സ്വന്തമായൊരു ഗർഭപാത്രമുണ്ടെന്നറിയുന്നതിനും മുന്നേ അമ്മയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ!!
ഇത് വായിക്കുന്ന കല്യാണം കഴിഞ്ഞ മനുഷ്യർ ജീവിതത്തിലെത്ര വട്ടം നിങ്ങളുടെ അവിവാഹിത ജീവിതത്തിലെ സ്വാതന്ത്ര്യത്തെ ഓർത്തു നെടുവീർപ്പിട്ടിട്ടുണ്ടെന്ന് ഭർത്താവറിയാതെ ഓർത്തു നോക്കുക…
കല്യാണത്തിന് ശേഷം നവവധുക്കൾ വരന്മാരുടെ വീട്ടിൽ “സ്വന്തം വീടെന്ന് കരുതി ജീവിക്കണേ മോളെ ” എന്ന കള്ളം വിശ്വസിച്ചു ജീവിച്ചു തീർക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പഴും മനസ്സിലാകുന്നില്ല..
എനിക്കാണെങ്കിൽ വല്യമ്മാവന്റെ വീട്ടിൽ പോലും രണ്ട് ദിവസത്തിൽ കൂടുതൽ തങ്ങാൻ താല്പര്യമില്ല..

അയ്യാൾക്ക് സദാനേരവും വാർത്തയും കണ്ടിരിക്കണം..
എനിക്കാണെങ്കിൽ സോഫയിൽ മലർന്ന് കിടന്ന് കാലുകളകത്തി വെച്ച് മിച്ചറും തിന്നോണ്ട് ക്രിക്കറ്റ്‌ കാണാനാണിഷ്ടം..
ഇതിന്റെ പേരിൽ മുറപ്പെണ്ണിനോട്‌ പോലും മര്യാദയ്ക്കൊന്ന് മിണ്ടാൻ പറ്റീട്ടില്ല..
അങ്ങനെയുള്ളപ്പോഴാണ്
ജീവിത കാലം മുഴുവൻ ഒരാൾ മറ്റൊരു വീട്ടിലിങ്ങനെ സൗമ്യയായി ദിവ്യയായി അമലയായി.. അഥവാ ഇതെല്ലാം അഭിനയിച്ച് ജീവിച്ചു പോകുന്നത്..
ശരദ ഓപ്പോളെന്നോട് ക്ഷമിക്കണം..🫂
പണ്ട് നിങ്ങൾ വീട് മാറി ഒറ്റയ്ക്ക് നിക്കാമ്ന്ന് ഭർത്താവിനോട്‌ വാശി പിടിച്ചപ്പോ കാര്യമറിയാതെ ഞാനും ഓരോന്ന് ചിന്തിച്ച് കൂട്ടിയിട്ടുണ്ട്..
നിങ്ങളാ അടുക്കളയിൽ കിടന്ന് പുക തിന്നുമ്പോ പുകയില്ലാത്ത അടുപ്പിനെ പറ്റി പോലും ചിന്തിക്കാനുള്ള പക്വത യില്ലാതെ പോയി..🫠
ബന്ധുരകാഞ്ചനകൂട്ടിലെ എന്റെ വെളുത്ത പക്ഷിക്കളേ..🕊️

നമ്മുടെ നാട്ടിലിപ്പോഴും കല്യാണമെന്ന് പറയുന്നത്
വീട്ടിലെ അന്തോപാപ്പനും നാണിതള്ളയ്ക്കും കണ്ണടയ്ക്കും മുൻപ് ഒരു കുഞ്ഞിക്കാല് കാണാനുള്ള ആശ തീർക്കുന്ന പരിപാടിയാണ്..
കുഞ്ഞിക്കാലും കണ്ട് അവര് മെല്ലെ കുഴിയിലേക്ക് കാലെടുത്തു വെക്കും..
നമ്മളിങ്ങനെ മോളിലോട്ട് നോക്കി ഇരിക്കും..
ന്ന് വച്ച് കല്യാണം കഴിക്കാണ്ടിരിക്കാൻ പറ്റുവോ ലെ..
സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന വെള്ളിപ്പണം കൊണ്ടല്ലാതെ ജീവിക്കാൻ വകയില്ലാത്തവരാണ് നമുക്ക് ചുറ്റും..
ആരാണ് മുപ്പത് കഴിഞ്ഞാൽ ഞങ്ങൾക്ക് പെണ്ണില്ലെന്ന് പറയുന്നത്..
ആരാണീ തരുണീ മണികളെയെല്ലാം ഇരുപത്തി മൂന്നിനുള്ളിൽ കല്യാണം കഴിപ്പിക്കുന്നത്!

ആളുകൾക്കു സ്വാതന്ത്ര്യം വേണം… ആണിനും പെണ്ണിനും..
ഇന്ന വയസ്സിനുള്ളിൽ ഇന്നത് നടക്കണം എന്നത് കണിയാൻ തീരുമാനിക്കുന്ന പരിപാടി നിർത്തണം..
എല്ലാ മനുഷ്യരും ഒരുപോലെയല്ല..
പറക്കാൻ ചിറകും തലയ്ക്കു മുകളിൽ ആകാശവുമുള്ള പക്ഷികളെ
മുള്ളുമുരിക്കിൽ ചിറകുകൾ കൂട്ടി കെട്ടിയിരിക്കുന്നു!!
ഇത് വരെ വിമാനത്തിൽ കയറിയിട്ടില്ലെങ്കിലും ആകാശം നിറയെ സ്വപ്‌നങ്ങളുള്ള മനുഷ്യർ.. വീട്ടുകാര് കൊണ്ട് പോയി കല്യാണം കഴിപ്പിച്ച് ഈ ആകാശത്തിലെല്ലാം കാർമേഘം നിറയ്ക്കുന്നതിവരാണ്..
ഇവരുടെ കണ്ണുനീരാണ് തുലാമാസത്തിലെ മഴ!!
നമ്മുടെ നാട്ടിലെ ആളുകൾക്ക്…

ആളുകളെന്ന് പറയുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും ചേർന്ന ആളുകൾക്ക് കല്യാണത്തോട് വിരക്തി തോന്നി തുടങ്ങിയിരിക്കുന്നു..
കൂട്ടിനു സ്നേഹമുള്ള ആളുകൾ ഉള്ളത് നല്ലത് തന്നെയാണ്..
പക്ഷെ പ്രേമവും കല്യാണവും രണ്ടാണെന്ന് തിരിച്ചറിയണം..
പ്രേമിക്കുമ്പോഴില്ലാത്ത ജാതിയും ചൊവ്വായിലെ ഭൂതവും വീടിന്റെ പഞ്ചാഗവുമെല്ലാം കല്യാണത്തിന്റെ നേരത്ത് പെട്ടെന്ന് തല പൊക്കും..
സ്നേഹത്തിലായിരിക്കുമ്പോൾ സ്നേഹത്തെ പറ്റി മാത്രം ആലോചിക്കാം..
പരസ്പരം സ്നേഹിക്കുന്നതിനേക്കാൾ പരസ്പരം മനസ്സിലാക്കുന്ന രണ്ട് പേര് കല്യാണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്!
പണ്ടെപ്പഴോ പറഞ്ഞ പോലെ സ്നേഹത്തിനു പരിമിതികളും കാലാവധിയുമുണ്ട്..

By ivayana

Leave a Reply

Your email address will not be published. Required fields are marked *