ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഓസ്ട്രിയയിലെ ആദ്യ പ്രവാസി മലയാളികളിൽ ഒരാളായ ഡോ.കിഴക്കേക്കര ജോസ് ചേട്ടന്റെ അനുഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം ..

രക്ഷപെടുത്തിയവരുടെ പേരുകളൊന്നും എഴുതി സൂക്ഷിക്കാതിരുന്ന ഒരു ഓസ്ട്രിയൻ മലയാളിയെയാണ് നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്.

സഹായ ഹസ്തം ഓർത്തെടുക്കുന്ന ഒരു സുഹ്യത്പറയുന്നത്…

“1982 ൽ അനുജന്റെ ഭാര്യയെ ഓസ്ട്രിയയിലേക്കയക്കുന്നതുമായി ബന്ധപ്പെട്ടാണ് കിഴക്കേക്കര ജോസിനെ ആദ്യമായി പരിചയപ്പെടുന്നത്”. രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയിരുന്ന ഞാൻ ജോസി നെ തേടി മുവാറ്റുപുഴയിൽ അവരുടെ വീട്ടിലെത്തി. അനുജത്തിക്കുള്ള സ്പോൺസർ ലെറ്ററും വിസയുമൊക്കെ ശരിയാക്കി ഓസ്ട്രിയയിലെത്തിക്കാമെന്നു സമ്മതിച്ചിരിക്കുന്നത് അദ്ദേഹമാണ്. ഓസ്ട്രിയയിലെ ഒരു കോൺവെന്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന സഹോദരി ജോസുമായി സംസാരിച്ചിട്ടുണ്ടെങ്കിലും, ഒരു സഹായാഭ്യർത്ഥനയുമായി ആരുടെ മുൻപിലും നിൽക്കേണ്ട സാഹചര്യം ഇതു വരെ വന്നിട്ടില്ലാത്തതിനാൽ ഈ അപരിചിത നെ എങ്ങനെ സമീപിക്കണമെന്ന ആശങ്ക മനസ്സിലുണ്ട്. അയാൾ എങ്ങനെയാവും ആശ്രിതനായി ചെല്ലുന്ന എന്നെ സ്വീകരിക്കാൻ പോകുന്നത് ? അനുജനു പോരാൻ സൗകര്യമില്ലാഞ്ഞതുകൊണ്ടാണ് ഞാൻ തന്നെ പോരേണ്ടി വന്നത്. അതു വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. വീട്ടിലെ കാളിംഗ് ബെല്ലിൽ വിരലമർത്തി, കതകു തുറന്നു സ്വീകരിച്ചത് അവരുടെ അമ്മയായിരുന്നു.

അൽപ സമയം കഴിഞ്ഞു ജോസെത്തി, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും കുലീനതയുള്ള ഇടപെടലുകളും. കാര്യങ്ങളെല്ലാം സംസാരിച്ചു. ഒന്നിനെപ്പറ്റിയും ആശങ്ക വേണ്ടെന്നും എല്ലാം അദ്ദേഹം നോക്കിക്കൊള്ളാമെന്നും ഉറപ്പു തന്നു. കാപ്പിക്കു പകരം മദ്യം വിളമ്പിയായിരുന്നു സ്വീകരിച്ചത്. 50 ml കൊള്ളുന്ന ഒരു ചെറിയ ഗ്ലാസ്സിന്റെ മൂട്ടിൽ 20 ml കള്ളൊഴിച്ചു തന്നുള്ള ആതിഥ്യ മര്യാദ കള്ളുകുടിയിൽ ബ്രിട്ടീഷ് രീതികൾ പിന്തുടർന്നിരുന്ന എനിക്കങ്ങു മനസ്സിലായില്ല ( ഞാൻ യൂറോപ്പിലെത്തുന്നതു വരെ ) ! ഞങ്ങളുടെ വീടു സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചു ഭാര്യയും കുട്ടികളുമൊത്ത് എന്നോടൊപ്പം പോന്ന അവർ ഉച്ച ഭക്ഷണത്തിനുശേഷം കാറിന്റെ ഡിക്കിയിൽ വാഴക്കുലയും പച്ചക്കറികളുമൊക്കെ നിറച്ചാണ് 4 മണിയോടെ തിരിച്ചു പോയത്. ഹൃദയഹാരിയായ ഒരു സന്ദർശനമായിരുന്നു അന്നത്തേത്

