ഒരുപാട് പ്രാർത്ഥിച്ചിട്ടും
ജോസുകുട്ടിയുടെ ഭാര്യ
മേരിക്കു മക്കളുണ്ടായില്ല.
ഒരു കുഞ്ഞിക്കാലു കാണാൻ
കാത്തിരുന്നു മടുത്ത
വീട്ടിലുള്ളവർ അതോടെ അസ്വസ്ഥരായി.
കെട്ടിച്ചു വിട്ടതും
കെട്ടി വന്നതും
അല്ലാത്തതുമായ
നാത്തൂന്മാർ
പിറുപിറുത്തു തുടങ്ങി.
നാട്ടുകാർ ചിരിയും തുടങ്ങി.
“എടാ നിനക്കാണോ പ്രശ്നം…?
അതോ അവൾക്കാണോ പ്രശ്നം…?”
ആ ചോദ്യം കേട്ട് കേട്ട്
ഒടുവിൽ ജോസുകുട്ടിക്കു കലിപ്പായി.
കുറെ നാൾ കഴിഞ്ഞപ്പോൾ
അയാൾ മേരിയെ
ഒരു കഴുതപ്പുറത്ത് കയറ്റിയിരുത്തി
അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി.
മേരി
അവളുടെ വീട്ടിലെ
അടുക്കളയിൽ
പാത്രം കഴുകിയും
തുണി അലക്കിയും
ആങ്ങളമാരുടെ മക്കളെ
കുളിപ്പിച്ചും ഉടുപ്പിടീച്ചും
അവർക്കു ചോറ് വാരിക്കൊടുത്തും
ദിവസവും
അവരുടെ ചോറ്റുപാത്രം നിറച്ചും
സീരിയൽ കണ്ടു കരഞ്ഞും
വെള്ളിയാഴ്ച കുമ്പസാരിച്ചും
ഞായറാഴ്ച കുർബാനകൂടിയും
കാലം കഴിച്ചു.
അങ്ങനെ പോകെപ്പോകെ
നമ്മുടെ മേരി മെല്ലെ മേരിച്ചേടത്തിയായി….
തലയിൽ നര വീണു
മുഖത്തു ചുളിവ് വീണു.
ഒരു ദിവസം
അയലത്തെ രാധാമണി
ഒരു പുസ്തകം മേരിചേടത്തിക്കു
വായിക്കാൻ കൊടുത്തു.
രാമായണത്തിന്റെ കഥ
ഗദ്യഭാഷയിൽ തയാറാക്കിയ
ചിത്രങ്ങൾ ധാരാളമുള്ള
ഒരു പുസ്തകമായിരുന്നു അത്.
വലിയ വായനക്കാരിയൊന്നുമല്ലെങ്കിലും
ആങ്ങളമാരുടെ പിള്ളേരെല്ലാം
പഠിക്കാൻ ക്യാനഡായ്ക്കു പോയതുകൊണ്ട്
സമയം കളയാൻ
വേറെ വഴി ഇല്ലാതിരുന്ന
ചേടത്തി രാമായണം
വായിച്ചു തുടങ്ങി.
പത്തു തലയുള്ള രാവണൻ…
തുരുതുരെ വേഷം മാറുന്ന മാരീചൻ…
വർത്തമാനം പറയുന്ന ഗരുഡൻ
വാല് നീട്ടുന്ന കുരങ്ങൻ…
ചിറ കെട്ടുന്ന അണ്ണാറക്കണ്ണൻ
ആഹാ…! നല്ല രസം.
സിഐഡി മൂസയുടെ
അമർചിത്രകഥ
ആങ്ങളേടെ പിള്ളേര്
വായിക്കുന്നതിനേക്കാൾ
ആവേശത്തോടെ
രണ്ടു ദിവസം കൊണ്ട്
ചേടത്തി രാമായണം
മുഴുവൻ വായിച്ചു തീർത്തു.
അപ്പഴാണ് അത് സംഭവിച്ചത്.
രണ്ടു ദിവസമായി
അടുക്കളയിൽ കയറാത്ത
മേരിച്ചേടത്തിയുടെ വായന കണ്ട്
പിരിവെട്ടിയ ആങ്ങളയുടെ ഭാര്യ
ഏലിയാമ്മ നാത്തൂൻ
ശൂർപ്പണഖയായി.
“ദേ കണ്ടില്ലേ……
രണ്ടു ദിവസമായി ഒന്ന് മേലനങ്ങിയിട്ട്.
തിന്നുന്ന സമയമാകുമ്പോൾ
കേറി വന്നോളും.
ഒടുക്കത്തെ ഒരു കഥാ പുസ്തക വായന.
നമ്മള് തലേ വെള്ളം വീണ
ക്രിസ്ത്യാനികള് വായിക്കുന്ന
വല്ലോ പഴയ നിയമ പുസ്തകമാരുന്നേൽ
പിന്നേം പോട്ടെന്നു വെക്കാരുന്നു.
