രചന : അജിത്ത് റാന്നി ✍
ഓടിയെത്താം നമുക്കോർമ്മപ്പരപ്പിൽ
ഒന്നെന്ന് ചൊല്ലിയ നാവോട് തന്നെ
കൂടെയെത്തേണം കുസൃതിക്കൂടാരവും
കൂടൊഴിയാത്ത കുളിരും, നിലാവും.
എണ്ണിക്കളിക്കും കളിയും ഇടയ്ക്കിടെ
കല്ലേർ കൊതിക്കുന്ന നാട്ടുമാവും
കണ്ണിമാങ്ങാത്തുണ്ടിൻ സ്വാദും നുണഞ്ഞ
പൂമരത്തണലിലൊന്നൊത്തുചേരാം.
തട്ടിത്തെറിച്ച മഴത്തുള്ളി തേടാതെ
തപ്പുകൊട്ടിക്കളിപ്പാട്ടുപാടി
താണുപറക്കും കുരുവിതൻ കൂട്ടിലെ
കുഞ്ഞിനെക്കണ്ട് രസിച്ചു നില്ക്കാം.
നല്ലതണിയുന്ന ഓണനാൾ മണ്ണിലെ
നന്മയെ ഓർമ്മയിൽ ചേർത്തു നിർത്തി
ഒത്തുചേർന്നിരവിലും പാടിക്കളിച്ച
പാട്ടിൽ ലയിച്ച് മതിമറക്കാം.
കഷ്ടകാലം മഴത്തുള്ളിയായ് പെയ്യും
രാവും പകലും നനഞ്ഞതോർത്തും;
ആറ്റിലൂടൂളിയിട്ടക്കരെയിക്കരെ
നീന്തിത്തുടിച്ചതും ഓർത്തിരിക്കാം.
മൂന്നുനേരത്തും വിളമ്പാത്തൊരമ്മതൻ
ദൈന്യത കണ്ണാലളന്നെടുത്ത്
മണ്ണപ്പമുണ്ടതിലാഹ്ളാദം കൊണ്ടോരു
മങ്ങിയ കാലം പഴിച്ചിരിക്കാം.
നാംവളർന്നു നല്ല നാടും വളർന്നേറെ
പൂവാടിപോലും പലതരമായ്
ഓർമ്മകൾ മായാതെ നില്പൂ തെളിവോടെ
ഓർക്കാതിരുന്നാൽ മനുഷ്യരോ നാം.