ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഇന്നവർ നിങ്ങളുടെ അന്നം മുടക്കി
കറുത്ത ദേവത അതേറ്റുപാടി
കോഴിക്കറി കൂട്ടി ഏമ്പക്കം വിട്ടു
നാളെയവർ നിങ്ങളുടെ തലയറുക്കും
കറുത്ത ദേവത കണ്ണടയ്ക്കും
ഭൂമിയുടെ അവകാശികളേ ഓടിമറയുക
നിങ്ങൾക്ക് സമ്മതിദാനം ആധാറുരുപ്പടി കെടുപിടി ശൂന്യം
തീൻമേശയിലൊരുവന്റെ രുചിമുകുളം ത്രസിക്കുന്നില്ല
എങ്കിലും
നേഹയുടെ പെട്ടകത്തിന്
നിങ്ങളിലൊരുവന്റെ ബീജം ആവശ്യമുണ്ട്
അടുത്തത് നിങ്ങളാണ് അബലരേ
കൊല്ലുവാൻ ഞങ്ങൾക്ക് കൊതിയേറുന്നുണ്ട്
കറുത്തമക്കളെ കുഴിച്ചുമൂടിയ
കറുത്തരാത്രികൾ മറഞ്ഞുപോയ്‌
തരിതരിക്കുന്നു പെരുത്തകയ്യുകൾ
കരുത്തൊഴിഞ്ഞൊരു പേശിയിൽ
ബലവാന്റെ നീതി
ഹമുറാബി കോഡ് 1750 ക്രി. വ. മു.
മുലപ്പാലിൻ മണമുള്ള പിഞ്ചുശരീരം
കടിച്ചുകീറിയവൻ ഉടയ്ക്കാത്ത വരി
തടവി ആട്ടുങ്കാൽ രുചിക്കുന്നു.
പോക്കറ്റിൽ സമ്മതിദാനം
ആധാറുരുപ്പടി കെടുപിടികൾ
മനുഷ്യാവകാശം തുറുപ്പുചീട്ട്
വായ്പ്പാട്ടും ബയണറ്റും കാവൽക്കാർ
കറുത്ത ദേവത ചിരിക്കുന്നു.
പ്രചണ്ഡമായൊരു ഹുങ്കാരം ഞാൻ കേൾക്കുന്നുണ്ട്
മുടിയഴിച്ച്, മുലയറത്ത്‌ പ്രകൃതി
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ

By ivayana