ഞാൻ ലെസ്ബിയനാണ്. ഉള്ളിന്റെയുള്ളിൽ. പക്ഷെ സമൂഹത്തെ പേടിച്ച് ഞാനത് ഒളിച്ചു വച്ചു. അമ്മയോട് ഞാൻ പറഞ്ഞതാണ്. വിവാഹത്തോടെ അതൊക്കെ മാറുമെന്ന് പറഞ്ഞ് എന്നെ വിവാഹം ചെയ്യിച്ചു. നല്ലോരു മനുഷ്യനെയാണ് ഞാൻ വിവാഹം ചെയ്തത്. പക്ഷെ എനിക്കയാളോട് താല്പര്യം തോന്നുന്നില്ല. അയാളുടെ ജീവിതവും പോവുകയാണ്.. എന്റേതും.. സകല സന്തോങ്ങളും ആർക്കൊക്കെയോ വേണ്ടി ഞാൻ ഹോമിച്ചു —“പണ്ടൊരിക്കൽ ഒരു ട്രാൻസ് വുമൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ആർട്ടിക്കിൾ എഴുതിയപ്പോൾ ഇൻബോക്സിൽ വന്ന ഒരു മെസ്സേജ് ആണിത്.

ഈ പെൺകുട്ടിയോട് ഞാനിപ്പോഴും സംസാരിക്കാറുണ്ട്. ജീവിതത്തിൽ ലൈംഗികസുഖം അറിയാതെ, മാനസികമായി അടുക്കാൻ കഴിയാതെ, അതിന്റെ പേരിൽ ഭർത്താവുമായി എന്നും പ്രശ്നത്തിലായി അവൾ നമ്മുടെ തൊട്ടടുത്ത് ജീവിക്കുന്നുണ്ട്. ഇത് പോലെ എത്രയോ സ്ത്രീ പുരുഷന്മാർ ഉണ്ടാകും നമുക്ക് ചുറ്റും?? സ്വന്തം ജന്ററിൽ പെട്ടവരോട് ഇഷ്ടം തോന്നുക എന്നത് അവർ സ്വയം ഉണ്ടാക്കിയെടുക്കുന്നതല്ല, അവരിലെ ഹോർമോണുകൾ അവരിൽ ഉരുവാക്കുന്ന വികാരവിചാരമാണത് എന്നെങ്കിലും മനസിലാക്കാൻ എന്നാണ് മാതാപിതാക്കൾക്ക്‌ കഴിയുക?

“ഇങ്ങനെ ഒരു ഷോയിൽ വന്നത് തന്നെ എങ്ങനെയെങ്കിലും നമ്മുടെ ഫാമിലിയിലെ ആരെങ്കിലും നമ്മളെ അന്വേഷിച്ചു വന്നാലോ, നമുക്കൊന്ന് കാണാൻ പറ്റിയാലോ എന്ന് വിചാരിച്ചാ.. കാരണം നമുക്കാരുമില്ലല്ലോ.. “
കഴിഞ്ഞ ദിവസം ആദിലയും നൂറയും തമ്മിൽ സംസാരിച്ചത് ഇതാണ്.. ആ അവസാനത്തെ വരി കേട്ടപ്പോൾ സത്യത്തിൽ നെഞ്ചോന്ന് പിടച്ചു. ബിഗ്‌ബോസ് ഒരു സീസണും കാണാറില്ല. പക്ഷെ സ്ക്രോൾ ചെയ്യുമ്പോൾ റീൽസ് വരാറുണ്ട്. അങ്ങനെയാണ് ആദിലയെയും നൂറയെയും ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് അവരുടെ മാത്രം വിഷ്വൽസ് എപ്പോഴും ഫീഡിൽ വരാൻ തുടങ്ങി.

