രചന : അജിത്ത് റാന്നി . ✍
അയലത്തവളുള്ള കാലത്തൊരു നാൾ
കളിവാക്കു ചൊല്ലി രസിച്ചിരിക്കേ
കവിളിണ നാണത്താൽ ചോന്നതും നിൻ്റെ
നുണക്കുഴി പൂത്തതും ഓർക്കുന്നു ഞാൻ.
കൊഞ്ചിപ്പിണങ്ങുന്ന നാളുതൊട്ടെന്നുടെ
കൈവിരൽ കൂട്ടായ് എടുത്തവളിൽ
കാലം വർണ്ണങ്ങൾ ചാലിച്ചെഴുതവേ
കാമിനിയായവൾ കാതരയായ്.
നാടും നാട്ടാരും നിൻ്റെ പെണ്ണെന്നോതി
നാരായണക്കിളി ഏറ്റു ചൊല്ലേ
നാണം മറന്നിലത്താളത്തിൽ തുള്ളും
നാടോടിപ്പെണ്ണായ് അവൾ ചമയും.
കാച്ചെണ്ണ തേച്ചുമിനുക്കിയ കാർകൂന്തൽ
വാസന നിന്നൊപ്പം ചാരത്തെത്തേ
വാരിപ്പുണരാൻ കൊതിക്കും മനസ്സിനെ
കൂച്ചുവിലങ്ങാൽ തളച്ചിരുന്നു.
ജ്ഞാനപ്പാന തൻ വരിപോലെ തോളിൽ
മാറാപ്പതേന്തേണ്ട കാലമെത്തേ
കാലങ്ങളോളം കരുതിയ കൈവിള –
ക്കൂതി അണച്ചെന്നെ ഏകനാക്കി.
നാട്യമറിയാത്ത എന്നിലെ കാമുകൻ
നീളെ വഴിക്കണ്ണുമായിരിപ്പൂ
സ്നേഹം യാചിച്ചു വാങ്ങുവാനല്ല നിൻ
സൗഭാഗ്യ സമ്പൽ സമൃദ്ധി കാണാൻ.
