രചന : സതിസുധാകരൻപൊന്നുരുന്നി ✍
പകലന്തിയോളo പണിയെടുത്ത്
ക്ഷീണിച്ചവശായ് വന്നിടുമ്പോൾ
നടുവുംനിവർത്തി കിടന്നുറങ്ങാൻ
ചോർച്ചയില്ലാത്തൊരു വീടുവേണം.
ഇന്നെന്റെ വീടിന്റവസ്ഥ കണ്ടാൽ
മാലോകർ നാണിച്ചുനിന്നു പോകും
കാറ്റുവന്നോടിക്കളിച്ച നേരം
ഓലക്കീറെല്ലാം പറന്നു പോയി.
ചെറ്റക്കുടിലിന്നകത്തളത്തിൽ
മഴവെള്ളം വന്നു നിറഞ്ഞു നില്പു
സൂര്യകിരണങ്ങൾ എത്തി നോക്കി
ചുമരിൽ ചായങ്ങൾതേച്ചിടുന്നു.
കൂട്ടുകാരെങ്ങാനോ വന്നുപോയാൽ
കുത്തിയിരിക്കാനൊരിടവുമില്ല
വെള്ളം നിറഞ്ഞൊരടുപ്പുകണ്ടിട്ടമ്മ
താടിയ്ക്കു കൈയ്യും കൊടുത്തിരുന്നു
ഒരു നേരമെങ്കിലും പശിയകറ്റാനാകാതെ
മഴയെ പ്രാകിഇരുന്നു ഞാനും
ഞങ്ങൾക്കു തുണയായിട്ടാരുമില്ല
അച്ഛനും ഞങ്ങളെ വേണ്ടാതായി
ഇന്നെന്റെ സുന്ദര സ്വപ്നമാണ്
ചോർച്ചയില്ലാത്തൊരു വീടൊരുക്കാൻ.
