രചന : സിന്ധു എം ജി ✍️
അച്ഛന്റെ അവസാന ശ്വാസഗതിയെ നിസ്സഹായതയോടെ നോക്കി നിന്ന ആ വെളുപ്പാൻ കാലം
സർക്കാർ ആശുപത്രിയുടെ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നാലാം നിലയിലെ പുരുഷ വാർഡിൽ വടക്കേ മൂലയ്ക്ക് കിടക്കയുടെ തൊട്ടു താഴെ ഒരു പുൽപ്പായ വിരിച്ച് അച്ഛനെ കിടത്തുമ്പോൾ , ആകെയുള്ള ഒരു പ്രതീക്ഷ അടുത്ത ബെഡിലെ രോഗി രാവിലെ ഡിസ്ചാർജ് ആയി പോകുമ്പോൾ അച്ഛനു ആ ബെഡ് കിട്ടും എന്നായിരുന്നു.
അതിനോടടുത്ത് ഭിത്തി ചേർത്തിട്ടിരുന്ന സ്റ്റൂളിൽ അച്ഛനിൽ നിർജീവമായ കണ്ണുകൾ ഉറപ്പിച്ച് അമ്മ ഇരുന്നു
കേൾവിക്കുറവും കാലിനു വേദനയുമൊക്കെ അമ്മയെ വല്ലാതെ അലട്ടിയ സമയവും
അവസാനത്തെ രക്ത പരിശോധനാ ഫലം രാത്രി വൈകിയാണ് കിട്ടിയത്
ആകാംക്ഷഭരിതമായ നിമിഷങ്ങളെ നെഞ്ചിലടക്കി ഡോക്ടറുടെ അടുത്തേക്ക് നടക്കുമ്പോൾ അച്ഛനും ഞാനും ഒറ്റക്കിരിക്കുന്ന നേരങ്ങളിൽ എപ്പോഴൊക്കെയോ പറഞ്ഞു കൊതിപ്പിച്ച ഒരു വാക്ക് തികട്ടി
‘ അച്ഛനൊന്നു എണീറ്റ് വരട്ടെ എന്റെ മോളുടെ കൈ പിടിച്ച് ഉത്തരവാദിത്തമുള്ള ഒരുത്തനെ ഏൽപ്പിച്ചിട്ടേ ഞാൻ ഈ ലോകത്തുനിന്ന് പോകു..’
ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ഒരുവളിൽ ഒരു കുഞ്ഞു മിന്നാമിനുങ്ങു വെട്ടം വീണ്ടും കത്തിച്ച ആ അച്ഛനാണ്
മൂന്നുദിവസമായി ഒരേ കിടപ്പിൽ ആ തണുത്ത തറയിൽ കിടക്കുന്നത്
‘ അച്ഛന്റെ കരളിന്റെ ഭാഗത്ത് വെള്ളം മാത്രേ കാണുന്നുള്ളൂ ഇനി ചികിത്സകൾ ഒന്നുമില്ല ബന്ധപ്പെട്ടവരെയൊക്കെ വിളിച്ചു കാണിച്ചോളൂന്നു..’
നമുക്ക് ചുറ്റും കത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രകാശം പെട്ടെന്ന് അണഞ്ഞതുപോലാണ്
ഡോക്ടറുടെ വാക്കുകൾ അനുഭവപ്പെട്ടത്
ഒരു സങ്കടക്കടൽ നിറഞ്ഞു തുളുമ്പാൻ വെമ്പിയ കൺപോള അടച്ചു തുറന്നു
കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന് എന്റെ അച്ഛന്റെ വിയർപ്പിലെ ഉപ്പ് രസമായിരുന്നു
അരണ്ട വെളിച്ചമുള്ള ആശുപത്രിയുടെ കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ വാർഡിലേക്ക് നടക്കുമ്പോൾ നടന്നിട്ടും നടന്നിട്ടും തീരാത്ത ആ ഇരുണ്ട പാതയിൽ… തട്ടിത്തടഞ്ഞു വിഴാൻ തുടങ്ങി
അച്ചാച്ചാ … എന്നാലറി വിളിച്ച എന്റെ ശബ്ദത്തെ ആഴമേറിയ ഒരു പാറക്കെട്ടിലേക്ക് ആരോ എടുത്തെറിഞ്ഞു !
ഒരു രാത്രി പുലരും മുൻപ്
അച്ഛന്റെ കൈയ്യ്പിടിയിൽ നിന്ന് വിട്ടു ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കയൊരു
അനാഥ കുട്ടി ആയി ഞാൻ ‘
പിന്നെയും ഏറെ നേരം എടുത്തു താനൊരു വിധവയായെന്ന്
അമ്മ മനസ്സിലാക്കാൻ
അച്ഛന്റെ ദേഹത്തേക്കാൾ തണുത്തിരുന്നു അമ്മയും
ഉപേക്ഷിച്ചു പോകുന്നതും , മരിച്ചുപോകുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ അമ്മയെ ദേഹത്തോട് ചേർത്തപ്പോൾ എന്റെ അതേ മുഖമുള്ള ഒരു വിധവ എന്നെ നോക്കി കരഞ്ഞു…
