പാബ്ലോനെരൂദ എന്ന വിശ്വമഹാകവി ലോകത്തോട് വിടപറഞ്ഞിട്ട് അമ്പത്തിരണ്ട് വർഷമായി. കവിത രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു വിശ്വസിച്ച കവിയാണ് പാബ്ലോ നെരൂദ. ആത്മാഭിമാനത്തിനു മുറിവേറ്റ ഒരു ഭൂഖണ്ഡത്തിന്റെ ഭാവിസ്വപ്നങ്ങളെ വാക്കുകളുടെ രക്തം കൊണ്ട് നെരൂദ ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു.
ഉത്തരധ്രുവത്തോടടുത്തുള്ള പൈന്‍ മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊടുങ്കാറ്റു വീശുന്ന ചിലിയെന്ന കൊച്ചു രാജ്യത്തിലെ റെയില്‍വേ തൊഴിലാളിയുടെ മകന്‍, തന്റെ കവിതയിലൂടെ, ജീവിതത്തിലൂടെ ലാറ്റിനമേരിക്കയിലെ ഇതിഹാസപുരുഷനായി പരിണമിച്ച കഥ വിസ്മയിപ്പിക്കുന്നതാണ്.

ലോകമെമ്പാടുമുള്ള കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യര്‍ തങ്ങളുടെ സ്വന്തം കവിയായി പാബ്ലോ നെരൂദയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു.
ലോകസാഹിത്യത്തില്‍ ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കവിയാണ് നെരൂദ. ‘ഇന്നു രാവില്‍ കുറിക്കാം ഞാനേറ്റം ദുഃഖഭരിതമാവരികള്‍’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ കവിത ഒരുപക്ഷേ, ലോകത്ത് ഏറ്റവുമധികം നിദ്രാവിഹീന രാവുകളെ സ്‌നേഹാര്‍ദ്രമായി തഴുകിവീശിയ പ്രണയസാന്ദ്രമായ ഗീതകമായിരിക്കും.
അടിയന്തരാവസ്ഥയിലെ പീഡനകാലത്ത് കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടതും കവിയരങ്ങുകളില്‍ അവതരിപ്പിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും നെരൂദയുടെ കവിതകളാണ്. ‘വരൂ… തെരുവുകളിലെ രക്തം കാണൂ’ എഴുപതുകളില്‍ കേരളത്തിലെ കോളേജ് ക്യാമ്പസുകളേയും തെരുവുകളേയും ചുവപ്പിച്ച ആവേശം കൊള്ളിച്ച വരികളാണത്. സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും മറ്റും മനോഹരമായ വിവര്‍ത്തനങ്ങളിലൂടെ നെരൂദ മലയാളത്തിന്റെ സ്വന്തം കവിയായി മാറിയ കാലമായിരുന്നു അത്.

ആദ്യത്തെ കവിത അമ്മ അറിയാനായാണ് താന്‍ എഴുതിയതെന്നും തനിക്ക് നേരിട്ട് അറിയാമായിരുന്ന അമ്മയായ വളര്‍ത്തമ്മയ്ക്കാണ് അതു സമര്‍പ്പിച്ചതെന്നും നെരൂദ കുറിക്കുന്നു.
സ്വന്തം അമ്മ കുട്ടിക്കാലത്തുതന്നെ മരിച്ചുപോയതിനാല്‍ ഒരു കാവല്‍മാലാഖയെപ്പോലെയാണ് വളര്‍ത്തമ്മ തന്നെ സംരക്ഷിച്ചതെന്നും നെരൂദ ഓര്‍ക്കുന്നു.

പതിന്നാലു വയസ്സുള്ള മകന്‍ കവിതയെഴുതുന്നത് യാഥാസ്ഥിതികനും പരുക്കനുമായ അച്ഛനു സഹിക്കാനാവുന്ന കാര്യമായിരുന്നില്ല. മകന്‍ തന്റെ കൂടെ പണിയെടുക്കാന്‍ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ എതിര്‍പ്പുകള്‍ക്കുള്ള പ്രതിരോധകവചമായിരുന്നു നെഫ്താലിയുടെ പാബ്ലോ നെരൂദ എന്ന പേരുമാറ്റം, അപ്പോസ്തലനായ പോളിന്റേയും ചെക്ക് കവി ജീന്‍ നെരൂദയുടേയും സങ്കലനമായിരുന്നത്.
കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ സന്ദേഹങ്ങളും യൗവനത്തിന്റെ പ്രണയമുന്തിരിച്ചാറും നിറഞ്ഞു തുളുമ്പുന്ന മനസ്സും കവിതയുമായിരുന്നു നെരൂദയുടേത്.