കണ്ടില്ലേ രാമായണം.
ദൈവം തമ്പുരാൻ പൊറുക്കുന്ന
പണിയാണോ ഇത്.”
നാത്തൂൻ ശൂർപ്പണഖ അലറി.
കുഞ്ഞാങ്ങള ജോയിക്കുട്ടിക്ക്
ഭാര്യ പറയുന്നതു കേട്ടപ്പോൾ
ശരിയാണെന്നു തോന്നി.
“അല്ലെങ്കിലും ഇവളെന്തിനാ
ഈ രാമായണോം മഹാഭാരതോമൊക്കെ
വായിക്കുന്നത്….?”
അയാൾ അത്ഭുതപ്പെട്ടു.
“രണ്ട് ദിവസായിട്ട് ഒരു പണീം ചെയ്യാതെ
ഇതെല്ലാം കുത്തിയിരുന്നു
വായിച്ചതല്ലേ …
നിങ്ങളൊന്ന് കുഞ്ഞിപ്പെങ്ങളോടു
പോയി ചോദിച്ചു നോക്കിക്കേ
സീത രാമന്റെ ആരാന്ന്…
കോപ്പു പറയും….”
ഏലിയാമ്മ ജോയിക്കുട്ടിയെ
വെല്ലുവിളിച്ചു.
“അതിനൊള്ള വിവരം
മച്ചീടെ തലക്കകത്തൊണ്ടാരുന്നെങ്കിൽ
ഒരു പ്യൂണിന്റെയെങ്കിലും ജോലി
കിട്ടുവേലാരുന്നോ…?
എങ്കീ വയസുകാലത്ത്
നാലുകാശ് പെൻഷനെങ്കിലും കിട്ടിയേനെ”
ഏലിയാമ്മ നിന്ന് തുള്ളുകയാണ്.
ജോയിക്കുട്ടി ഒന്നും മിണ്ടിയില്ല.
അയാൾ ഗാഢമായ
എന്തോ ചിന്തയിലായിരുന്നു.
“നിങ്ങളെന്നാ എന്റെ മനുഷ്യാ
മിണ്ടാത്തെ…?
പെങ്ങടെ ഗൊണവതിയാരം കേട്ടപ്പോ നിങ്ങടെ നാക്കെറങ്ങിപ്പോയോ..?”
ഏലിയാമ്മ പിന്നെയും നിന്നു വിറച്ചു.
“അതല്ലെടീ,
ഞാൻ ആലോചിക്കുവാരുന്നു.
അല്ലേലും ഇപ്പറഞ്ഞതു പോലെ ഈ സീത രാമന്റെ ആരാ…?”
“ദേ കെടക്കണു …!
എന്റെ പൊന്നു മനുഷ്യേനെ
സീത രാമന്റെ കെട്യോളല്ലേ …?”
അവരുടെ സംഭാഷണം മുഴുവൻ
അടുക്കളയിൽ നിന്നു
കേൾക്കുകയായിരുന്ന
മേരിചേടത്തി
പെട്ടന്ന് എഴുന്നേറ്റ്
ഡൈനിങ് ഹാളിലേക്ക് ചെന്നു.
“അല്ല നാത്തൂനേ.
നാത്തൂന് തെറ്റി.
സീത രാമന്റെ കെട്യോളല്ല.
അവള്
ജനക മഹാരാജാവിന്റെ
മകളാ.”
“ങേ ….?”
ജോയിക്കുട്ടിയും ഏലിയാമ്മയും
ഒരുമിച്ചു ഞെട്ടി.
“രാമൻ സീതേ
കെട്ടീന്നു പറേണതൊക്കെ നേരാ..
പക്ഷെ അയാള്
ആ പാവത്തിനെ
നാട്ടുകാരു പറേന്നതുകേട്ട്
ഉപേക്ഷിച്ച്
കാട്ടിൽ കൊണ്ടുപോയി
തള്ളിയാരുന്നു.
അപ്പപ്പിന്നെ
രാജാവാണേലെന്നാ
അല്ലേലെന്നാ
അതിയാൻ
സീതേടെ കെട്ടിയോനാന്ന്
ഈ ഭൂമിമലയാളത്തീ
ബോധമുള്ള ആർക്കേലും പറയാൻ പറ്റുവൊ ?”
മേരിച്ചേടത്തിയുടെ
ഒന്നൊന്നര ചോദ്യം കേട്ട്
ജോയിക്കുട്ടിയും ഏലിയാമ്മയും
വായും പൊളിച്ചു നിന്നു.
തരിച്ചുപോയ ഞാൻ
ഭൂമി പിളർന്ന്
പാതാളത്തിലേക്കു വീണു.

ഡോ. ബിജു കൈപ്പാറേടൻ

By ivayana