രചന : അഹ്മദ് മുഈനുദ്ദീൻ ✍
ഇത്രയും കഥകൾ
കോരിത്തരുന്നൊരാളെ
കിണറെന്ന് വിളിക്കുമോ
ഓർമ്മകളെ ക്രമത്തിൽ
അടുക്കിവെച്ചതിനെ
പത്തായപ്പുരയെന്ന് വിളിക്കാമോ
എങ്ങനെ വിളിച്ചാലും തെറ്റില്ല
ഞാൻ ബദറുവെന്ന് വിളിക്കും
ചെല്ലുന്നിടത്തെല്ലാം
പറിച്ചെടുക്കാനാകാത്ത വിധം
സൗഹൃദ വേരുറപ്പിക്കും.
ഞാനെഴുതിയ കഥകളിലധികവും
അവൻ കണ്ട കാഴ്ചകളാണ്.
ബോംബെ കഥകൾ
ദുബൈ കഥകൾ
കഥകളിൽ കേറി നിൽക്കണമെന്ന
താല്പര്യമില്ല
ഒരു നിവൃത്തിയുമില്ലാത്തത്കൊണ്ട്
ഞാൻ
പിടിച്ചുനിർത്തിയിട്ടുണ്ടെന്നല്ലാതെ.
ഇതെല്ലാം അവന്
എഴുതാവുന്നതേയുള്ളൂ
അതെൻ്റെ പണിയല്ലന്ന്
ചിരിച്ചൊഴിയും.
ബദറുവിൻ്റെ മുന്നിൽ
ഞാൻ പാട്ടുകാരനല്ല
എഴുത്തുകാരനല്ല
നല്ല കേൾവിക്കാരൻ മാത്രം.
ബദറു,
അകംപുറം പൊള്ളിപ്പോയ ഒരാൾ
എല്ലാ സങ്കടങ്ങളേയും
വേദനകളേയും
മൗനം കൊണ്ട്
പുഞ്ചിരികൊണ്ട്
തുടച്ചെടുക്കുന്നൊരാൾ
എനിക്ക്കൂടി വേണ്ടി
യാത്ര ചെയ്യുന്നൊരാൾ.
കവിതകൾക്കിടയിൽ
കഥ മറന്നുപോകരുതെന്ന്
ഇടക്ക് ഓർമ്മപ്പെടുത്തും
ഇടവേളകളുടെ ദൈർഘ്യം
കുറിച്ചുതരും
എൻ്റെ സന്തോഷങ്ങളെ
അംഗീകാരങ്ങളെ
അത്രയും വലുപ്പത്തിൽ
നെഞ്ചിലേറ്റുന്നൊരാൾ.
ഏറെ പ്രിയപ്പെട്ടവൻ.
ബദറു ഇനിയും കഥ പറയും
ഞാനിനിയും കഥയെഴുതും.
