ ഭാഷയാണ്.

‘താനെന്ത് തേങ്ങയാടോ പറയുന്നേ… മനുഷ്യരാകുമ്പോൾ മുന്നിൽ കാണുന്ന ചിലരോടൊക്കെ ചിരിച്ചെന്ന് വരും…’
മറുപടി വ്യക്തം. ആ പോലീസ് സ്റ്റേഷനിൽ നിന്ന് പറയാൻ പറ്റാതെ പോയ ഉത്തരം. മനുഷ്യരാണ്. ലോകം സാങ്കേതികമായി ഉയർന്നപ്പോൾ നിർമ്മിക്കപ്പെട്ട പൊതു ഇടങ്ങളാണ് സോഷ്യൽ മീഡിയ. അതും യാഥാർഥ്യമാണെന്ന് തിരിച്ചറിയാത്ത കമലാക്ഷിയെ പോലെയുള്ളവർ സങ്കുചിതരാണ്.
‘താൻ പോയി കേസ് കൊടുക്ക്… അല്ല പിന്നെ…’
ആ ചിരിക്കാരി നടന്ന് അകന്നു. കേസ് കൊടുക്കാൻ തീരുമാനിച്ചത് കൊണ്ട് പിന്തുടരുകയും, അവൾ കയറിയ സ്കൂട്ടറിന്റെ നമ്പർ കുറിച്ച് വെക്കുകയും ചെയ്തു. കമലാക്ഷിക്ക് മാത്രം പോരല്ലോ നീതി….

ആലോചിച്ചപ്പോൾ അതൊരു സുവർണ്ണാവസരം ആണെന്ന് തോന്നി. പിറകേ നടന്ന് വീഡിയോ പകർത്തിയവന് ആയിരം രൂപ കൊടുത്തപ്പോൾ ദൃശ്യം എന്റെ ഫോണിലും എത്തി. അതിൽ എല്ലാം വ്യക്തമാണ്. എന്നെ നോക്കികൊണ്ടാണ് കടലിൽ നിന്ന് അവർ വരുന്നത്. ആ പെൺകുട്ടി നിരന്തരമായി ചിരിക്കുന്നത് കൃത്യമായി കാണാം. തമ്മിൽ സംസാരിച്ചതും വ്യക്തമാണ്.
‘തനിക്ക് എന്താടോ… തലയ്ക്ക് വല്ല സുഖമുണ്ടോ… ഇതിനൊന്നും കേസ് കൊടുക്കാൻ പറ്റില്ല…’

“അതെങ്ങനെയാ സാറെ, സ്ത്രീകൾക്ക് മാത്രം മതിയോ സ്വകാര്യത. ഇതും കടന്ന് കയറ്റമാണ്… നടപടിയില്ലെങ്കിൽ ഈ ഇരട്ടത്താപ്പ് ലോകത്തോട് ഞാൻ പറയും..”
പോലീസുകാരൻ തല ചൊറിഞ്ഞു. എനിക്ക് ഓൺലൈൻ ന്യൂസ്‌ ചാനലൊക്കെ ഉണ്ടെന്ന് കേട്ടപ്പോൾ എഴുന്നേറ്റ് പോകുകയും ചെയ്തു. എസ്.ഐ- യോട് സംസാരിക്കാനാണെന്ന് തോന്നുന്നു. കാക്കികളുടെയൊക്കെ ഗതികേട്. ക്രമസമാധാനം താറ് മാറാക്കുന്ന എത്രയോ കേസുകൾ കുമിഞ്ഞ് കൂടുമ്പോഴാണ് ഇത്തരത്തിൽ…. പക്ഷെ, എന്ത് ചെയ്യാം… സാഹചര്യങ്ങൾ ഒന്നടങ്കം കുറ്റപ്പെടുത്തുമ്പോൾ പ്രകോപിതനാകുന്ന സാധാരണയൊരു മനുഷ്യനായി പോയി ഞാൻ…

ഒരു അപരിചിതൻ ചിരിച്ചാൽ, ഹലോയെന്ന് പറഞ്ഞാൽ, ഇഷ്ടത്തോടെ ഹൃദയങ്ങൾ സമ്മാനിച്ചാൽ അലോസരപ്പെടുന്നവർ പൊതു ഇടങ്ങളിലേക്ക് വരരുത്. വരണമെന്ന സ്വാതന്ത്ര്യം അവർക്ക് ഉള്ളത് പോലെ തന്നെയാണ് ഇടപെടാനുള്ള ഞങ്ങളുടെ അവകാശവും. തനിക്ക് ഇഷ്ടമുള്ളവരെ മാത്രം കാണാനും കേൾക്കാനും ആണെങ്കിൽ അതിനായുള്ള പ്രൈവസി സെറ്റപ്പുകൾ ഉപയോഗിക്കണം. അല്ലാതെ, രണ്ട് ഹൃദയങ്ങൾ കിട്ടുമ്പോൾ അയ്യോയെന്ന് നിലവിളിക്കുകയല്ല വേണ്ടത്.