82 ൽ അനുജത്തിയും,85 ൽ എന്റെ ഭാര്യയും വിയന്നയിലെത്തി എയർ ഫോഴ്‌സിൽ നിന്നും പിരിഞ്ഞ് 87 അവസാനം വിയന്നയിലെത്തിയപ്പോളാണ് വീണ്ടും ജോസുചേട്ടനെ കാണുന്നതും അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുന്നതും. 70 പതുകളിലെന്നോ തുടങ്ങിയ വിയന്ന മലയാളി അസ്സോസിയേഷൻ, എല്ലാ ആഴ്ചകളിലും കളിക്കാർ ഒത്തു കൂടുന്ന വോളി ബാൾ ക്ലബ്, ഞായറാഴ്ചകളിൽ മലയാളം കുർബാന നടക്കുന്ന ആഫ്രോ ഏഷ്യാറ്റിക് പള്ളി അങ്ങനെ പല പ്രസ്ഥാനങ്ങളുടെയും തുടക്കകാരനും അമരക്കാരനുമൊക്കെയായി അറിയപ്പെട്ട ജോസുചേട്ടനെ പറ്റി കുടുതലറിയാനുള്ള ജിജ്ഞാസ കൊണ്ടാണ് വിവരശേഖരണ ത്തിനു തുനിഞ്ഞത്.

1973 ലാണ് Msc.ഫിസിക്സ് കഴിഞ്ഞ കിഴക്കേക്കര ജോസ് വിയന്ന യൂണിവേഴ് സിറ്റിയുടെ ഒരു സ്കോളര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിയന്നയിലെത്തുന്നത്. താമസിയാതെ തന്നെ Msc. കെമിസ്ട്രി യ്ക്കു ശേഷം തൃശൂർ നിർമലാ കോളേജിൽ അധ്യാപികയായിരുന്ന ഭാര്യ തെരേസയും വിയന്നയിലെത്തിയപ്പോൾ അവർ വിയന്നയിലെ ആദ്യത്തെ മലയാളി കുടുംബമായിരുന്നെന്നു പറയപ്പെടുന്നു. യൂണിവേഴ്സിറ്റിയുടെ അകത്തളങ്ങളിലും, ഓസ്ട്രിയൻ സമൂഹത്തിലുമൊക്കെ വിദ്യാസമ്പന്നനായ ജോസ് വളരെ വേഗം ബന്ധങ്ങൾ സ്ഥാപിച്ചെടുത്തു. ആരോഗ്യ പരിപാലന രംഗത്തെ നഴ്‌സു മാരുടെ ദൗർലഭ്യത പരിഹരിക്കുവാനായി അക്കാലത്ത്‌ ഫിലിപ്പിയൻസിൽ നിന്നും അങ്ങോട്ടു കമ്മീഷൻ കൊടുത്താണ് ഓസ്ട്രിയയിലേയ്ക്കു നഴ്സുമാരെ കൊണ്ടുവന്നിരുന്നത്. ഈ സാഹചര്യം മനസ്സിലാക്കിയ ജോസിന്റെ മനസ്സിൽ ജന്മനാട്ടിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ദരിദ്ര കുടുംബങ്ങളിലെ സഹോദരിമാരെ ഓർമ്മ വന്നു. കമ്മീഷൻ ഒന്നും നൽകാതെ തന്നെ ഇന്ത്യയിൽ നിന്നും നഴ്‌സ് മാരെ കൊണ്ടു വരാനുള്ള സാധ്യതകളെ പറ്റി ഓസ്ട്രിയൻ ആരോഗ്യമന്ത്രാലയവുമായി അദ്ദേഹം ആശയ വിനിമയം നടത്തി. പക്ഷെ നിലവിലുള്ള സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾക്ക് അതിനു സാധ്യമല്ലെന്നു മനസ്സിലാക്കി താൻ റിസർച്ച് അസിസ്റ്റന്റ് ആയി ജോലിചെയ്തിരുന്ന യൂണിവേഴ്സിറ്റിയിലെ സുഹൃത്തുക്കളുമായി സംസാരിച്ചു. അങ്ങിനെയാണ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ വാങ്ങി സ്റ്റുഡൻറ് വിസയിൽ നഴ്‌സുമാരെ കൊണ്ടുവരുവാനുള്ള സാധ്യതകൾ മനസ്സിലാക്കുന്നതും അതിനു തുടക്കം കുറിച്ചതും. പിന്നീട് U N ൽ ആറ്റോമിക് എനർജി വിഭാഗത്തിൽ ജോലി തുടങ്ങിയപ്പോൾ ടുറിസ്റ്റു വിസയിൽ ആൾക്കാരെ കൊണ്ട് വന്ന് അവരെ സ്ഥിരപ്പെടുത്തിയെടുത്തു. 1973 മുതൽ 2003 വരെ ജോസുചേട്ടന്റെയോ അദ്ദേഹത്തിന്റെ ഭാര്യ തെരേസയുടെയോ അടുത്ത് സഹായമഭ്യര്ഥിച്ചു ചെന്ന എല്ലാവർക്കും അവർ ഓസ്ട്രിയയിലെത്താനുള്ള അവസരമുണ്ടാക്കികൊടുത്തു. ഈ കാലയിളവിൽ ഏതാണ്ട് 500 ലധികം ആളുകൾ ഇവരിലൂടെ നേരിട്ടു വിയന്നയിലെത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇങ്ങനെ വന്ന ഓരോരുത്തരുടെയും ബന്ധുക്കളും അവരുടെ ആശ്രിതരുമായി കുറഞ്ഞത് 15 കുടുംബങ്ങളെങ്കിലും വച്ച് ഇപ്പോൾ ഓസ്ട്രിയയിലും സ്വിറ്റസർലാൻഡിലുമായിക്കാണും പിൽക്കാലത്തു വന്നവരിൽ പലരും വന്ന വഴികൾ മറന്നവരും അറിയാത്തവരുമാണെങ്കിലും ഓസ്ട്രിയയിലും സ്വിറ്റസർ ലാൻഡിലുമായി ഇന്നുള്ള മലയാളികളിൽ ഭൂരിഭാഗവും ഇവിടെ എത്തിപ്പെടുവാൻ കാരണമായത് ജോസ് കിഴക്കേക്കരയുടെ Schindlers Listi ൽ കയറിക്കൂടാൻ ഭാഗ്യം ലഭിച്ചവരുടെ വംശ പരമ്പര ഇന്നു ലോകമെമ്പാടുമായി ചിതറിക്കിടക്കുന്നു.

