രചന : സി.മുരളീധരൻ✍
കൈരളിക്കൊരു സൂര്യ നുണ്ടായിരുന്നുസ്നേഹ
കാവ്യസുന്ദര കിരണാ വലിയർപ്പിക്കുവാൻ.
ആവെളിച്ചവും ചൂടും സ്നിഗ്ദ്ധ രാഗവും പുത്തൻ
പൂവിളിയുണർത്തുന്നു ചേതനകളിലിന്നും.
കരുണാർദ്രമായി സ്വാപ സ്വൈരമായന്തപ്പുര
തമസ്സിൽ തപസ്സിരുന്നിരുന്നു കാവ്യാംഗന,
പുലരിക്കതിരേൽക്കാൻ,ഹരിതാഭയും രക്ത
ത്തുടിപ്പും തന്നിൽ ചേർക്കാൻ കൊതിചേ നിന്നുപാവം
അവളോമനയായി സൂക്ഷിച്ച മണിവീണാ
തന്ത്രികൾ മീട്ടാൻ വന്ന ധന്യരെ നമോവാകം
അവളെപ്പുൽകാൻ മന്ദം മണിവീണയിൽ സപ്ത
സ്വരരാഗങ്ങൾ തീർ ക്കാൻ വന്നവരാരും തന്നെ
ഉണർത്തീലിത്രക്കാത്മ ചൈതന്യമെഴും ഗാന
രണിതം ഭവാൻ ശുഭ്ര സുന്ദര കിരണത്താൽ
ഉണർത്തി നവോന്മേഷ കല്പനാ സൗന്ദര്യത്തിൻ
പ്രണയ സ്വരരാഗ മാലപിച്ചിടും വരെ
ആ കരാംഗുലീ സ്പർ ശ രോമാഞ്ച സ്പന്ദങ്ങളാൽ
നിന്നു നിർവൃതിപൂണ്ടു വീണ്ടുമൊന്നുണർന്നപ്പോൾ
അതിൽ നിന്നുയർന്നുപോൽ അഗ്നിയും വെളിച്ചവും
സ്വപ്ന ശോഭയും സത്യ ദർശന സൌന്ദര്യവും
ആ മണിവീണാക്വാണം മുഴങ്ങീ വയലിലും
മൺകുടിലിലും മണി മന്ദിരത്തിലുമൊപ്പം
കലയെ കാൽച്ചങ്ങല ക്കിട്ടു തുള്ളിച്ചോരാഡ്യ
കുലത്തിൽ കുചേലൻ മാർ ഉണർന്നു കരുത്തോടെ
ഇത്താപ്പിരിയും ജസീന്തയുമാ മരക്കൊമ്പിൽ
തത്തിയോരിണയെ വേർ പെട്ടൊരു പൈങ്കിളിയും
വന്നു നിൽക്കുന്നു മർ ത്യ ദുഃഖങ്ങളറിയുന്ന
മാനവ മനസ്സുകൾക്കരികെ കൂട്ടിന്നായി
വീണയിൽ വാളിൻ മുനയ്ക്കേകുവാനാ കാത്തൊരു
വീര വിപ്ലവ ദ്വിതി ചേർത്ത പൊൻ വെളിച്ചമേ
മാനവ വിഷാദത്തെ മാനിക്കാതറിയാത്ത മാനവ
തത്വങ്ങളെ സ്നേഹിക്കാതിരുന്നപ്പോൾ
ഞങ്ങൾ ദർശിച്ചു സൗമ്യ ഭാവവും സമാധാന
വാഞ്ചയും പര ദുഃഖ പാരവശ്യവുമങ്ങിൽ
ഭാവനാ സാമ്രാജ്യ ത്തിൽ നേടിയ നവരത്ന
ഹാരങ്ങൾ ഇതിഹാസ രൂപങ്ങൾ ക്കണിഞ്ഞപ്പോൾ
ആ രത്ന ഹാരങ്ങളിൽ തിളങ്ങി ദേവീദേവ
വിഗ്രഹങ്ങളും ഭക്ത മാനസങ്ങളുമൊപ്പം
മാനവ പരിണാമ പരിവർത്തനോത്സാഹ
ജ്ഞാന സൗന്ദര്യോദയ സിന്ദൂര പുഷ്പം ചൂടി
വയലാറിലെ വീര ജീവിതം ത്രസിക്കുന്ന
വയലേലയിൽ നിന്നുമുണർന്ന ചൈതന്യമേ
വിശ്വ മാനവ സ്നേഹ ഗാഥയാൽ മണ്ണിൽ തീർത്ത
അശ്വമേധമായി മാറി നിശ്ചയം ത്വൽ ജീവിതം
കാവ്യ കൈരളിയുടെ ഓർമ്മയിൽ മരിക്കാത്ത
കാമനയായി രൂപ ഭാവമായ് മരുവുമ്പോൾ
ഞങ്ങളിന്നറിയുന്നു സത്യം, ആ വെളിച്ചത്തെ
ചങ്ങലക്കിടുന്നതിൽ മരണം തോറ്റെ പോയി
സൗമ്യ സൗന്ദര്യോദയ കാന്തിയും തീഷ്ണാരു ണ
ഭൗമ ശോഭയുമേകി ക്ഷണികം മാഞ്ഞെന്നാലും
കാവ്യകൈരളീ ചക്ര വർത്തിനിക്കേകാൻ തീർത്ത
കാമ്യ മൗക്തിക ശിൽപ ഗോപുര നടതന്നിൽ
ഞങ്ങൾ, കാലവും, ധന്യ ധന്യാശ്രു ബിന്ദുക്കളാൽ
വിങ്ങിടും മനസ്സുമായി വന്നുനിൽക്കുകയല്ലോ
പുരുഷാന്തരങ്ങളിലൂടെ നേടിയ മർത്യ
ദർശന നവോത്ഥാന സംസ്കാര കതിർ ചൂടി
നാളത്തെ പുലരികളിവിടെയുണ ർത്തിടും
നാമ്പുകളുൾക്കൊള്ളൂ വാൻ ഞാൻ കുറിക്കട്ടെ വീണ്ടും
കൈരളിക്കൊരു സൂര്യനുണ്ടായിരുന്നു ശുഭ്ര
സ്മേര സൗരഭ കിര ണാവലി യർപ്പിക്കുവാൻ
ആ വെളിച്ചവും ചൂടും സ്നിഗ്ദ്ധ രാഗവും പുത്തൻ
പൂവിളിയുണർത്തുന്നു ചേതനകളിലിന്നും.

