സന്ധ്യ
നിഴൽ
ഇരുട്ട്
ആ വെളിച്ചത്തിന്റെ നിറങ്ങളിൽ
ഞാൻ
എന്റെ വലിയ ലോകം
സ്വപ്നം.
ജനിച്ചുവീണ ശിശുക്കളെക്കുറിച്ച്
ഞാൻ ചിന്തിക്കുന്നു.
അവർ എന്തിനു ജനിക്കുന്നു?
രക്ഷിക്കാൻ പോകുന്ന ലോകം തന്നെ
ഇനിയും വേദനിക്കുന്നവരുടെ
നീണ്ട നരകത്തിലേക്കുള്ള
പുതിയ ജനനം.
അറിയപ്പെടുന്നവർ.
അറിയപ്പെടാത്തവർ.
ഹൃദയത്തിൽ ഒരിക്കലും
അഭയം തരാത്തവർ.
അന്നവും
അറിവും
നിഷേധിക്കുന്നവർ.
അവർ
കപടമുഖങ്ങൾ പകിടയിൽ
ലോകത്തെ ഒതുക്കുന്നവർ.
അവരുടെ പാദങ്ങൾ
പൂക്കുന്നു.
തളിർക്കുന്നു.
ഞാനോ?
എന്റെ നിസ്സഹായമായ നിശ്ശബ്ദത
ഇനി ചോദ്യം ചെയ്യുന്നില്ല.
എന്തിന് ചോദ്യം ചെയ്യണം
എന്ന നിസ്സംഗതയിൽ
മൗനം അതായിരിക്കുമോ വിദ്ധ്വാന് ഭൂഷണമാകുന്നത്?
നിങ്ങൾ എവിടെയാണ്?
എങ്ങോട്ടാണ് പോകുന്നത്?
ജനിച്ച നാട്?
തന്ത ജനിച്ചത്?
തള്ള ജനിച്ചത്?
രണ്ടുംകെട്ട ജന്മമോ?
നിങ്ങൾക്കു അന്യമാകുന്ന ജന്മ ദേശം.
ആട്ടിയോടിക്കുന്ന
വിഷജീവികൾ
ചുറ്റും.
ഇനി ഒരിക്കലും കാണാനാവാതെ.
ഒരിക്കലെങ്കിലും
ഒരിക്കൽക്കൂടി
ഒരിക്കൽ മാത്രം
ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…
എന്ന്
മോഹിച്ചുകൊണ്ട്
ഒന്നു തിരിഞ്ഞുനോക്കുമ്പോൾ
ബോംബുകൾ പതിച്ചു.
ജീവൻ
അവസാന ശ്വാസത്തിന് പോലും
അനുവദിക്കാതെ
ഒരു കട്ടിയില്ലാത്ത പഞ്ഞിപോലെ
എവിടെയോ പറന്നുപോകുന്നു.
രക്തത്തിൽ കുളിച്ച
എന്റെ ശരീരം മാത്രം
ഒന്നും അറിയാതെ.
മറ്റുള്ളവർക്കും
ജീവിതം തീരാറായി.
തിരശ്ശീല താഴാറായി.
വെളിച്ചം കെട്ടടങ്ങാറായി.
വേദിയിൽ നിറയെ
സംഘർഷങ്ങളും
കൊലവിളികളും അത്
എന്റെ ചെവികളിൽ കടക്കാതെ
ഒഴുകി.
നിലച്ചുകഴിഞ്ഞ കടൽപ്രവാഹം.
വറ്റിയ പ്രളയം.
സംഗീതം നേർത്തുപോയ വീണ.
നിഴലുകളായി തീർന്ന സ്ക്രീൻ.
ഉണങ്ങിയ നീർ കരച്ചിലിനു
താളം നൽകാതെ വറ്റിയ കണ്ണുകൾ.
പരിതാപകരമായുള്ള നോട്ടം നിലച്ച
അഭയാർത്ഥികൾ.
ഞാനില്ലാതാകുമ്പോൾ
അവരെക്കുറിച്ചുള്ള
എന്റെ ഓർമ്മകൾകൂടി
മാഞ്ഞുപോകുന്നു.
ശബ്ദങ്ങൾ?
വേദനകൾ?
അവരുടെ നിഴലുകൾ?
മണ്ണിൽ അലിഞ്ഞു അളിയാത്ത അസ്ഥികൾ?
ഇല്ല.
അവർ വരച്ചുവച്ച പലതും
മാഞ്ഞുപോകാതെ
ചില ഹൃദയങ്ങളിൽ
അതെല്ലാം ചെറുതായി സൂക്ഷിക്കുന്നു.
പറയുന്നു.
ഓർക്കുന്നു.
കാലം
അഭിമാനത്തിന്റെ
ഒരു കിരീടമായി.
അതെപ്പോഴെങ്കിലും
അണിയും.
ഇതാണ്
പ്രകൃതിയുടെ
വികൃതി.

By ivayana