രചന : അഹ്മദ് മുഈനുദ്ദീൻ.✍
ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു
തിരകൾക്ക്
ഒരു കളിയേ അറിയൂ
കുളം – കര
കര – കുളം
കടൽ വളരുന്നുണ്ട്
തകർന്ന വീടിൻ്റെ വലുപ്പത്തിൽ
ഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽ
എല്ലാവർഷത്തിലും
ഞങ്ങളത് അളന്നെടുക്കാറുണ്ട്.
കടൽ കണ്ട്
വെയിൽ കൊണ്ട്
മുടി കൊഴിഞ്ഞ്
കാറ്റാടി
കാറ്റൊളിപ്പിച്ച്
ചട്ടംപഠിപ്പിച്ച്
മദപ്പാടൊഴിപ്പിച്ച്
കാഴ്ച പോയ കാറ്റാടി.
ഒരു പേക്കാറ്റ്
പോണ പോക്കിൽ
കഴുത്തൊടിച്ചു.
ഇനി പിന്നാലെ വരുന്നവർക്ക്
തങ്ങാനിടമില്ല
സമാധാനം പറയാനില്ല
അവരെന്തൊക്കെ
കാട്ടിക്കൂട്ടുമെന്ന് ആർക്കറിയാം.
പൂച്ചയും അറിയണം.
ഒരു മീൻ തനിയെ
സൈക്കിളിൻ്റെ പിറകിലെ
കൊട്ടയിൽ
ചാടിക്കേറി വരുന്നതല്ല.
കുറേ കുറേ മുന്നൊരുക്കങ്ങളുണ്ട്
അധ്വാനമുണ്ട്
ആലോചനയുണ്ട്
ഒടുവിലാണ് ചട്ടിയിലെത്തുന്നത്.
അതിൻ്റെ ബാക്കിയാണ്
കണ്ടിട്ടും കാണാതെയും
തിന്നാൻ കിട്ടുന്നത്.
കടലിലോ പുഴയിലോ പോയി
ഒരു പൂച്ചയും മീൻപിടിച്ചിട്ടില്ല
വല്യ വിലകൊടുത്ത് വാങ്ങിയ
അലങ്കാര മത്സ്യങ്ങളെ
അക്വേറിയം മറിച്ചിട്ട്
നിങ്ങൾ കൊന്ന് തിന്നു.
എത്ര ഉപ്പുകാറ്റടിച്ചാലും
ഞാൻ തുരുമ്പെടുക്കില്ല
എത്ര രുചിയുള്ള ഇര കോർത്താലും
ചൂണ്ടയിൽ ചുണ്ട് മുട്ടിക്കില്ല
വിലയെക്കുറിച്ചല്ല
വിശ്വാസത്തെക്കുറിച്ചാണ്
ഞാനിപ്പോഴും
നിന്നെ
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.