നിറയെ പൂവിട്ട ഭാവനകളുടെ ലതാഗൃഹമായിരുന്നു ആ കവിഹൃദയം. സിരകളിൽ പ്രണയമൊഴുകുമ്പോൾ അത് വികാരാശ്ലേഷങ്ങളുടെ മണിയറയായി.
വിപ്ളവചിന്തകളുടെ മദ്ധ്യാഹ്നങ്ങളിൽ ആകാശത്തെ ഇടിക്കാനോങ്ങുന്ന ചുരുട്ടിയ മുഷ്ടിയായി. കരയും കടലുകളും കടന്ന് നെരൂദയുടെ കവിത ലോക പര്യടനത്തിനിറങ്ങിയത് ഈ വൈചിത്ര്യ‌‌ങ്ങളുടെ കുതിരപ്പുറത്തേറിയാണ്.
ഭൂമിയോടുള്ള പ്രണയം മൂത്ത് ആ ഹൃദയം പച്ചക്കുതിരകളായി. കടിഞ്ഞാണില്ലാത്ത ഭാവനാവേളകളിൽ അത് മാന്ത്രികക്കുതിരകളായി പറന്നു. ഭൂമിയുടെ പൂമുഖങ്ങളിൽ വിരുന്നിനെത്തുന്ന പുതുതലമുറകളെയും ആ കവിതയും ഭാവനയും വിസ്മയിപ്പിക്കുന്നു, മോഹിപ്പിക്കുന്നു.

ഇന്ത്യക്കാർക്ക് വാല്‌മീകിയും വ്യാസനും കാളിദാസനുമൊപ്പം സുപരിചിതമാണ് നെരൂദയും. മലയാളിക്കും ചിരപ്രണയബന്ധമാണ് ആ കവിതകളോട്.
എന്തുകൊണ്ടാണ് ആ കവിതകൾ ഇത്രയേറെ പ്രിയങ്കരമായതെന്ന് ഒരു നിരൂപകനും ഇതുവരെ പറയാൻ കഴിഞ്ഞിട്ടില്ല.
നെരൂദയുടെ കവിതകളിലാകെ ജ്വലിക്കുന്ന ദിശാബോധമാണ് മനുഷ്യരാശിയുടെ നേട്ടം. അദ്ദേഹത്തിന്റെ കൃതികളിൽ ഒരു ഭൂഖണ്‌ഡം ബോധത്തിലേക്ക് ഉണരുന്നു. അതിന് നെരൂദ പറഞ്ഞ മറുപടി മനുഷ്യരാശിയോടായിരുന്നു. “ഞാനൊരിക്കലും പ്രത്യാശ കൈവിട്ടിട്ടില്ല.”

പ്രത്യാശയുടെ പ്രഭാതങ്ങളായിരുന്നു വിഷാദത്തിന്റെ ഇരുട്ടിലും നെരൂദ വിടർത്തിയത്. പ്രണയകവിതകളിലും വിപ്ളവ കവിതകളിലും അത് ഒഴുകിപ്പരക്കുന്നത് കാണാം.
തത്വശാസ്ത്രങ്ങളെയും ഇരുണ്ട ലോകങ്ങളെയും ദൈവത്തെപ്പോലും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ മനുഷ്യജീവിതത്തേയും സ്നേഹത്തേയും തള്ളിപ്പറഞ്ഞിട്ടില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളേയും ജനങ്ങളേയും കവിതയിലേക്ക് ഇത്രയേറേ ആവാഹിച്ച മറ്റൊരു കവിയേയും കാണാനാവില്ല.
ഖനിത്തൊഴിലാളിയും വെടിയുപ്പുകോരുന്നവരും മീൻപിടിക്കുന്നവരും ചെരിപ്പുകുത്തുന്നവരും ആ കവിതകളിൽ സ‍ഞ്ചരിക്കുന്നു. അതേസമയം ഏതെങ്കിലും തത്വശാസ്ത്രത്തിന്റെ തടവറയിലും വലയിലും കുരുങ്ങാതിരിക്കാനും അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു.