‘ ആ കുട്ടി എത്തിയിട്ടുണ്ട്…’
ശ്രദ്ധിച്ചപ്പോൾ കടപ്പുറത്ത് വെച്ച് ചിരിച്ച പെൺകുട്ടി നിൽക്കുന്നത് കണ്ടു. പേര് കമല. അവൾ അടുത്തേക്ക് വരുകയാണ്. താനെന്ത് തേങ്ങയാണെന്ന് പറയുമ്പോൾ ഉണ്ടായിരുന്ന ഭാവമല്ല. താൻ പോയി കേസ് കൊടുക്കെന്ന് പറഞ്ഞപ്പോൾ കണ്ട പരിഹാസവും ഇല്ല. പോലീസെന്ന് കേൾക്കുമ്പോൾ പേടിച്ച് മുള്ളിപ്പോകുന്ന പാവമാണെന്ന് തോന്നുന്നു. പക്ഷെ, അപമാനിക്കപ്പെട്ടതിന്റെ വേദന ഇറക്കി വെച്ചല്ലേ പറ്റൂ…
‘സാറെ, ഇയാള് ഇത്രയും പ്രശ്നമുണ്ടാക്കുമെന്ന് കരുതിയില്ല.. എന്റെ ചേച്ചി ഇപ്പോൾ വരും… കേസാകുമോ സാറെ…?’

‘തെളിവുണ്ട് മോളെ… ക്ഷമ പറഞ്ഞ് ഒഴിവാക്കാൻ നോക്ക്…’
ഞാൻ കേൾക്കെയാണ് ആ പോലീസുകാരൻ അങ്ങനെ പറഞ്ഞത്. പെൺകുട്ടിയുടെ കണ്ണുകൾ നിറയുകയാണ്. പക്ഷെ, അതുവരെ ഉണ്ടായിരുന്ന എല്ലാ രംഗങ്ങളെയും മാറ്റി മറിക്കുന്നത് പോലെയാണ് അവളുടെ ചേച്ചി വന്നത്. കടലിൽ നിന്ന് ചിരിച്ച് കൊണ്ട് എതിരെ വന്നത് കാലത്തിന്റെ കാവ്യനീതി ആയിരുന്നു. കമലയുടെ ചേച്ചി കമലാക്ഷി ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

‘പ്രശ്നമുണ്ടാക്കരുത്… എന്നോടുള്ള വിരോധം ഇവളോട് കാണിക്കരുത്…’
കാക്കികൾ പിടിച്ച് അകത്തിടുമെന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഉറക്കെ ചിരിക്കാതിരുന്നത്. മണിക്കൂറുകൾക്ക് മുമ്പ് എന്റെ ഹൃദയങ്ങളെ അപമാനിച്ച ആ മുഖം കാണേണ്ടത് തന്നെയായിരുന്നു. കൂടുതൽ സംസാരിക്കാൻ നിന്നില്ല. ഞാൻ ക്ഷമിച്ചു.
എല്ലാത്തിനും മധ്യസ്ഥം നിന്ന ആ പോലീസുകാരനോട് യാത്രയും പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുകയും ചെയ്തു.

മനുഷ്യരാണ്. പൊതു ഇടങ്ങളിൽ വെച്ച് പരസ്പരം കാണുമ്പോൾ, നോക്കിയെന്നും ചിരിച്ചെന്നും വരും. അപമര്യാദയോടെ പെരുമാറുന്നുവെന്ന് കണ്ടാൽ കാണാതാക്കാനുള്ള എല്ലാ മാർഗ്ഗവും വിരൽത്തുമ്പിൽ ഉണ്ടാകുമ്പോൾ നിലവിളിക്കേണ്ട കാര്യമൊന്നും ഇല്ല. ബന്ധങ്ങളുടെയും, ഇടപെടലുകളുടെയും മാറുന്ന ലോകത്തെ കുറിച്ച് കമലാക്ഷിക്ക് ഇപ്പോൾ ബോധ്യമായിരിക്കണം. അല്ലായിരുന്നുവെങ്കിൽ, വീട്ടിലേക്ക് എത്തുന്നതിന് മുമ്പേ നന്ദിയോടെ ഒരു മഞ്ഞ ഹൃദയം അവൾ എനിക്ക് സമ്മാനിക്കില്ലായിരുന്നുവല്ലോ…!!!

ശ്രീജിത്ത് ഇരവിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *