അമ്പിളിമാനത്തൂന്നങ്ങോപോയി
പാലൊളി മാഞ്ഞുപോയ് പാരിലെങ്ങും
നീഹാരതുള്ളി പൊഴിച്ചു മേഘം
നിർത്താതെ സന്താപാ ശ്രുക്കൾ പോലെ

മാന,മഭിമാനമൊന്നിനാലെ
മാമലയാകെയും തേടിടുന്നു
ചക്രവാളത്തിന്റെ സീമകളിൽ
ചക്രവാകം മഴ തേടുംപോലെ.

ഉഡുക്കളുന്നത വീഥികളിൽ
ആടയാഭരണമണിഞ്ഞേവം
ദീപം കൊളുത്തിയന്വേഷണത്തിൽ
ദുഃഖിതരായല്ലോ പങ്കുകൊണ്ടു.

രാവൊരു കമ്പള മേലാപ്പിനാല്‍
രാക്ഷസഭാവങ്ങൾ കൊണ്ടുനിന്നു
നിരാശാ കാമുകനെന്ന പോലെ
നിദ്രയിലേക്കവൻ ചാഞ്ഞുവീണു.

മാനം തൻകൊട്ടാരം തന്നിലായി
മാറത്തലച്ചു കരഞ്ഞിരുന്നു
തേങ്ങലാം കൊള്ളിയാൻ മിന്നലാലേ
എങ്ങെങ്ങും പാരിനെ ചുറ്റിനിന്നു.

എന്തേ നീ!ചന്ദ്രികേ, തങ്ങീടുന്നു
സന്തോഷം നൽകുന്നതാർക്കുവേണ്ടി
ചന്ദനമാമര കൂട്ടിലാണോ
സന്ദേഹമെന്തേ നീ വന്നീടുവാൻ?

നീയില്ലാതെന്തൊരു ജീവിതം, ഹ!
നീരവം നിർജ്ജീവം നിരാകാരം
നിലാവേ! നീയാണു നിർലോഭമെൻ
നെഞ്ചിലെ നന്മതൻ നാളമെന്നും!.

തോമസ് കാവാലം

By ivayana