രചന : മധു നിരഞ്ജൻ ✍
മഷിക്കുഴമ്പുപോൽ രാവുരുകുമ്പോൾ,
അവകാശമില്ലാത്തൊരന്ധകാരത്തിൽ,
കൈത്തിരി നാളമായി നീയുണരുന്നു,
ദീപാവലീ..
നരകാസുരൻ വീണ മണ്ണിലുണർന്നൊര-
ഗ്നിനാളമേ, നീയെരിയുന്നതെന്തേ?
വിജയമോ, അതോ സ്നേഹപ്രകാശമോ?.
രംഗോലിയായി വർണ്ണങ്ങൾ വിതറി,
വാതിൽപ്പടിയിൽ ലക്ഷ്മി തൻ കാൽപ്പാട്.
മധുരത്തിൻ രുചിയുണ്ട് ചുണ്ടിൽ,
കത്തുന്ന പടക്കം വെറും ശൂന്യമാം മനസ്സുകൾ.
ഇരുൾ നീക്കി വെളിച്ചം നിറയ്ക്കുന്ന
ദിവസമിതു, ദീപാവലി.!
മനസ്സിലെ കരിന്തിരി കെടുത്താതെ,
സ്വയം പ്രകാശിക്കാൻ പഠിപ്പിക്കും നാളമേ..
ഒരു ചിരിയെങ്കിലും പൂത്തിരിയായി
അയൽക്കാരന്റെ വീട്ടിലെത്തീടട്ടെ.
ചിരാതുകൾ നിരക്കുന്നു, വഴിയോരങ്ങളിൽ.
ഓരോ തിരിയും ഒരു സ്വപ്നം, ഒരു പ്രാർത്ഥന,
മറവിയിൽ നിന്നും വെളിച്ചത്തിലേക്കൊരു യാത്ര.
ഒരു കൈത്തിരി വെട്ടം പകർന്നു നൽകാൻ
വെളിച്ചമെൻ ഹൃദയത്തിൽ നിറയട്ടെ.
പഴങ്കഥയല്ല, ഇന്നിന്റെ ദീപമാവൂ,
പരസ്പരം താങ്ങും പ്രകാശവുമാകട്ടെ.
അതിനായി നീ എന്നുമെരിഞ്ഞീടുക ദീപമേ….
കാത്തിരിപ്പിൻ പുണ്യമീ ദീപാവലി..
