രചന : അനിൽ മാത്യു ✍️
രാത്രിയുടെ
നെറ്റിയിൽ
നക്ഷത്രങ്ങൾ
പൊട്ടിക്കിടക്കുന്നു,
എന്റെ
കണ്ണുകൾക്കുള്ളിലെ
അനാഥമായ
സ്വപ്നങ്ങൾ പോലെ.
പാതിരാത്രി കാറ്റിൽ
കരച്ചിലുകളുടെ
മണവാട്ടികൾ
ചിരികളിൽ
കുടുങ്ങിക്കിടക്കുന്നു.
അവിടെയൊരിടത്ത്
എന്റെ പേരിന്റെ
അക്ഷരങ്ങൾ
തണുത്ത
മണൽമേടുകളിൽ
വേരുറപ്പില്ലാതെ
തളർന്നുപോകുന്നു.
ഒരു മൗനഗീതം പോലെ
കാലം എന്റെ ചുറ്റും
നടന്ന് പോകുന്നു.
അത് നോവിനെ കയറ്റി,
ആശകളെ ഇറക്കി,
വിധിയെ ചുമന്നു കൊണ്ടിരിക്കുന്നു.
വാക്കുകളെ വിഴുങ്ങി
എന്റെ ആത്മാവ്
ഒരു തെളിഞ്ഞ
തടാകമായി തീരുന്നു.
അതിന്റെ അടിത്തട്ടിൽ
ഒഴുകുന്നത് —
മറക്കപ്പെട്ട മുഖങ്ങൾ,
വിരിഞ്ഞിട്ടില്ലാത്ത
സ്വപ്നങ്ങൾ,
കരളിൽ കുടുങ്ങിയ
വിളികൾ..
കാലമേ..
നിന്റെ ഇരുമ്പ്
ചിറകുകൾ
ആകാശത്ത്
പടർത്തുമ്പോൾ
ഞങ്ങൾ കാറ്റുപോലെ പറക്കുമോ,
അല്ലെങ്കിൽ
വേരുകൾ പിടിച്ചുനിന്ന
മണ്ണുപോലെ പൊട്ടിത്തെറിക്കുമോ?
എന്തായാലും
ഓരോ
ഹൃദയത്തിനുള്ളിലും
ഒരു രഹസ്യം
നിലനിൽക്കുന്നു.
അതിനെ
തുറന്നുകാണിക്കുക
കാലത്തിനും
സാധ്യമല്ല.
