രചന : സി മുരളീധരൻ ✍️
തിരിയുന്ന ചക്രത്തിൽ കത്തിമുനതന്നിൽ
തിരയിൽ, കുരുക്കിൽ, വിഷത്തുള്ളിയിൽ,
എരിയുന്ന തീയിലും
ഹാ! തിരയുന്നുവോ തിരശ്ശീല –
നാടകം മതിയെന്നാണോ?
പേടിയെന്നോകണ്ണുനീരിനെ നാളത്തെ
നാട്ടുവെളിച്ചത്തെ? അമ്പിളിതൻ
വെട്ടത്തെ,വെട്ടിപ്പിടിക്കുവാനാകാത്ത
നേട്ടങ്ങളെ, പൊൻ പുലരികളെ?
പേടിയെന്നോ മുന്നിൽ നീളുന്ന ശൂന്യമാം
പാടങ്ങളെ, പടി തേടി യെത്തും
കോടതിക്കൂട്ടരെ, നാട്ടു പ്രമാണിയെ?
വീടിനെ, വീട്ടിലെ ദൈന്യതയെ?
പേടിയെന്നോ കത്തിവേഷങ്ങളെ മാടി
മാടിവിളിക്കും പ്രലോഭനത്തെ?
കൂടും പരധന സംഹാര ഭാവത്തെ?
കൂടെവരാത്ത നിയമങ്ങളെ?
സ്നേഹ – ദുഃഖങ്ങളെ പേടിയോ,
ജീവിത മോഹത്തെ, മോഹഭംഗങ്ങളെയും?
സംഹാരഭാവം തുടിക്കുന്നമന്നിനെ?
ദേഹത്തെ, ദേഹിയെ, വേർപാടിനെ?
നിൽക്കൂ, യവനിക താഴ്ത്തുന്നതിന്നു മുൻപു-
ണ്ടുത്കണ്ഠയേ കുമനേകരംഗം
നിൽക്കാത്തസ്രോതസ്സാണെക്കാലവും മർത്യ
കൽപ്പന, കർമ്മ വിപര്യയവും
പോകുംവരെ കണ്ടുകൊണ്ടിരി ക്കാമതി
ലാകും വിധമൊരു ഭാഗമാകാം
വേഗംകഴിയുന്നു നാടകം ഭാവങ്ങൾ
വേഗത്തിൽ മാറിമറികയല്ലോ
ഹോമകുണ്ടം പോലെ രിയുന്നുവെങ്കിലും
യാമങ്ങൾതോറും പുതുനാമ്പുകൾ
ആമന്ദമായങ്ങു യിർക്കും പ്രതീക്ഷതൻ
ഹേമന്തം, ജീവിതമീനാടകം!
വേഷങ്ങൾ, ഭാവങ്ങ ളേറെയേറെ നഷ്ട
വേഷങ്ങളോർത്തെഴും ദുഃഖമേറെ
ശോകാന്തമാകാം ശുഭാന്തമാകാം ധർമ്മ
രക്ഷയോകർമ്മ ക്ഷിതിയുമാകാം
തീരുംവിധത്തിൽ തനിയെ സമാപ്തമായി
ത്തീരണമെങ്കിലെ പൂർണമാകൂ
ആരുചൊന്നാലെന്ത്? പോകുന്നതെന്തിന്?
ഭീരുവായി രംഗം കഴിയും മുൻപേ?
സ്വന്തമെന്നെണ്ണും പ്രിയരെക്കുറിച്ചേഴും
സ്വപ്നങ്ങൾ ഏകിയ
ഭീതിയാണോ?
തപ്തനിശ്വാസമല്ലാത്മബലംനേടി
കൃത്യങ്ങൾ ചെയ് വ തേ ജന്മ ലക്ഷ്യം!
പെറ്റവളോടോ പ്രതികാരമേറെന്നാൾ
പോറ്റിയസ്നേഹ നിധികളോടോ
മാറ്റിയെടുക്കുവാനാകാത്തസത്യത്തെ
കുറ്റമറിഞ്ഞുകൈ കൊൾകനല്ലു!
നഷ്ടമായി തീരും സ്വയം എങ്കിലാരിനി
സ്പഷ്ടം പ്രിയരേ പരി രക്ഷിക്കും?
നഷ്ടമായിത്തീർന്നവയൊർത്തു ദുഃഖിക്കുവാൻ
ശിഷ്ടമുണ്ടാകേണ്ടേ ജീവിതവും?
ആരെഭയക്കുവാൻ ഈ പ്രപഞ്ചത്തിൻ്റെ
നേരുനമുക്കെന്നും കൂട്ടിനെങ്കിൽ
ആരാഞ്ഞിടുന്ന വഴികളിലൊന്നിലു
ണ്ടാരമ്യജൈത്ര സോപാനമെന്നും
ജ്ഞാനമാർജ്ജിക്കാം ഈ വേദിയിലാനന്ദ
സാന്ദ്രമാക്കാം ഭാഗം പൂർണമാക്കാം
ധന്യമാകാവൂ മഹാനാടകം സത്യ
ജന്യ ചൈതന്യം തൻ കൃത്യമെങ്കിൽ
കർമ്മഫലത്തിൽ കരഗതമാം ഭാഗം
ധർമ്മാനുസാരം അനുഷ്ടിക്കവെ
ജന്മസാഫല്യം അടഞ്ഞു ഗമിക്കുന്നോ
രുൺമയല്ലേ അമരത്വ ഭാവം?
നാളെ പ്രഭാതമുണരു മ്പോൾ ജീവിത
നാളം പുതിയ പ്രകാശമാകാം
താളമോരോന്നിലും ഹൃദ്യമാകാം പുതു
മേളമായി ജന്മം സഫലമാകാം
ഇല്ല മറ്റാർക്കുമേ തീവ്ര വിഷാദമെ
ന്നല്ലയോ ഹൃത്തിൽ നിനച്ചിരിപ്പൂ
ഫുല്ലസ്മിതം തൂകി കാണും അവരിലും
അല്ലലുണ്ടേറെയെന്നാരറിവു?
ലാഭനഷ്ടങ്ങൾ സുഖദുഃഖമോഹങ്ങൾ
ലോഭമദമത്സരാന്തോളങ്ങൾ
ലോപമാകാം നിമിഷാർദ്ധത്തിൽ ജീവിത
ദീപം കെടുവോളം കർമ്മദീപ്തം
പോകട്ടെ പോകുന്നതെല്ലാം തടുക്കുവാ
നാകാത്തതെത്ര പ്രിയമാകിലും
ലോകം വിശാലം വികസ്വര കർമ്മത്താൽ
ആകട്ടെ വീണ്ടും വിജയ രംഗം
മൗന മുടയ്ക്കുക, മാനാപമാനങ്ങൾ
താനേ മയങ്ങുന്ന കല്ലോലങ്ങൾ
ഗാനമുണരാവൂ നാളെ അനുഭവ
ജ്ഞാനമാനന്ദ ലഹരിയാകാം!
🙏🏻

