രചന : മേരി കുഞ്ഞു ✍️
കുഞ്ഞൂരിൽ വേനലുസ്കൂൾ പൂട്ടലായി, ഇനിവേഗ –
മെത്തേണ്ടൊരിടമുണ്ട്
കുന്നംകുളത്തമ്മ വീട്.
പതിവുപോലപ്പാപ്പൻ
വൈകാതെ വന്നെത്തി.
നാഴിക നാലും താണ്ടി
നാറേരിമനപ്പടി –
യ്ക്കപ്പുറത്തെ ഇടവഴി
കേറിയാലോ ബസ്സ് പോണ
കറുത്ത ടാർ റോഡിലെത്താം
ബസ്സിൻ്റെ സീറ്റിലൊ-
ന്നിരുന്നു കാറ്റേറ്റാലോ
നടന്നവയ്യായ്കയൊക്കെ
മാറിയിട്ടുഷാറാവും
പട്ടു ശീല ചോട്ടിൽ വച്ച്
രാഘവേട്ടൻ തുന്നിത്തന്ന
ചുമലിന്മേൽചിറകുള്ള
റോസാപ്പൂനിറമുള്ള
പുത്തൻനൈലോൺ ഉടുപ്പ്,
ചുമലൊപ്പം നീണ്ടെത്തും
ചുരുൾ മുടി, പറത്തിയി-
ട്ടെത്തുമ്പോഴമ്മാമ
വേവലാതിയ്ക്കടിപ്പെടും
” ൻ്റെകുട്ടിക്ക്
കണ്ണു തട്ടൂലോ ദൈവേ….. “
കണ്ണു തട്ടലൊരു മഹാ
സംഭവം ….. പനിവരാനതുമതി.
ഒരുപിടി കടുകു മുപ്പും
തല തൊട്ടുഴുഞ്ഞിട്ട്
അടുപ്പിലെ തീയിലിട്ടു
പൊട്ടിച്ചാൽതീർന്നു കിട്ടും
കണ്ണു തട്ടൽ മഹാമാരി.
പട്ടുടുപ്പു മാറിയിട്ടാൽ
കാത്തിരിക്കും കുട്ടിക്കൂട്ട
ക്കൂട്ടരോടൊപ്പംചേരാം ;
തീരാത്ത കളിക്കിടെ
മയിപ്പിലെ വെട്ടം കെടും ,
നേരത്ത് വീട് കേറാൻ
അമ്മാമവിളിക്കുമ്പോൾ
പ്രാർത്ഥിക്കും കണ്ണടച്ച്
‘ദൈവമേ തുറക്കല്ലേ
ഉസ്ക്കൂൾ ഇനി മേലാൽ
ഓലമേഞ്ഞ മേൽക്കൂര
ഉമ്മകൾ കൈമാറുന്ന
അങ്ങാടി വീടിൻ്റെ
ഉമ്മറത്തമ്മമാർ
രാത്രിപ്പണിയൊതുക്കി
വന്നിരിക്കും ചേതികൾ
കൈമാറും , കുട്ടിക്കൂട്ടം
കൂർപ്പിച്ച കാതുമായി
ആശ്ചര്യങ്ങൾ വാരിക്കൂട്ടും.
എതിർ വശത്തുമ്മറ-
ത്തിണ്ണയിൽ താണ്ടമ്മായി
പുതു കഥക്കൂട്ടത്തിൽ
ഇരുട്ടിൻ്റെ പെരുംഭീതി
ചേർത്തു ചൊല്ലി വിറയോടെ
“ലോകാവസാനത്തിന്റ
ലക്ഷണം കണ്ടൊടങ്ങി!
രാജ്യത്തെല്ലായിടത്തും
ഇന്നലെമയ്പ്പു നേരം
പള്ളിയങ്ങാടിയിൽ
ക്രിസ്തുസൈന്യസഭക്കാര്
തമ്പോറു കൊട്ടി പ്പാടി
പ്രസങ്ങിച്ചു യേശുവിൻ്റെ
രക്ഷയുടെ സുവിശേഷം.
