ബന്ധുര ചിന്തോദയങ്ങളാൽ ഭാരതം
സ്വന്തമെന്നുള്ളിലുറപ്പിച്ച മഹാനിധേ,
സാന്ത്വനമായ് നിറയുന്നോരുദയമേ,
ഗാന്ധിജിയെന്ന യാ മാതൃകാ ഹൃദയമേ,
ഹൃത്തിൽ തളിർക്കുന്നാദർശമനുദിനം
എത്ര വേഗത്തിൽപ്പരന്നുദയ ദർശനം
നിത്യ പ്രദീപമായ് നിൽക്കുന്നാ, സ്നേഹകം
കർത്തവ്യബോധം പകർന്നതാം ചിന്തകം
കർമ്മജ്ഞനായതാം സ്തുത്യർഹ വൈഭവം
വ്യതിരിക്തമായിത്തിളങ്ങുന്ന ഹൃത്തടം
മർത്യരായുള്ളവർക്കുദയാർദ്ര പുസ്തകം;
ലോകമേ,യോർത്തു നമിക്കുകാ, മസ്തകം.
സ്വാതന്ത്ര്യ പുലരിത്തെളിച്ചം നുകർന്നു നാം
സന്മാർഗ്ഗ ശീലരായെന്നും പുലരുവാൻ
സഹനച്ചെരാതുമായ് മാതൃരാജ്യത്തിനായ്;
പോരാടി നിൽക്കാൻ പഠിപ്പിച്ചൊരേവിധം
മനോവാതായനം തുറന്നുതന്നാദിത്യ-
ഹൃദയമോടുദയം പകർന്നതാം ദീപ്തകം
എത്ര ശതകം കഴിഞ്ഞാലുമനുദിനം
സ്പന്ദിച്ചുണർത്തും സ്മരണാ പുലരികൾ
നിത്യോർമ്മയായിത്തിളങ്ങുന്ന താരമേ,
ഹൃത്തിൽപ്പതിഞ്ഞുപോയാ,ദിവ്യ സത്യകം
ചേർത്തെഴുതുന്നഭയമാരെന്ന ചോദ്യകം
ഓർത്തു വണങ്ങുന്നു; മഹനീയമാം,മുഖം.
സുകൃത നന്മാർദ്രമീ, ജന്മസുദിനത്തിൽ നാം
ഉദയാർദ്ര ഹൃദയസ്മിതമോർത്തുണരുവിൻ
ആദരവിൻ സ്നേഹപ്രദീപം തെളിക്കുവിൻ
സ്വാതന്ത്ര്യപുലരി യോർത്തൊന്നായ് വണങ്ങുവിൻ.
നിത്യസ്മിതമായ് നിറയുന്നൊരോർമ്മയായ്
നിൽക്കട്ടെ ഗാന്ധി ജയന്തി; ഹൃദയങ്ങളിൽ
ശക്ത സാന്നിദ്ധ്യമേ,യറിയുന്നു ഭാരതം
സത്യസ്ഥിരതയാൽ നിറയുന്നയാ, മുഖം.

അൻവർ ഷാ ഉമയനല്ലൂർ

By ivayana