രചന : സഫി അലി താഹ✍.
ബാക്കിവന്ന ആഹാരം വേസ്റ്റിലേക്ക് തള്ളുമ്പോൾ ഒരു നിമിഷം ആ കുഞ്ഞുമക്കളുടെ നിലവിളി ഓർത്തുപോയി.ഉള്ളൊന്നു പിടഞ്ഞു. മക്കളോട് പറഞ്ഞപ്പോൾ കുഞ്ഞുമോൾ വരെ ഒരു വറ്റ് ബാക്കിവെയ്ക്കില്ല ഇന്ന്…..
വയറിൽ കല്ലുകെട്ടി വിശപ്പിനെ ആട്ടി പായിക്കുന്നവർ.കണ്ണുകൾ കുഴിയിൽവീണ്
വാരിയെല്ല് തെളിഞ്ഞ് തളർന്നുവീഴുന്നവർ…..
മാതാപിതാക്കളെ കാണാതെ ഉള്ളുരുകി നിലവിളിക്കുന്നവർ, മക്കളെ കാണാതെ നെഞ്ച്പൊട്ടി കരയുന്നവർ…..
നാളത്തെ സൂര്യോദയം കാണുവാൻ ഞങ്ങളുണ്ടാകുമോ എന്നറിയാത്ത അനിശ്ചിതത്വം പേറുന്നവർ…..
ഇന്ന് കിട്ടിയത് പോലെ ഒരു തുള്ളി വെള്ളം തൊണ്ടനനയ്ക്കാൻ നാളെയും കിട്ടുമോ എന്ന ആന്തലോടെ തളർന്നിരിക്കുന്നവർ…..
ചൂടിനെ പായിക്കാൻ ac ഇട്ട്, തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളി മൂടി നമ്മൾ സുരക്ഷിതരാകുമ്പോൾ നനഞ്ഞമണ്ണിൽ, പുകയിൽ, കരിയിൽ, ഇളകിവീണ കട്ടിളപ്പടിയുടെ മറകിൽ തന്റെ മാതാവിന്റെ മണം തെരയുന്നവർ…..
കരിഞ്ഞു തീർന്നതൊക്കെയും തങ്ങളുടെ സ്വപ്നങ്ങളാണെന്നും പറന്നുതുടങ്ങും മുൻപ് ചിറകുകൾ കരിച്ചതാണെന്നും ചുറ്റും കേൾക്കുന്ന സ്ഫോടനങ്ങളിൽ കരഞ്ഞുനിലവിളിക്കുന്നത് തങ്ങളുടെ വേണ്ടപ്പെട്ടവരാണെന്നും അറിയാതെ തൊണ്ട നനക്കാൻ ഒരിറ്റിനായി കരഞ്ഞുകരഞ്ഞു തൊണ്ടപൊട്ടി രക്തമൊഴുകുന്നവർ…..
മുലപ്പാലിന് പകരം അമ്മയുടെ രക്തമൂറ്റി കുടിക്കാൻ പോലും ഭാഗ്യമില്ലാത്ത മക്കൾ….. എന്നിട്ടും അമ്മിഞ്ഞമണം മാറാത്ത ആ കുഞ്ഞുങ്ങൾ പുഞ്ചിരിക്കും. ഒരു ബ്രെഡ് കിട്ടിയാൽ അവർ നന്ദി പറയും, വിശപ്പിന്റെ വിളികേൾക്കുന്നവനെ കൈ നിവർത്തുന്നവനെ ദൈവമാണെന്ന് ചിന്തിക്കും.മനുഷ്യനെന്ന് ഞാനും അടയാളം ചെയ്യും…..
രശ്മി 🫂💥❤️🔥
ഓരോ കുഞ്ഞുങ്ങളും ജീവനറ്റ് നിലംപതിക്കുന്ന വാർത്ത അറിയുമ്പോൾ പൊട്ടിച്ചിരിക്കുന്നവരെ ഒരു തരത്തിലും മനസ്സിലാകുന്നില്ല. നമ്മൾ കേരളത്തിലാണ് എന്ന് ഊറ്റം കൊള്ളുമ്പോൾ ഇത്തരത്തിലുള്ള പൊട്ടിച്ചിരികളെ അകറ്റിനിർത്തേണ്ടതുണ്ട്. അവർ ആരോ ആയ്ക്കോട്ടെ അവരെ മനുഷ്യരുടെ ലിസ്റ്റിൽനിന്നും ഞാനെന്ന മനുഷ്യർ മാറ്റിനിർത്തുന്നു…..!!