നഗരത്തിന്റെ
ആകാശം മുഴുവൻ
ശബ്ദം കൊണ്ടാണ്
പണിതിരിക്കുന്നത്.
കെട്ടിടങ്ങൾ,..
കത്തുന്ന വാക്കുകൾ.
വാതിലുകൾ,..
അടച്ച നിലവിളികൾ.
പാതകൾ,..
ഉറക്കം മറന്ന
പ്രാർത്ഥനകൾ.
ഞാൻ നടന്ന്
പോകുമ്പോൾ
തറയിൽ വീണ്
കിടക്കുന്ന
ഒരു വാക്ക്
എന്റെ ചെരുപ്പിൽ
ഒട്ടുന്നു.
അത് വിറയ്ക്കുന്നു,
മൊഴിയുന്നു..
“എന്നെ ഉച്ചരിക്കരുത്!”
ഓരോ
വഴിയമ്പലത്തിലും
വില്പനയ്‌ക്ക് വച്ച
ശബ്ദങ്ങൾ.
ചിരികൾ
കരച്ചിലുകൾ,
തടവറകളിൽ
അടച്ചുപൂട്ടിയ
മൗനങ്ങൾ.
ഞാൻ വാങ്ങിയത്
ഒരു ചെറിയ മൗനം.
എൻ്റെ പോക്കറ്റിൽ
വെക്കുന്നു.
അത് പിന്നെ
പൊട്ടിത്തെറിക്കുന്നു.
ആകാശം
മുഴുവൻ ചാരമായി
മാറുന്നു.
ഒരു പഴയ
റേഡിയോയിൽ നിന്ന്
ഞാൻ കേൾക്കുന്നു
എന്റെ സ്വന്തം ശബ്ദം.
തടഞ്ഞു നിൽക്കുന്ന,
പൊട്ടിപ്പോയ,
അർത്ഥം നഷ്ടപ്പെട്ട.
അത് പറയുന്നു:
“ഞാൻ നിന്നെ
മറന്നുകഴിഞ്ഞു.”
മധ്യരാത്രിയിൽ
നഗരം ഉറങ്ങുന്നു.
പക്ഷേ ശബ്ദങ്ങൾ
ഉറങ്ങുന്നില്ല.
അവ ഉയർന്നു
പറന്നു പോകുന്നു,
താഴേക്ക് വീഴുമ്പോൾ
തളർന്ന ശബ്ദങ്ങൾ
പൊട്ടിത്തെറിച്ച്
പൊടി ആകുന്നു.
അവയിൽ
നിന്നാണ് പുലർച്ച പിറവിയെടുക്കുന്നത്.
ഞാൻ ആ
ശബ്ദങ്ങളുടെ ഇടയിൽ
തെറ്റി നടക്കുന്നു.
എൻ്റെ സ്വന്തം ശബ്ദം
ഒരു അനാഥനായി എന്നെ
തേടുന്നു.
കണ്ടുകിട്ടുമ്പോൾ
ഞങ്ങൾ ഒരുമിച്ച്
നിശ്ശബ്ദരാകുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *