തിരശ്ശീലതൻ കാണാ-
മറയത്തൊരുകോണിൽ
മരുവും വിരലുകൾ
തീർത്ത വിസ്മയത്തുമ്പിൽ
കഥകളാടിത്തീർത്തു-
പോരുന്ന തോൽപാവകൾ
വ്യഥകൾ പരസ്പരം
പറയാനാവാത്തവർ.
ചത്തപോൽ കിടക്കുന്ന
പാവകൾ ജീവൻ വെക്കും
ഇത്തിരി നേരം പിന്നിൽ
നൂലുകൾ ചലിക്കുമ്പോൾ.
നിയതിയെന്നാണത്രേ
മർത്ത്യരീ നൂലിന്നറ്റം
നിയതം ചലിപ്പിക്കും
കൈകളെ വിളിക്കുന്നു.
പഴയ കഥകളാ-
ണിപ്പൊഴും പാവക്കൂത്തിൻ
മിഴിവു കൂട്ടും വിരൽ-
ത്തുമ്പുകളൊരുക്കുന്നു.
സത്യമെപ്പൊഴും ജയം
നേടുന്നു, വിജിഗീഷു
മൃത്യുവെപ്പോലും കീഴ-
ടക്കുന്നു കഥാന്ത്യത്തിൽ.
എങ്കിലും വിരലിൻ്റെ
നൂൽബന്ധമറ്റീടവേ,
സങ്കടത്തോടെ പാവ-
ക്കൂട്ടങ്ങൾ വിതുമ്പുന്നു.
നിത്യവും പുരോഭാഗ-
ത്തുള്ള സംഘർഷങ്ങളീ
സത്യദർശനം തേടും
പാവകളറിയുന്നു.
മുറിവേൽക്കുന്നു നിത്യം
നീതിക്കുവേണ്ടി പോരി-
ന്നിറങ്ങുംനരവർഗ്ഗ
ജീവികൾക്കെല്ലായ്പ്പോഴും.
തടവിൽ കിടക്കുന്ന
നീതിയെ മോചിപ്പിക്കാൻ
പടവെട്ടുന്നോരെല്ലാം
വീണു പോകുന്നു മണ്ണിൽ.
ഗർവുകൾ ജയിക്കുന്നു,
നീതിമാൻ മരിക്കുന്നു
സർവ ദിക്കിലും കള്ളി-
മുള്ളുകൾ പൂചൂടുന്നു.
വെടിയുപ്പുയർത്തുന്ന
ഗന്ധമീലോകത്തെങ്ങും
കടലാഴങ്ങൾ കട-
ന്നെത്തുന്നു നിരന്തരം.
ഇനിയും പാവക്കൂട്ടം
പറയും പഴംകഥ
നിനവിൻ നിഴൽക്കൂത്താ-
യരങ്ങിൽ വളരുന്നു.
ചരടിൻ നിയന്ത്രണം
പൊട്ടിയാലൊരുദിനം
ഉരചെയ്തീടും സത്യ-
കഥനം തോൽപ്പാവകൾ.
മറ നീക്കിയീ സത്യ-
മൊക്കെയും ലോകത്തോടു
പറയാൻ വെമ്പുന്നോർക്കു
നേരെ വാളുയരുമ്പോൾ
മുഖമൊക്കെയും തേച്ചു-
മിനുക്കി കാപട്യത്തിൻ
കവചം ധരിക്കുന്നു
മാധ്യമലോകം നിത്യം.
()

മംഗളാനന്ദൻ

By ivayana