രചന : രശ്മി നീലാംബരി✍️
ഞാമ്പറഞ്ഞതല്ലേ
മനുഷ്യൻ ചിലപ്പോഴൊക്കെ
ഉപ്പു പോലുറച്ചു പോകുമെന്ന്.
മരവിച്ചു മരിച്ചു പോകുമെന്ന്.
ഒരു ചിരിയെങ്കിലും
തന്നേച്ചുപോ-
യെന്നുറക്കെയുറക്കെ നിലവിളിക്കുo
നിശബ്ദമായി.
മറ്റുള്ളവരിൽ പ്രതിധ്വനിയ്ക്കും
വരെയ്ക്കെങ്കിലും.
ഒരു മഴയെങ്കിലും
പെയ്തേച്ചുപോ_
യെന്നാവർത്തിച്ചുരുവിടും
വിരസത മണക്കും വരേയ്ക്കെങ്കിലും .
എന്റെ തടവറ,
എന്റെ ചങ്ങലയെന്ന്
ഓരോ കല്ലിനോടും മുള്ളിനോടും
പതം പറയും.
ഒരു തിരിഞ്ഞുനോട്ടം,
ഒരു വിളി
അതിലേക്ക് മാത്രം
ചൂണ്ടയെറിഞ്ഞ് തളരും.
മടുപ്പിന്റെ ചിതൽ തിന്നുന്ന
ലോകത്തിരുന്ന് അവർ
തളർച്ചയില്ലാത്ത തൂവലുകളെ
കടമെടുക്കും.
വേനലിലേക്ക് കത്തിക്കയറിയ
ഒരു പച്ചയെ നോക്കി
നെടുവീർപ്പിടും.
കല്ലത്താണികളിൽ
തേയ്മാനം വന്നിട്ടുണ്ടെന്ന്
തുമ്പികളോട് രഹസ്യം പറയും.
എന്റെ സ്വപ്നം,
എന്റെ ലക്ഷ്യം
എന്ന് പുലമ്പി
അവസാനദ്ധ്യായവും
അടച്ചു വെയ്ക്കും.
കടിഞ്ഞാണിടുന്നതെ
ങ്ങനെയാണിന്ദ്രിയങ്ങളെ?
ഗ്രാഹ്യമായതിന്റെ അവസാന
തുരുത്തും തേടിയലയില്ലേയവ.
മനുഷ്യൻ
എത്രയോ തവണ
മരിച്ചിരിക്കുന്നു.
ആർദ്രമായ ഒരു തലോടലിൽ
പുന:ർജനിച്ചിരിക്കുന്നു.
നീയാണ് ഞാനും
എന്നാവർത്തിച്ചൊരു
കവിത നൂലിഴ നെയ്തിരിക്കുന്നു.
✍🏻