” മാനസാന്തരപ്പെട്ടീടുവിൻ
വാനമേഘങ്ങളിൽഅവൻ
വരാറായി ; ഇനി നേരം
ഒട്ടേറെയൊന്നുമില്ല …
അന്ന് സൂര്യൻ കെട്ടൊടുങ്ങും
മാനത്ത് നക്ഷത്രങ്ങൾ
വെളിച്ചം കെട്ടിരുണ്ടീടും
ചന്ദ്രൻചോരക്കട്ടയാവും
ആകാശ ശക്തികൾ
ഇളകിക്കൊഴിഞ്ഞു വീഴും.
മാനസാന്തരപ്പെട്ട് …..
രക്ഷിയ്ക്കപ്പെട്ടിടുവിൻ “
മേഘങ്ങളിൽകർത്തൻ
മിന്നലായ് വന്നെത്തി
മാറിടംചേർത്ത് നമ്മെ
വാനിലേക്കെടുത്തീടും……..
ജാതികളക്കാലത്ത്
സത്യവേദപുസ്തകത്തെ
ഭീതിയോടെ കയ്യേൽക്കും.
അതാ….. പ്പൊ ണ്ടായത്.
നാറേരി മനക്കലെ
നമ്പൂരി,ശീമേല്
പോയ്പഠിച്ച്ഡോക്ടറായ
തമ്പുരാൻകൃസ് –
ത്യാനിയായി…..
സ്നാനം മുങ്ങി…..
വീണ്ടും ജനിച്ച്
രക്ഷിയ്ക്കപ്പെട്ട്
സുവിശേഷയോഗത്തിൽ
സാക്ഷ്യം പ്രസങ്ങിച്ചു
അത്ഭുതായിരുന്നു
സാക്ഷ്യം…
എടയ്ക്കെടക്കിംഗ്ലീഷ് പാട്ട്
കൂടെപ്പാടും മദാമ്മയും
മാലാഖ പോലത്തെ
വെളുവെളുത്ത
പൊന്നുമോളും …..
കേട്ടിട്ടും മത്യായില്ല
കണ്ടിട്ടും മത്യായില്ല.
ലോകാവസാനം …… ആരറിഞ്ഞു
ഇന്നോ …. നാളെയോ…..
തണ്ടമ്മായി… നിശ്ശബ്ദയായ്
ഇരുട്ട് പോലും ഒന്നു
പേടിച്ചു വിറങ്ങലിച്ചു.
ഉറങ്ങാൻ വിളക്കിൻ്റെ
തിരി താഴ്ത്തി അമ്മാമ
കിടക്കുമ്പോൾപേടിയായി
ഈ രാത്രി യെങ്ങാനും
ലോകം മുടിയുമോ…..
തിരിച്ചുടൻപോകുവാൻ
ആവുമോ….. ആവോ…..എന്തോ….
ആധിയായി……
അമ്മയെ കാണണം
തിരിച്ചു ചെന്നീടുമ്പോൾ
സ്കൂളിനിയുണ്ടാകുമോ…..
കരച്ചിൽ വന്നു
ചങ്കടഞ്ഞു.
നേരമൊന്ന് വേഗത്തിൽ
വെളുത്താൽ …..
മതിയാർന്നു
ലോകമാകെ മുടിഞ്ഞങ്ങ്
തീരുംമുമ്പെ കുഞ്ഞൂരിൽ
തിരിച്ചെത്താമായിരുന്നു….
ഉറക്കം,
പിന്നെ മെല്ലെ വന്ന്
അമ്മാമ കൈകളായി
പിടിച്ചു മാറിൽചേർത്ത –
തെപ്പൊഴെന്നറിഞ്ഞില്ല.
നേരം വെളുത്തനേരം
ലോകാവസാന ഭീതി
സമൂലമലിഞ്ഞുപോയ്
ഉപ്പേറ്റൊരൊച്ചിനെപ്പോൽ .
എന്നാലും
ഒരു തോന്നൽ
അമ്മയെ കാണണം.
ഇന്നഞ്ചര പതിറ്റാണ്ടു താണ്ടി
പിൻ തിരിഞ്ഞു നോക്കവേ
ഹായ് ….. അത്ഭുതം!
മുടിഞ്ഞിട്ടില്ലാത്ത ലോകം
എത്രയോ മനോഹരം.