അവർ പരസ്പരം നൽകുന്ന സ്നേഹവും, കരുതലും ഒരു ഷോ ആയി ഒരിക്കലും തോന്നുന്നില്ല. അവരിൽ ഒരാളെ തൊട്ടാൽ മറ്റെയാൾ മുന്നിൽ കയറി നിൽക്കും. ഒരാൾ കരഞ്ഞാൽ മറ്റെയാളുടെ കണ്ണ് നിറയും.. വീട്ടിൽ കയറ്റാൻ കൊള്ളാത്തർ എന്ന് സഹമത്സരാർഥി പറഞ്ഞപ്പോൾ ആദിലയുടെ കണ്ണിൽ ഒരു നിസ്സഹായത നിഴലിച്ചത് പോലെ തോന്നി.
പരസ്പരം സ്നേഹിക്കുന്ന രണ്ടുപേര് ഒരുമിച്ചു ജീവിക്കുന്നു. ഒരു കുഞ്ഞിനെ വേണമെങ്കിൽ അവർക്ക്‌ നാളെ ദത്തെടുക്കാം.. പക്ഷെ സമൂഹത്തിനു അത് സമ്മതിക്കാൻ വയ്യ.! ഇപ്പോഴും!!

മാതാപിതാക്കൾക്ക്‌ ഇത് നാണക്കേടിന്റെ വിഷയമാണ്. “എന്റെ മകൾ/മകൻ അവനിഷ്ടമുള്ള ഒരു ജീവിതം തിരഞ്ഞെടുത്തു. അവൻ/അവൾ സന്തോഷമായി സ്നേഹിച്ചു ജീവിക്കുന്നു. കൂടെയുള്ളയാൾ അവനെ/അവളെ ദ്രോഹിക്കുന്നില്ല.. അവരുടെ സന്തോഷമല്ലേ പ്രധാനം? ” സ്വവർഗ്ഗസ്നേഹം പാപം എന്ന് പഠിപ്പിക്കുന്ന മതങ്ങളോടും, അത് കേട്ടും അല്ലാതെയും അതേ മനോഭാവം പുലർത്തുന്ന സമൂഹത്തോടും ഇത്രയും ഒന്ന് പറയാൻ മാതാപിതാക്കൾക്ക്‌ എന്നാണ് കഴിയുക?

പരസ്പരം മിണ്ടാതെ രണ്ടു മുറിയിൽ കഴിഞ്ഞാലും, തല്ലിപിരിഞ്ഞാലും, യാതൊരു സുഖവും അനുഭവിക്കാതെ ജീവിതം തള്ളി നീക്കിയാലും സാരമില്ല, ആണും പെണ്ണും തന്നെ കെട്ടിയാൽ മതി, ഒരുമിച്ചു ജീവിച്ചാൽ മതി 😃!! മനുഷ്യന്റെ നല്ലതും നന്മയും സന്തോഷവും പണ്ട് ആരൊക്കെയോ എഴുതി വച്ചിട്ടുണ്ട്. അതിൽ തന്നെ ഇനി വരുന്ന തലമുറകൾ സന്തോഷം കണ്ടെത്തിക്കൊള്ളണം. വേറിട്ട സന്തോഷങ്ങൾ പാടില്ല… അങ്ങനെയിപ്പോ സന്തോഷിക്കണ്ട.. ഇതാണ് സമൂഹത്തിന്റെ നിലപാട്..
സമൂഹത്തിന്റെ Goodbooks ൽ, കൃത്യത പാലിച്ചു ജീവിക്കുന്ന നമ്മൾ സ്വയം ചിന്തിക്കണം, മാറണ്ടേ സമൂഹമേ? സ്നേഹിക്കുന്നവർ സ്നേഹിച്ചോട്ടെ.. പരസ്പരം വെട്ടികൊല്ലുന്ന ആസിഡ് ഒഴിക്കുന്ന, പീഡനം കൊണ്ട് തൂങ്ങിമരിക്കുന്ന വിവാഹജീവിതത്തിൽ ഇനി പുതുതായി എന്ത് മാറ്റം കൊണ്ടുവരാനാണ്?

സ്നേഹിക്കുന്നവർ ഒരുമിച്ചു ജീവിക്കട്ടെ…പറ്റാതെ ആയാൽ സ്നേഹത്തോടെ തന്നെ പിരിഞ്ഞു നല്ല സുഹൃത്തുക്കളായി നിലനിൽക്കട്ടെ. കുഞ്ഞുങ്ങൾ അടിയും വഴക്കുമുള്ള നരകത്തിൽ ജീവിക്കാതെയിരിക്കട്ടെ. ആർക്കും ദ്രോഹമില്ലെങ്കിൽ എന്തിന് രണ്ടു മനുഷ്യരുടെ സന്തോഷത്തെ വെറുതെ നശിപ്പിക്കണം??!

By ivayana