രചന : അൻസൽന ഐഷ ✍
ഞാനാരെന്നറിയുവാനാശിച്ചുലകം
ചുറ്റിയിട്ടും
അറിഞ്ഞില്ലിതുവരെയെന്നെ.
ഒരുവേളയെങ്കിലും എന്നിലേക്കൊന്നു
തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ
ഉള്ളിൽത്തെളിയുന്നൊരു ചെരാതു
കാണുമായിരുന്നു.
എന്നിലെയെന്നെക്കാണുവാനായി
ഒരുമാത്ര കണ്ണൊന്നടച്ച്
ആ ശ്വാസനിശ്വാസമൊന്നറിഞ്ഞാൽ
മതിയല്ലോ.
നിന്നെ നിനക്കല്ലാതെ
വേറയാർക്കറിയുമെന്ന്
എന്നുള്ളിലെ ഞാൻ
പറഞ്ഞുതരില്ലേ ?
നിന്നെത്തിരഞ്ഞു നീ അലയുമ്പോളും
എന്തേ നിനക്കിത്ര വൈമനസ്യം
എന്നിലേക്കൊരുവേളയെങ്കിലും
എത്തിനോക്കാൻ?
ഇനിയും വൈകാതെ മടങ്ങൂ
മനസേ..
നിനക്കുള്ളതും നീയും
നിന്നുള്ളിൽ മാത്രം.
മറുത്തുള്ളതൊക്കെയും
വെറും മായമാത്രം.
നിന്റെയെന്നു പറഞ്ഞ്
മോഹിപ്പിച്ചതൊക്കെയും
നീയൊരു
വിഡ്ഢിയെന്നറിഞ്ഞുതന്നെ.
വൈകിയിട്ടില്ലിനിയും
തിരികെ നടക്കാനും
നിന്നുള്ളിലെ നിന്നെക്കാണുവാനും
അതുമാത്രമാണു
ശാശ്വതസത്യമെന്നറിയുക.
നിന്നെത്തിരയുവാൻ
ഓടിനടക്കാതെ
നീയാരെന്നറിയാൻ
ചോദ്യങ്ങൾ ചോദിച്ച്
പരിഹാസമേൽക്കാതെ
സ്വത്വം തിരിച്ചറിയുക
ഇനിയെങ്കിലും.
✍🏻