ഓരോ വായനയിലും നെരൂദക്കവിതകൾ പുതിയ ചിറകുകൾ വിടർത്തുന്നു. ഹൃദയത്തിന്റെ ഉയരങ്ങളിലേക്കും ആഴങ്ങളിലേക്കും അത് ഒരേസമയം പറക്കുന്നു.
1904 ജുലൈ‌ 12-ന്‌ ചിലിയിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് നെഫ്താലി റിക്കാർഡോ റെയസ്‌ ബസോൽറ്റോ എന്നാണ്. നെരൂദ എന്ന തൂലികാനാമത്തിൽ പത്ത് വയസ്സു മുതൽ തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി. 12 മത്തെ വയസ്സിൽ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായി. പ്രസിദ്ധ ചിലിയൻ കവിയായ ഗബ്രിയേല മിസ്റ്റ്രൽ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കാൻ വളരെയധികം സഹായിച്ചു.

1920 ഒക്ടോബറിൽ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ആ പേരിൽ പ്രശസ്തനായി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയിൽ അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു.
1950-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മഹാകാവ്യമായ ‘കാന്റോജെനെറൽ’ എന്ന മഹാകാവ്യത്തിൽ പെട്ടതാണ്‌ ‘മാക്ചൂ പിച്ചൂവിന്റെ ഉയരങ്ങളിൽ’ എന്ന കവിതയും.
കവിതയുടെ അതുവരെ അറിയപ്പെട്ട എല്ലാ രൂപങ്ങൾക്കും ‘കാന്റോജെനറലി’ൽ മാതൃകകളുണ്ട്‌. പേരിന്റെ അർത്ഥം ‘എല്ലാറ്റിനെയും കുറിച്ചുള്ളത്‌’ എന്നാണ്‌. അത്‌ ആ മഹാകാവ്യത്തെ സംബന്ധിച്ച്‌ ശരിയുമാണ്‌.

നെരൂദയെത്തേടിയെത്തിയ ബഹുമതികൾക്ക്‌ കണക്കില്ല. അന്താരാഷ്ട്രസമാധാന സമ്മാനം, ലെനിൻ സമാധാനസമ്മാനം, ഓക്സ്ഫഡ്‌ സർവകലാശാലയുടെ ഓണററി ഡി ലിറ്റ്‌ ബിരുദം ഇങ്ങനെ പോകുന്നു അവ.
1971-ൽ നെരൂദ നോബൽസമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു. നോബൽ സമ്മാനം ലഭിച്ച് തിരിച്ചു വന്നപ്പോൾ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

സ്വന്തം പാർട്ടിയെപ്പറ്റി നെരൂദ എഴുതിയ വരികൾ ഇങ്ങനെയാണ്:
“അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു.
നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല- ”

ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണ വസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു.
‘ഓര്‍മ്മക്കുറിപ്പുകള്‍’ (Memoirs) എന്ന ഓര്‍മ്മകളുടെ യാത്രയില്‍ അങ്ങിങ്ങായി വിസ്മൃതിയുടെ പിഴവുകള്‍ കണ്ടേക്കാമെന്നും നമ്മുടെയൊക്കെ ജീവിതവും അങ്ങനെയൊക്കെയായതിനാല്‍ അതിനോടു പൊറുക്കണമെന്നും ആത്മകഥയുടെ ആമുഖമായി നെരൂദ പറയുന്നുണ്ട്.
അവസാനകാലത്ത്‌ നെരൂദയെഴുതി:
‘ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല,
ഇനി ഒന്നും പറയാനുമില്ല.
എല്ലാം അവസാനിച്ചിരിക്കുന്നു,
വിപിനത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു.
സൂര്യൻ ഇലകൾ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു,
ചന്ദ്രൻ വെളുത്ത ഒരു പഴം
പോലെ ഉദിച്ചുയരുന്നു.
മനുഷ്യൻ സ്വന്തം
ഭാഗധേയത്തിനു വഴങ്ങുന്നു’.

By ivayana