കൂടുതൽ പേരും ഇസ്രായേലിലാണുള്ളത്. ഓസ്കാർ ഷിൻഡ്‌ലർ 1974 ൽ ജർമനിയിലെ ഹിൽഡേസ് ഹൈമിൽ വച്ചാണ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ചു മൃതദേഹം ജറുസലേമിലെ ബെർഗ് സിയോണിലുള്ള ഫ്രാൻസിസ്കൻ സെമിത്തേരിയിൽ അടക്കം ചെയ്തു. എല്ലാ വർഷവും അദ്ദേഹത്തിന്റെ ഓർമദിവസം ലിസ്റ്റിൽ ഇടം നേടാൻ ഭാഗ്യം ലഭിച്ചവരുടെ പിൻഗാമികൾ തങ്ങൾ ജീവിച്ചിരിക്കുന്നതിനു കാരണഭൂതനായ ഷിൻഡ്‌ലറിന്റെ കല്ലറയിൽ പ്രാർത്ഥനയ്‌ക്കെത്തും. ഓരോരുത്തരും ഓരോ കല്ലുകൾ കല്ലറയ്ക്കു മുകളിൽ വച്ച് തങ്ങളുടെ നന്ദി പ്രകടിപ്പിക്കുമ്പോൾ കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി വച്ചാലും കല്ലറയിൽ ഒതുങ്ങാതായിരിക്കുന്നു. ജോസുചേട്ടൻ വഴി ഇവിടെയെത്തിയവറം പിൻഗാമികളും ചേർന്ന് ഓരോ കല്ലു നിക്ഷേപിച്ചു നന്ദിയറിയിക്കാനൊരുമ്പെട്ടാൽ ഒരു ഒരു ഫുട്ബോൾ കോർട്ട് എങ്കിലും വേണ്ടി വന്നേക്കാം.

By ivayana