രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
💖ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരത്തിനർഹനായ നടനവിസ്മയം, പ്രിയ ലാലേട്ടന് ഹൃദയാദരവോടെ,💖
അഭിനയത്തികവിന്റെ ചക്രവർത്തീപദം
ചാർത്തിക്കൊടുത്തതി,ന്നാർദ്രാഭിനന്ദനം
ഹൃത്തിൽത്തെളിഞ്ഞിടുന്നൂർജ്ജ പ്രസന്നമായ്
നിത്യമാം വിസ്മയ ചലച്ചിത്രരൂപമായ്
വ്യതിരിക്ത ശൈലിയാൽ സുവ്യക്ത ഭാഷയാൽ
സുമുഖ,നന്മാർദ്രമാം ചിന്താപ്രദീപമായ്
സ്തുത്യർഹ സേവന തല്പരനായതാം
സ്നേഹപ്രഭാത താരത്തിനഭിനന്ദനം
വാക്കുകൾക്കെല്ലാമതീതമായ്, ആർദ്രമായ്
ചിന്തോദയം പകരുന്ന ഹൃദയത്തിനെൻ
ഹാർദ്ദാഭിനന്ദനം, സുകൃതമേ,വന്ദനം;
മഹനീയമാം നടന രത്‌നമായനുദിനം
തുടരുവാൻ ഞങ്ങൾതൻ പ്രാർത്ഥനാമന്ത്രണം.
മലയാളമൊന്നായ് നമിക്കുന്നൊരൂർജ്ജ-
സ്വരൂപനാം പ്രിയ നടന ചക്രവർത്തിക്കിതാ,
പൊൻതൂവലായി,ത്തിളങ്ങുന്ന മകുടമായ്
ആദരവോടെയേകുന്നതാം ബഹുമതി,
സാദരം തൊട്ടു വണങ്ങുന്നു; ഭാരതം-
മഹനീയമായി പ്രകാശിച്ചുണർത്തുന്നു.
ഉത്തമനാം കലാകാരന്റെ ഹൃത്തടം
തെല്ലുമഹന്തയില്ലാത്തയാ, മസ്തകം
വ്യത്യസ്തമായിത്തുടരട്ടെ, പാരിന്റെ-
താരമായേവം തിളങ്ങി മുന്നേറട്ടെ
കേരളമഭിമാന നിമിഷമായ് കാണുന്നു
കേൾവികേട്ടുണരുന്ന ഭാഗ്യമായ് ക്കരുതുന്നു
പുലരിപോൽത്തിളങ്ങുവാനാ ശീർവദിക്കുന്നു
പുതിയ പഠിതാക്കൾക്ക് പാഠമായ് നൽകുന്നു
നാളത്തെ നാടിൻ പ്രഭാത മീ മഹനീയ-
സന്ദർഭമോർത്തു പ്രകാശിതമാകട്ടെ,
പുതിയ താരോദയങ്ങൾക്കുദയ മാതൃകാ-
രത്നമായ് മനതാരിൽ നിത്യം തിളങ്ങട്ടെ,
സ്തുത്യർഹ സേവന വഴികൾക്കൊരൂർജ്ജമായ്
മനസ്സിലെന്നും മഹാശക്തി പ്രവാഹമായ്
മഹാനടന വിസ്മയത്തെ പാഠമാക്കുക:
മഹനീയ സന്ദർഭമോർത്തു നമിക്കുക.
