മരതകം മിന്നുന്ന മലയാളകാന്തികൾ
മലയരയർ മൂളിയ മോഹനരാഗം
മലയജയുക്തിയാനിർഗ്ഗളിക്കുമ്പോൾ
മലയാളമാനസം പ്രതിധ്വനിക്കുന്നു.

മഞ്ജുളമായൊരു ഭൂമിക തന്നിലായി
മാരുത മർമ്മരം ശൃംഗാരമാകന്ദം
മേഘധ്വനികളാൽ മാരിയുതിരുമ്പോൾ
മയിലായിതാനന്ദനർത്തനമാടുന്നു.

മിഹികാവൃതമാമലനിരനിരയൊത്തു
മതിലുമില്ലാ പരശുരാമക്ഷേത്രത്തിൽ
മാനവമൂല്യങ്ങളായുയർന്നുയർന്ന്
മാധവാരാമകേന്ദ്രനിതാനമായി.

മോഹന കാനനം കാദംബരിയായി
മല്ലികാനികുഞ്ജത്തിലായിരുന്ന്
മാണിക്യരാഗങ്ങളാമോദമാകുമ്പോൾ
മൂർത്തമാംമാനസമലിഞ്ഞിടുന്നു.

മധ്യമാവതിരസരാഗതരംഗിണി
മൂളുന്നോരാനന്ദഭേരിയിലായി
മുദിതമായൊരാമാനിനിയിലായി
മുരജനാദമുഖരിതതന്ത്രിയായി.

മോദമാമാരവമായഖിലവുമായതം
മയൂഖരേണുവായലിഞ്ഞലിഞ്ഞ്
മതിമുഖി തൻ്റെ ശ്രീവിലാസമായി
മുക്താവലിയായന്ത്യമണിയായി.

മുകുരമാനസമലങ്കാരകേളിയാൽ
മാറ്റൊലിയാകുന്ന പൂരമേളനത്തിൽ
മദമാത്സര്യഭേദങ്ങമില്ലാതൊഴുകി
മെല്ലെമെല്ലെയായിസാഗരമലിയുന്നു.

മോഹിനിഗാന സമ്മോഹനങ്ങളിൽ
മൃദുലമൊഴുകുന്ന മധുരവാണിയിൽ
മലയാളശ്രീലകമധുചന്ദ്രിക പൂക്കുന്നു
മാർഗണ ദീപ്തിയായി കുരിരുട്ടിൽ .

മരുദേശമല്ലിതു കാന്തിപ്രഭാഞ്ചിതം
മഞ്ചലിലാടുന്ന തരുലതാഗഹ്വരി
മേനി കണ്ടു മയങ്ങും തൽപരൻ
മതല്ലികാഗേഹിയിലലിയുവാനായി.

മറ്റൊലിയാകും മിഴാവിൻ കളരവം
മണ്ഡലമാകെ പ്രതിധ്വനിക്കുമ്പോൾ
മംഗളമേറുന്ന പാണിയിലായിതാ
മികവേറുന്ന വിശേഷങ്ങളായിരം.

മേളപ്പെരുക്കത്തിലാടും പുലവൃത്തം
മലദേവതയുടെ വിളയാട്ടരംഗത്തിൽ
മന്ത്രമുണരുന്ന തേരിൽ വസന്തം
മന്ദസ്മിതമോടെ മുകുളം വിടർത്തും.

മേധാവിധാതാവിന്നാശ്രിതരടിമകൾ
മഹിയിലേ ഭാഗധേയങ്ങളായി
മുഷ്ടദേവാലയ മതിലകത്തായി
മിഥിലാനുരാഗിയാംനാഗരാജാക്കൾ.

മധുരമൂറുന്ന മധുമുഖ വാടിയിൽ
മധുപനെങ്ങും മൂളി പറക്കുമ്പോൾ
മദന മലരുകൾ പൂക്കുന്ന വിസ്മയം
മണമലിയുന്നുമാരുതിയിലാലോലം.

മൂർത്തിയാമാരാധനാ സ്വരാവലി
മർമ്മരമാകുന്ന വ്യഞ്ജനത്തിലേയും
മുത്തുമാലയാം മണിപ്രവാളത്തിൽ
മലയാള കണികകളാകെ നിറയുന്നു.

മലിനമാകാത്ത പ്രത്യുഷഭേരിയിൽ
മുറ്റമാകവേ നിറയുന്ന പൂക്കളം
മന്നിടത്തിലെ പൂർവ്വസൂരികളെല്ലാം
മാനം മുറ്റുന്ന അടയാളമാകുന്നു.

മലയഗീതപാണതുടിപ്പിലുന്മാദം
മൃദുലതാളഗതിയിലായായതം
മലയാള ദുന്ദുഭി പ്രപഞ്ചമനന്തം
മന്ദമാരുതനോടനുലയമലിയുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *